107, രോഹിത് ശര്‍മയുടെ സ്‌കോര്‍ അല്ല; മോദി-ഷാ സര്‍ക്കാരിന് സാധിച്ചതും കോണ്‍ഗ്രസിനെക്കൊണ്ട് സാധിക്കാത്തതുമായ മറ്റൊരു 'നേട്ടം': ഷാഫി പറമ്പില്‍
Kerala News
107, രോഹിത് ശര്‍മയുടെ സ്‌കോര്‍ അല്ല; മോദി-ഷാ സര്‍ക്കാരിന് സാധിച്ചതും കോണ്‍ഗ്രസിനെക്കൊണ്ട് സാധിക്കാത്തതുമായ മറ്റൊരു 'നേട്ടം': ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th October 2022, 6:36 pm

പാലക്കാട്: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

107, എന്നത് രോഹിത് ശര്‍മയുടെ സ്‌കോര്‍ അല്ലെന്നും മോദി-ഷാ സര്‍ക്കാരിന് സാധിച്ചതും കോണ്‍ഗ്രസിനെക്കൊണ്ട് സാധിക്കാത്തതുമായ മറ്റൊരു നേട്ടമാണെന്നും ഷാഫി പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘2022ലെ ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനമാണ്. 107 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ.
ധനകാര്യ മന്ത്രിയുടെ നയമനുസരിച്ചാണേല്‍ ഇന്ത്യ താഴോട്ട് പോകുന്നതല്ല മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിശപ്പില്ലാത്തോണ്ടാണ്.

 

ഷാഫി പറമ്പില്‍

ലോകത്തെ ഏറ്റവും വലിയ ധനാഢ്യന്മാരുടെ പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് മോദിജിയുടെ ഒക്കെചെങ്ങായി എത്തുമ്പോള്‍, പട്ടിണി സൂചികയില്‍ അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള മുഴുവന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. മോദി-ഷാ സര്‍ക്കാരിന് സാധിച്ചതും കോണ്‍ഗ്രസിനെക്കൊണ്ട് 60 വര്‍ഷം ഭരിച്ചിട്ടും സാധിക്കാത്തതുമായ മറ്റൊരു ‘നേട്ടം’. ഡോളര്‍ -രൂപ വിനിമയ നിരക്ക് പോലെ തന്നെ,’ എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.

അതേസമയം, 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്താണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി. 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ല്‍ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍.

ചൈന, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ.