പാലക്കാട്: കോപ്പ അമേരിക്ക സ്വപ്ന ഫൈനലില്‍ അര്‍ജന്റീനക്കൊപ്പമാണെന്നും അര്‍ജന്റീന കപ്പടിക്കാനാണ് ആഗ്രഹമെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ. തോല്‍വിയിലും ജയത്തിലും അര്‍ജന്റീനക്കൊപ്പമാണെന്നും വിജയിക്കുമെന്ന പ്രതീക്ഷയേക്കാള്‍ കൂടുതല്‍ ആഗ്രഹമാണെന്നും ഷാഫി പറഞ്ഞു. മീഡിയാ വണ്‍ ചാനലിനോടായിരുന്നു ഷാഫി പറമ്പിലിന്റ പ്രതികരണം.
‘ഏറെ കാലമായി അര്‍ജന്റീന ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കപ്പടിക്കുന്നത് കാണാന്‍ അതിയായി ആഗ്രഹമുണ്ട്. ശക്തനായ ഒരു അര്‍ജന്റീനിയന്‍ ആരാധകനാണ് ഞാന്‍. മറഡോണയുടെ നാടായ മെസ്സിയുടെ ടീമായ അര്‍ജന്റീന വിജയിക്കുന്നതിന് കാത്തിരിക്കുകയാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.
ലോകകപ്പ് അര്‍ജന്റീന ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കുറേക്കാലമായി തോല്‍വിയിലും ജയത്തിലും അര്‍ജന്റീനക്കൊപ്പമായിരുന്നു. ഇപ്രാവശ്യമെങ്കിലും അര്‍ജന്റീന ജയിക്കാന്‍ കാത്തിരിക്കുകയാണെന്നും ഷാഫി പറഞ്ഞു. ബ്രസീല്‍ വിരോധം തനിക്കില്ലെന്നും എന്നാല്‍ അര്‍ജന്റീനയോട് വലിയ ഇഷ്ടമുള്ള ഒരാളാണെന്നും ഷാഫി പറഞ്ഞു.
ഒരു ടീം എന്ന നിലയില്‍ ബ്രസീല്‍ മികച്ച ടീമാണ്. അര്‍ജന്റീന മെസ്സിയെയും ഗോള്‍ കീപ്പര്‍ മാര്‍ട്ടിനസിനേയും ആശ്രയിച്ചാണ് ഫൈനലിലെത്തിയത്. ഒറ്റയാള്‍ പ്രകടനമാണെങ്കിലും അര്‍ജന്റീന വിജയിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ബ്രസീല്‍ കലാശപ്പോരാട്ടം. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കോപ്പയില്‍ ബ്രസീല്‍ അര്‍ജന്റീന സ്വപ്ന ഫൈനല്‍ നടക്കുന്നത്. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.
ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്നും വിജയം ബ്രസിലിനൊപ്പമായിരുന്നു. എന്നാല്‍ തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താനാണ് മെസ്സി ഇറങ്ങുന്നത്. ഞായറാഴ്ച രാവിലെ 5.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലെത്തിയത്. നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ലൂകാസ് പാക്വേറ്റയാണ് ലക്ഷ്യം കണ്ടത്.
സെമിയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റിയില്‍ പിറന്ന ഗോളുകളാണ് അര്‍ജന്റീനക്ക് വിജയമൊരുക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Shafi Parampil, MLA, said he with Argentina in the Copa America dream final against Brazil