ഇനിയും തല്ലുമെന്ന് പൊലീസുകാരന്‍, ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ വരാന്‍ ഞാന്‍ പറഞ്ഞു: ഷാഫി പറമ്പില്‍
Kerala News
ഇനിയും തല്ലുമെന്ന് പൊലീസുകാരന്‍, ആര്‍ക്കെങ്കിലും തല്ലണമെങ്കില്‍ വരാന്‍ ഞാന്‍ പറഞ്ഞു: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2023, 7:45 pm

കൊച്ചി: കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെയുണ്ടായ ലാത്തി ചാര്‍ജിന് ശേഷം തന്നെയും പ്രവര്‍ത്തകരെയും പൊലീസ് കയ്യേറ്റം ചെയ്തതായി ഷാഫി പറമ്പില്‍ എം.എല്‍.എ. നികുതി ഭീകരതക്കെതിരായ സമരങ്ങളെ പൊലീസ് അതിക്രമത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നതെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണെന്നും അവര്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യും തലയും തല്ലി തകര്‍ക്കാമെന്ന് മുഖ്യമന്ത്രിയും പൊലീസും വിചാരിക്കേണ്ടതില്ല. എന്റെ നെഞ്ചത്ത് കൈവെച്ച് പൊലീസ് തള്ളാന്‍ ശ്രമിച്ചു. കൈമുട്ട് വെച്ച് കുത്താന്‍ ശ്രമിച്ചു. ലാത്തിയുടെ ഒരു കഷ്ണം ഞങ്ങളുടെ കയ്യിലുണ്ട്. തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിപ്പോയതാണത്.

വേറൊരുത്തന്‍ കയ്യ് രണ്ടും പിടിച്ചുവലിച്ച്, ഇനിയും വലിക്കും, തല്ലുമെന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ തിരിഞ്ഞിരുന്ന് പറയേണ്ടിവന്നു തല്ലേണ്ട ആരങ്കിലുമുണ്ടെങ്കില്‍ വരാന്‍.

ഒരുതരം ധിക്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിയെ പോലെ പൊലീസും വെച്ച് പുലര്‍ത്തുമെന്ന് കരുതേണ്ട. ഞങ്ങള്‍ വെറുതെയിരിക്കില്ല. ജനകീയ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും.

ഇപ്പോള്‍ പൊലീസ് ആക്രമണം അഴിച്ചുവിടുന്നത് നികുതി ഭീകരത എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാണ്. എന്നാല്‍ എന്തൊക്കെ കാണിച്ചാലും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാകില്ല,’ ഷാഫി പറമ്പില്‍ പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന നികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് കളമശ്ശേരിയില്‍ മാര്‍ച്ച് നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പിലായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ഷാഫി മടങ്ങിയ ശേഷമാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായത്.