പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കും; പാലക്കാടിനോട് വൈകാരിക ബന്ധമെന്ന് ഷാഫി പറമ്പില്‍
India
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കും; പാലക്കാടിനോട് വൈകാരിക ബന്ധമെന്ന് ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th March 2024, 10:03 pm

പാലക്കാട്: പാര്‍ട്ടി നേതൃത്വം എല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കാനാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്ന് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് ഷാഫിയുടെ പ്രതികരണം.

പാലക്കാട്ടെ ജനങ്ങള്‍ നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിയതാണെന്നും ഷാഫി പറഞ്ഞു.

‘മതേതര രാഷ്ട്രീയത്തിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിക്കാനാണ് വടകരയില്‍ കോണ്‍ഗ്രസ് നേതൃത്വം എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അത് എനിക്കും പാലക്കാട്ടെ ജനങ്ങള്‍ക്കും മനസ്സിലാകും’, ഷാഫി പറഞ്ഞു.

നേതൃത്വം ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കുമെന്നും വടകരയിലെ ജനങ്ങള്‍ തനിക്ക് പിന്തുണ അറിയിച്ച് കഴിഞ്ഞതാണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പാലക്കാടുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണ്. എങ്കിലും പാര്‍ട്ടിയുടെ തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകരയിലെ നിലവിലെ സിറ്റിങ് എം.പി കെ. മുരളീധരനെ തൃശൂരിൽ മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് വടകരയില്‍ ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിനുള്ള രാഷ്ട്രീയ മറുപടിയായാണ് മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

അതിനിടെ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ചു. 139 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടതാണ് ആദ്യഘട്ട പട്ടിക. കേരളത്തിലെ കോണ്‍ഗ്രസിന്റെ 16 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.

Content Highlight: shafi parampil on lok sabha candidature in vadakara