കോഴിക്കോട്: മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. അത്തരമൊരു വീഡിയോ ഉണ്ടാകരുതെന്നാണ് താനും ആഗ്രഹിച്ചതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ പറഞ്ഞു.
അത്തരമൊരു വീഡിയോ ഉണ്ടെങ്കില്‍ അത് എവിടെ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കില്‍ അത് ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി എടുക്കണം. എന്നാല്‍ അതല്ല പ്രശ്‌നം. ഞാനാണ് വീഡിയോ ഉണ്ടാക്കിയതെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൊക്കെ വ്യാപക പ്രചരണം ഉണ്ടായി. ഒരുപാട് ബുദ്ധി ജീവികള്‍ എന്നെ ഉപദേശിക്കാന്‍ വന്നു. ഇത്ര ദിവസം കഴിഞ്ഞിട്ടും അങ്ങനെയൊരു വീഡിയോ ഇല്ലെന്ന് ഇന്നാണ് പറയുന്നത്.
പോണ്‍ എന്ന വാക്ക് വരെ എനിക്കെതിരെ ഉപയോഗിച്ചു. ഇതിനൊക്കെ ആരെങ്കിലും മാപ്പ് പറയാന്‍ തയ്യാറാകുമോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. തന്നെ അധിക്ഷേപിച്ച് പോസ്റ്റിട്ടവരെയൊക്കെ തള്ളിപ്പറയാന്‍ പോലും ആരും തയ്യാറായിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വീഡിയോ ഇല്ലെന്ന് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തി കെ.കെ. ശൈലജ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പോസ്റ്റർ പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. വടകരയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ അശ്ലീല ചിത്രങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നു എന്നാണ് കെ.കെ. ശൈലജ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.
ഇത്തരം പ്രചരണങ്ങളെല്ലാം നടക്കുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കെ.കെ. ശൈലജ പരാതി നൽകിയിരുന്നു. ഇതിൽ മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് നടപടി എടുക്കുകയും ചെയ്തിരുന്നു.
Content Highlight: shafi parambil reacted to kk shailaja press meet