| Thursday, 10th June 2021, 10:56 pm

പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ ക്ലാസ് എടുക്കുന്നവര്‍ അത് പാലിക്കുകയും വേണം; കെ. സുധാകരനെതിരെ നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ ക്ലാസ് എടുക്കുന്നവര്‍ അത് പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

അനുചിതമായ പ്രസ്ഥാവന പിന്‍വലിച്ച് നികേഷ് കുമാര്‍ ഖേദം രേഖപ്പെടുത്തണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

നികേഷിന്റെ പരാമര്‍ശത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പിയും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്തും രംഗത്തെത്തിയിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നതെന്നും ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടി.വി. ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ലെന്നുമാണ് കൊടിക്കുന്നിലിന്റെ വിമര്‍ശനം.

നികേഷിനോട് മാപ്പ് പറയാന്‍ താന്‍ ആവശ്യപ്പെടുന്നില്ലെന്നും മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഈ പരാമര്‍ശത്തിലൂടെ മലയാളികള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്ന നികേഷിന്റെ പദപ്രയോഗം അദ്ദേഹത്തിന്റെ ഉള്ളിലെ സവര്‍ണ്ണബോധത്തിന്റെ നേര്‍സാക്ഷ്യമാണെന്നാണ് അഭിജിത്തിന്റെ വിമര്‍ശനം.

‘സുധാകരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചപ്പോഴും അദ്ദേഹം നല്‍കിയ മറുപടി നിങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. ഇന്ന് ഇതുപോലെ ജീവനോടിരിക്കാനും, ഇങ്ങനെയൊക്കെ മാധ്യമസ്ഥാപനം നടത്താനും സി.പി.ഐ.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തില്‍ നിന്ന് താങ്കളെയും, താങ്കളുടെ പിതാവിനെയും, കുടുംബത്തെയും സംരക്ഷിക്കാനും മുന്നിട്ട് നിന്ന മനുഷ്യരില്‍ കെ.സുധാകരനെന്ന നേതാവും ഉണ്ടായിരുന്നു,’ അഭിജിത്ത് ഫേസ്ബുക്കിലെഴുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIFGLIIGHTS : Shafi Parampil in the controversial remark made by Nikesh Kumar against K Sudhakaran

We use cookies to give you the best possible experience. Learn more