ഈ 3000ത്തിന് 30,000ത്തിന്റെ വിലയുണ്ടെന്ന് ഞാന്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും: ഷാഫി പറമ്പില്‍
Kerala Election 2021
ഈ 3000ത്തിന് 30,000ത്തിന്റെ വിലയുണ്ടെന്ന് ഞാന്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 4:33 pm

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ.ശ്രീധരനെ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പില്‍. തന്നെ വിജയപ്പിച്ച പാലക്കാട്ടെ ജനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെ നന്ദി പറയുന്നുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫലങ്ങളെല്ലാം മാറിമറിഞ്ഞ്, അവസാനത്തെ ബൂത്ത് കൂടി എണ്ണിക്കഴിഞ്ഞപ്പോള്‍, ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് പാലക്കാട് മണ്ഡലത്തില്‍, ഇതുപോലെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍, 3000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനായി.

ഈ 3000ത്തിന് 30000ത്തിന്റെ വിലയുണ്ടെന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും. പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിലല്ല, പ്രവര്‍ത്തനങ്ങൡലൂടെ കാണിച്ചുകൊടുക്കും. ഞാന്‍ ജയിച്ചതല്ല, പാലക്കാട്ടെ ജനങ്ങള്‍ എന്നെ ജയിപ്പിച്ചതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

3840തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാഫിയുടെ വിജയം. ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമാണ് പാലക്കാട് എണ്ണുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പിന്നീടങ്ങോട്ട് ലീഡ് നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.

ആകെ 180 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. അതേസമയം ഷാഫിക്കും ശ്രീധരനുമെതിരെ സി.പി.ഐ.എം കളത്തിലിറക്കിയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന് മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.

കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്റെ ജനവിധി ഷാഫി പറമ്പിലിനൊപ്പം തന്നെയായിരുന്നു. 2011ല്‍ ആദ്യ മത്സരത്തില്‍ സി.ഐ.ടി.യു നേതാവ് കെ.കെ. ദിവാകരനെ 7403 വോട്ടിനാണ് തോല്‍പ്പിച്ചത്.

2016ല്‍ ഷാഫിയെ നേരിടാന്‍ നാലുവട്ടം പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.ഐ.എം രംഗത്തിറക്കിയെങ്കിലും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

അന്ന് ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 17,438 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷമാണ് ഷാഫി നേടിയത്. 2011നേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയിലേറെ ഉയര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.77 ശതമാനം അന്ന് ഷാഫിക്ക് ലഭിച്ചു. ശോഭ സുരേന്ദ്രന് 29.08 ശതമാനവും എന്‍.എന്‍. കൃഷ്ണദാസിന് 28.07 ശതമാനവുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shafi Parambil responds to media after defeating E Sreedharan in Palakad, Kerala Election Results 2021