തിരുവനന്തപുരം: സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ കാര്യത്തില്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേര്‍പതിപ്പാണ് കേരളത്തിലെ ഇടതു സര്‍ക്കാരെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. തന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശിദീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വരുന്ന ദിവസം പുലര്‍ച്ചെ നാലിന് യൂത്ത് കോണ്‍ഗ്രസുകാരുടെ വീട്ടില്‍ പോയി പൊലീസ് ബെല്ലടിച്ചിട്ടുണ്ടെന്നും ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘സമരം എന്തിനാണെന്ന് പോലും മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ല. എം.എല്‍.എമാരും സഭയില്‍ ഇതിനെയൊക്കെ ന്യായീകരിക്കുകയാണ്. ന്യായീകരണത്തിന് സെസ് ഏര്‍പ്പെടുത്തിയാലെ ഇവര്‍ക്കൊക്കെ കാര്യം മനസിലാവുകയുള്ളു. ബജറ്റിന് ശേഷം ഏഴ് ജില്ലകളിലാണ് മുഖ്യമന്ത്രി പോയത്. അവിടെയൊക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ഇട്ടിട്ടുണ്ട്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന്‍ മാര്‍ച്ചുമായി പോയിട്ടില്ല. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം എനിക്ക് അവിടെ പോകേണ്ട സാഹചര്യം വരികയായിരുന്നു,’ ഷാഫി പറമ്പില്‍.
പിണറായി വിജയന്റെ അടിമകളെ പോലെ പൊലീസ് പ്രതികരിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ കിട്ടില്ലെന്നും ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ മുഖ്യമന്ത്രി സഭയില്‍ തള്ളിപ്പറഞ്ഞിരുന്നു. സമരം ആസൂത്രികതമാണെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായുമാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നത്.
‘കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധം,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Shafi Parampil MLA said that the Left government in Kerala is the direct copy of the Narendra Modi government at the Center in terms of suppressing protests