അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഇയിടെയായി ഇച്ചിരി കൂടുന്നുണ്ട്: ഷാഫി പറമ്പില്‍
Kerala News
അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഇയിടെയായി ഇച്ചിരി കൂടുന്നുണ്ട്: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th April 2022, 3:30 pm

പാലക്കാട്: ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് തിരിക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.

അപ്പോ നമ്മളല്ലേ(കേരളം) ഒന്നാമതെന്ന് ചോദിച്ച ഷാഫി പറമ്പില്‍, അല്ലേലും ഗുജറാത്തില്‍ നിന്നുള്ള പഠനം ഇയിടെയായി ഇച്ചിരി കൂടുന്നുണ്ടെന്നും പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫിയുടെ പ്രതികരണം.

ഗുജറാത്ത് ഒരിക്കലും കേരളത്തിന് പഠിക്കാന്‍ മാതൃകയല്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഗുജറാത്തിലുള്ളവര്‍ ഇങ്ങോട്ട് വന്ന് പഠിക്കുകയാണ് വേണ്ടത്. കേരളം അങ്ങോട്ട് പഠിക്കാന്‍ പോകുന്നത് ഗതികേടാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഇ ഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പില്‍ തത്മസയം ഇതുവഴി വിലയിരുത്താം.

ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാം. ഇതു വഴി ആരോഗ്യകരമായ മത്സരം സിവില്‍ സര്‍വീസ് രംഗത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.

കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍ എസും ഗുജറാത്തിലേക്ക് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.