പാലക്കാട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ച് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
തൊട്ടടുത്ത് കേരളമാണ്, സുരക്ഷിതമാകാന്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യൂവെന്ന അമിത് ഷായുടെ പ്രസ്താവനയില്‍, ബി.ജെ.പിക്ക് കേരളത്തില്‍ ഒന്നുമില്ലല്ലോ പൂജ്യം സീറ്റല്ലേയുള്ളു എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
‘കൂടുതല്‍ പറയാനിവിടെ ‘ഒന്നും’ ഇല്ലല്ലോ …. പൂജ്യമല്ലേ.. അമിത് ഷാ,’ എന്നാണ് വിഷയത്തില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ച് ഷാഫി പറമ്പില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷാക്ക് മറുപടി നല്‍കിയിരുന്നു. ഇതോടെ കേരളം കുഴപ്പമാണെന്നുള്ള അമിത് ഷായുടെ നരേഷനില്‍ കേരളത്തിലെ ഭരണ- പ്രതിപക്ഷത്തില്‍ നിന്ന് ഒറ്റക്കെട്ടായ അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്.
വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത, ക്രമസമാധാനനില ഭദ്രമായ കേരളത്തെ മാതൃകയാക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രി പറയേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
‘കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷാ കണ്ടത്? നിങ്ങളുടെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കേരളത്തെയും മാറ്റിക്കളയാമെന്നാണോ? വെറുതെ ഉണ്ടായതല്ലിത്…വര്‍ഗീയതക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്,’ പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, കര്‍ണാടകയിലെ പുത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരേയും ജനങ്ങളേയും അഭിസംബോധന ചെയത് സംസാരിക്കവേയാണ് കേരളത്തെ അധിക്ഷേപിച്ച് അമിത് ഷാ സംസാരിച്ചത്.
‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. മോദിയുടെ നേതൃത്വത്തില്‍, ഒരു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂ,’ അമിത് ഷാ പറഞ്ഞു.
Content Highlight: Shafi Parampil reacts to Amit Shah’s insulting remarks about Kerala