പാലക്കാട്: ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.
നായ കുരക്കുന്നതിനോട് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് ഷാഫി പറഞ്ഞു. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്.എഫ്.ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
‘ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല.
തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്.എഫ്.ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാന്‍ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓര്‍മ വേണം.
രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാന്‍ തയ്യാറായില്ലെങ്കില്‍ ആ പദവിയില്‍ നിന്ന് പുറത്താക്കാന്‍ സാംസ്‌കാരിക മന്ത്രി തയ്യാറുണ്ടോ? ഓ നിങ്ങളും പഴയ
എസ്.എഫ്.ഐ ആണല്ലോ.
അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസന്‍സ് ആണ് പഴയ എസ്.എഫ്.ഐ എന്ന് അടിവരയിടാന്‍ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തള്ളി പറയാന്‍ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍,’ എന്നാണ് ഷാഫി പറമ്പില്‍ എഴുതിയത്.
അതേസമയം, ആള്‍ക്കൂട്ട പ്രതിഷേധം നായകള്‍ കുരയ്ക്കുന്നത് പോലെയാണെന്നും തനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് വരാറുള്ളതെന്നുമാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ച് രഞ്ജിത്ത് പറഞ്ഞത്. ന്യൂസ് 18നോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
‘കോഴിക്കോടാണ് ഞാന്‍ ജീവിക്കുന്നത്. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ഒരു ബാലകൃഷ്ണനുണ്ട്. അദ്ദേഹം നാടന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്. അവ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. എന്റെ വീടാണെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അറിയില്ല. എനിക്ക് അത് കാണുമ്പോള്‍ ചിരിയാണ് തോന്നാറുള്ളത്. അതുപോലെയേ ഞാന്‍ ഈ അപശബ്ദങ്ങളെയും കാണുന്നുള്ളു. നായ ഒരിക്കലും എന്നെ ടാര്‍ഗറ്റ് ചെയ്ത് കുരക്കുന്നതല്ലല്ലോ. വല്ലപ്പോഴുമെത്തുന്ന ഒരാളെന്ന പോലെ അവ എന്നെ കാണുമ്പോള്‍ കുരയ്ക്കുന്നു.
അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കുന്നില്ലല്ലോ. ഒരുനാള്‍ അവക്ക് എന്നെ പരിചയത്തിലാവുകയും അവര്‍ എന്നെ എവിടെ എങ്കിലും വെച്ച് തിരിച്ചറിയുകയും ചെയ്യും. അത്രമാത്രമെ ഇതിലൊക്കെയുള്ളു,’ രഞ്ജിത്ത് പറഞ്ഞു.
അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കുന്നില്ലല്ലോ. ഒരുനാള്‍ അവക്ക് എന്നെ പരിചയത്തിലാവുകയും അവര്‍ എന്നെ എവിടെ എങ്കിലും വെച്ച് തിരിച്ചറിയുകയും ചെയ്യും. അത്രമാത്രമെ ഇതിലൊക്കെയുള്ളു,’ രഞ്ജിത്ത് പറഞ്ഞു.