പാലക്കാട്: ഫ്രാന്‍സ് ടീമിനും ഫുട്ബോളര്‍ കിലിയന്‍ എംബാപ്പെക്കുമെതിരെയുള്ള ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ റേസിസ്റ്റ് പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.
ശ്വസിക്കുന്ന വായുവില്‍ പോലും വംശീയതയും വര്‍ഗീയതയും കുത്തി നിറക്കുന്നവര്‍ക്ക് ഇപ്പോള്‍ പ്രശ്‌നം എംബാപ്പയാണെന്ന് ഷാഫി പറഞ്ഞു. ടി.ജി. മോഹന്‍ദാസിന്റെ വിദ്വേഷ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
‘ഇവര്‍ക്ക് എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍ ?എംബാപ്പയുടെ തൊലിയുടെ നിറം,
ദീപികയുടെ ബിക്കിനിയുടെ നിറം,
ചിലരുടെ വസ്ത്രം,ചിലപ്പോള്‍ ഭക്ഷണം..
ശ്വസിക്കുന്ന വായുവില്‍ പോലും വംശീയതയും വര്‍ഗീയതയും കുത്തി നിറക്കുന്നവര്‍ക്ക് ഇപ്പോള്‍ പ്രശ്‌നം എംബാപ്പയാണ്.
ലോകത്തെ വിസ്മയിപ്പിച്ച പ്രകടനം ഫൈനലില്‍ പുറത്തെടുത്ത എംബാപ്പയിലും സംഘ്പരിവാര്‍ വാട്‌സാപ്പ് യൂണിവേഴ്സിറ്റികളുടെ ‘ചാന്‍സിലര്‍’ കണ്ടതും ‘തൊലിനിറം’ തന്നെ ..സ്വാഭാവികം,’ എന്നാണ് ഷാഫി പറമ്പില്‍ എഴുതിയത്.
അതേസമയം, ഫ്രഞ്ചുകാര്‍ വെളുത്തുതുടുത്ത സായ്പന്മാരാണെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ അവര്‍ തന്നേക്കാള്‍ കറുത്ത പ്രേതങ്ങളാണെന്നുമാണ് ടി.ജി. മോഹന്‍ദാസ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരുന്നത്.
എംബാപ്പെയെ രാത്രി വഴിയില്‍ കണ്ടാല്‍ ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കുമെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ ട്വീറ്റില്‍ പറഞ്ഞിരുന്നു.
‘ഫ്രഞ്ചുകാര്‍ വെളുത്ത് തുടുത്ത സായ്പന്മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ഇതിപ്പോ…
എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍. ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കും. ഹൊ,” എന്നാണ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്.
അതേസമയം കഴിഞ്ഞ ദിവസത്തെ ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയാണ് വിജയിച്ചതെങ്കില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ എംബാപ്പെ ഹാട്രിക് ഗോളുമായി മത്സരത്തില്‍ തിളങ്ങി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിക്കൊണ്ട് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പെയാണ്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം കൂടിയായി എംബാപ്പെ മാറി.
Content Highlight: Shafi Parampil against RSS ideologist T.G Mohandas’ racist remarks