| Tuesday, 14th March 2023, 12:42 pm

സ്പീക്കര്‍ അദ്ദേഹത്തിന്റെ ജോലി ചെയ്താല്‍ മതി; എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനങ്ങള്‍ :ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശം അനുസരിച്ച് പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പാര്‍ട്ടിയുടെയോ മുഖ്യമന്ത്രിയുടെയോ നിര്‍ദേശം അനുസരിച്ച് ഒരു ന്യായവുമില്ലാതെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയാനുമതി നിഷേധിക്കുന്ന സമീപനം സ്പീക്കര്‍ മാറ്റണമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ സ്പീക്കര്‍ അദ്ദേഹത്തിന്റെ ജോലി ഭംഗിയായി ചെയ്യണം. എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനങ്ങളാണ്. അത് അവരുടെ തീരുമാനത്തിന് വിടണം,’ അദ്ദേഹം പറഞ്ഞു.

താന്‍ തോറ്റിട്ട് അവിടെ ആരാണ് ജയിക്കേണ്ടതെന്ന് അദ്ദേഹം പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘ എന്നോട് മാത്രമല്ല ബാക്കിയുള്ളവരോടും മാര്‍ജിനെ പറ്റിയൊക്കെ പറഞ്ഞിരുന്നു. അതൊരിക്കലും ആ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ പറയാന്‍ പാടില്ല. ഞങ്ങള്‍ ശ്വസിക്കാന്‍ വായു ഇല്ലാതെ പ്രയാസപ്പെടുന്ന ജനതയുടെ പ്രയാസമാണ് സഭയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്. ആ പ്രശ്‌നം ഉന്നയിച്ച് സമരം ചെയ്ത കൗണ്‍സിലറില്‍ ഒരാള്‍ക്ക് 19 സ്റ്റിച്ചാണ് തലയില്‍. മറ്റൊരാളുടെ കാലിന്റെ സര്‍ജറി നടത്തി സ്റ്റീല്‍ ഇടണമെന്ന റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്.

അത്ര ഗുരുതരമായ, ശ്വസിക്കുന്ന വായുവുമായി ബന്ധപ്പെട്ടൊരു പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുവദിക്കാതെയിരിക്കുക, ഞങ്ങളുടെ പ്രതിഷേധത്തെ അവഗണിച്ച് മറു ഭാഗത്ത് ബിസിനസ് ചെയ്യാന്‍ ശ്രമിക്കുക.

അപ്പോഴും ഞങ്ങള്‍ പാലിച്ചൊരു മര്യാദയുണ്ട്. ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു, പാരലലായി സഭ നടത്തി, നമുക്ക് പറയാനുള്ളത് അതില്‍ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

വി.ശിവന്‍കുട്ടിയൊന്നും സഭയ്ക്കകത്ത് കാണിച്ച മാതൃകയൊന്നും തങ്ങള്‍ പിന്തുടര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് എ.എന്‍ ഷംസീര്‍ സഭയില്‍ പറഞ്ഞിരുന്നു. സഭയിലെ പ്രതിഷേധം ജനങ്ങള്‍ കാണുന്നുണ്ടെന്നും അടുത്ത തവണ തോറ്റുപോകുമെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശത്തില്‍ ഷാഫി മറുപടി പറയുകയായിരുന്നു.

ചൊവ്വാഴ്ച നിയമസഭയില്‍ പ്രതിപക്ഷം ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരായ സ്പീക്കറുടെ അസാധാരണ പരാമര്‍ശം.

പ്രതിപക്ഷ എം.എല്‍.എമാരെ പേരെടുത്ത് പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫിനോടും സ്പീക്കര്‍ സമാനമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന താക്കീതും സ്പീക്കര്‍ നല്‍കി്.

‘സനീഷേ, ചാലക്കുടിയിലെ ജനങ്ങള്‍ ഇത് കാണുന്നുണ്ടേ.. നേരിയ മാര്‍ജിനിലാണ് ജയിച്ചത്. ഇതെല്ലാം അവര്‍ കാണുന്നുണ്ട്. ഷാഫീ, അടുത്ത തവണ തോല്‍ക്കും.. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്,’ എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

എറണാകുളം എം.എല്‍.എ ടി.ജെ. വിനോദിനോടും അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷ് എന്നിവരേയും പേരെടുത്ത് പറഞ്ഞ് സ്പീക്കര്‍ താക്കീത് നല്‍കിയിരുന്നു.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഒന്നും സഭാ ടി.വി പുറത്തുവിട്ടിട്ടില്ല.

CONTENT HIGHLIGHT: SHAFI PARAMBIL REPLIES TO A.SHAMSEER

We use cookies to give you the best possible experience. Learn more