പാലക്കാട്: ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും സ്വതന്ത്ര്യദിന പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ബി.ജെ.പിക്ക് ആ ഭയം മാറിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
‘1921 നും 1945നും ഇടക്ക് 9 തവണയായി 3259 ദിവസം ബ്രിട്ടീഷ്‌കാര്‍ ജയിലില്‍ അടച്ചിട്ടും ഒരിക്കല്‍ പോലും അവര്‍ക്ക് മാപ്പെഴുതി കൊടുക്കുവാന്‍ തയ്യാറാകാതിരുന്ന നെഹ്റുവിനെ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും,
‘ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അവര്‍ ആവശ്യപ്പെടുന്ന ഏത് നിലയ്ക്കും സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം എന്റെ മാറ്റം അത്രമാത്രം പരിപൂര്‍ണമാണ്. എന്റെ ഭാവിയിലെ പെരുമാറ്റവും അമ്മട്ടിലായിരിക്കും. ധീരര്‍ക്ക് മാത്രമേ ദയാലുക്കളാകാന്‍ കഴിയൂ. അതിനാല്‍ ഭരണകൂടത്തിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേയ്ക്കല്ലാതെ ധൂര്‍ത്തപുത്രന്‍ എങ്ങോട്ടാണ് പോകുക’ എന്നുള്‍പ്പടെ 8 തവണ വെള്ളക്കാര്‍ക്ക് മാപ്പ് എഴുതി കൊടുത്ത സവര്‍ക്കറെ ഉള്‍പ്പെടുത്തിയ ബി.ജെ.പിക്ക് നെഹ്റു മരിച്ചിട്ട് 58 വര്‍ഷമായിട്ടും ആ ഭയം മാറീട്ടില്ല’, എന്നാണ് ഷാഫി പറമ്പില്‍ എഴുതിയത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഹര്‍ ഘര്‍ തിരംഗ കാമ്പെയിനിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തില്‍ നിന്നാണ് ജവഹര്‍ലാല്‍ നെഹ്റുവിനെയും ടിപ്പു സുല്‍ത്താനെയും കര്‍ണാടക സര്‍ക്കാര്‍ പുറത്താക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ടിപ്പു സുല്‍ത്താനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികളല്ലേയെന്ന ചോദ്യമുയര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
നിരവധി പേര്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നെഹ്റുവിന്റെ ചിത്രം എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവുമായാണ് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എത്തിയത്.
വിഭജനകാലത്തെ ഭയാനകമായ ഓര്‍മദിനം ആചരിക്കുന്ന ഓഗസ്റ്റ് 14 ന് നെഹ്റുവിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടിരുന്നു. വിഭജനകാലത്ത് നെഹ്റു മുഹമ്മദലി ജിന്നയുടെയും മുസ്ലിം ലീഗിന്റേയും പാകിസ്ഥാന്‍ എന്ന ആവശ്യത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നായിരുന്നു ബി.ജെ.പി വീഡിയോയിലൂടെ പറയുന്നത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസും രൂക്ഷമായി തന്നെ മറുപടി നല്‍കിയിരുന്നു.
ഇത്തരത്തില്‍ ഒരു ദിവസം ആചരിക്കുന്നതിലൂടെ ചരിത്രസംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.