പാലക്കാട്: സി.പി.ഐ നേതാവ് ആനി രാജക്കെതിരായി എം.എം. മണിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വം എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
‘പിണറായി സി.പി.ഐയില്‍ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എം.എം. മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സി.പി.ഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്.
കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യുണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സി.പി.ഐ അണികള്‍ ദുഃഖിക്കുന്നുണ്ടാവും,’ ഷാഫി പറമ്പില്‍ എഴുതി.
ഷാഫിയുടെ പോസ്റ്റിന് കമന്റുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരയും രംഗത്തെത്തി. ‘പിണറായിയുടെ കണിയാണ് കാനം’ എന്നായിരുന്നു അനില്‍ അക്കരയുടെ കമന്റ്.
വടകര എം.എല്‍.എ കെ.കെ.രമക്കെതിരായ എം.എം. മണിയുടെ പരാമര്‍ശം തെറ്റാണെന്ന നിലപാടെടുത്തതിന് പിന്നാലെയായിരുന്നു ആനി രാജയെ അവഹേളിച്ച് എം.എം. മണി രംഗത്തെത്തിയത്.
‘ആനി രാജ ദല്‍ഹിയിലാണല്ലോ ഉണ്ടാക്കു’ന്നതെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.
എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സി.പി.ഐ.എം അലോചിക്കണമെന്നായിരുന്നു വിഷയത്തില്‍ ആനി രാജയുടെ പ്രതികരണം.
Content Highlights: Shafi Parampil MLA questioned why the CPI leadership is not responding to MM Mani’s remarks Against Annie Raja