| Monday, 11th September 2023, 1:59 pm

'പിണറായിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം'; പിണറായി വിജയൻ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും ഉമ്മൻ ചാണ്ടിയോട് ആദ്യം പിണറായി വിജയൻ മാപ്പ് പറയണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ.

സോളാർ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയേയും ഇടത് പക്ഷത്തേയും രൂക്ഷമായ ഭാഷയിൽ ഷാഫി പറമ്പിൽ വിമർശിച്ചത്.

സോളാർ ഒരു രാഷ്ട്രീയ ദുരന്തമാണെന്നും ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ ഉൾപ്പെടെ ക്രൂരമായി ഇടതുപക്ഷം വേട്ടയാടിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
‘സോളാർ വിഷയം ഒരു രാഷ്ട്രീയ ദുരന്തമാണ്. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മൻ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. അഞ്ച് കത്തുകൾ ഉണ്ടാക്കി നിയമസഭയിൽ പോലും അദ്ദേഹത്തെ വേട്ടയാടി.

അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം പോലും ഉന്നയിച്ചു. മുഖ്യമന്ത്രി ആദ്യം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. മാപ്പ് പറയാതെ പിണറായി അടക്കമുക്കമുള്ളവർ സംസാരിക്കരുത്. വ്യാജ കത്തുകളിൽ പിണറായിയുടെ പങ്ക് പുറത്ത് കൊണ്ടുവരണം,’ ഷാഫി പറമ്പിൽ സഭയിൽ പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെ പോലെയുള്ളവർ ഹീനമായ ഭാഷയിൽ വ്യക്തിഹത്യ നടത്തിയെന്നും കേരളത്തിൽ സൈബർ ആക്രമണത്തിന്റെ തുടക്കം സോളാറിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉമ്മൻ ചാണ്ടിയുടെ ശത്രുക്കൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാളയത്തിൽ തന്നെയാണ് ഉള്ളതെന്നും കോൺഗ്രസ്‌ ആണ് സോളാർ കേസ് ഉയർത്തിക്കൊണ്ട് വന്നതെന്നും കെ.ടി. ജലീൽ തിരിച്ചടിച്ചു. വ്യക്തിഹത്യയെ എതിർക്കുന്ന പാർട്ടിയാണ് സി.പി.ഐ.എം എന്നും അദ്ദേഹം പറഞ്ഞു.

സോളാർ ഗൂഢാലോചന വിവാദം പുകയുന്ന സാഹചര്യത്തിലാണ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്.

ഉമ്മൻ ചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ കത്തിൽ ഉണ്ടായിരുന്നില്ല എന്നും ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായി പിന്നീട് എഴുതിച്ചേർത്തതാണെന്നും കണ്ടെത്തിയ റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാൽ സി.ബി.ഐയുടെ റിപ്പോർട്ട് സർക്കാരിന്റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളൂ എന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്‌.

Content Highlight: Shafi Parambil slams Pinarayi Vijayan over solar case

We use cookies to give you the best possible experience. Learn more