കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ അറസ്റ്റ് സി.പി.ഐ.എം തിരക്കഥയുടെ ഭാഗമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.
ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മാധ്യമങ്ങള്‍ പറഞ്ഞതല്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വിവരമില്ലെന്നും ഷാഫി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട അപ്‌ഡേഷനിലൊക്കെ പൊലീസ് പുറത്തുവിടുന്ന സമയം പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ അസ്വസ്ഥത മനസിലാക്കാം. പടക്കമേറുണ്ടാക്കിയ അസ്വസ്ഥതയല്ലെന്നും രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥതയാണ് അറസ്റ്റിന് കാരണമെന്നും ഷാഫി പറമ്പില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘മാധ്യമങ്ങള്‍ പറഞ്ഞതല്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് വിവരമില്ല. സി.പി.ഐ.എം ഭാവനക്കനുസരിച്ചാണ് പൊലീസ് തീരുമാനമെടുക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ ജില്ലാ സെക്രട്ടറി അറസ്റ്റിലായെന്നും ഓടി ഒളിച്ചെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനുമുമ്പ് തിരുവനന്തപരത്ത് തന്നെ മൂന്ന് മണ്ഡലം പ്രസിഡന്റുമാരെ വിളിച്ച് നീയാണ് പ്രതി എന്ന് പറഞ്ഞിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും ഈ കേസുമായി കണക്ട് ചെയ്യാനുള്ള ഒരു ലിങ്കിന്റെ കണക്ഷനെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇത്രയും നാള്‍ സര്‍ക്കാര്‍ കാത്തിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ.
ഇത് എ.കെ.ജി സെന്ററിന് നേരവീണ പടക്കത്തിന്റെ പേരിലുള്ള നൊമ്പരമല്ല, ഇത് രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് കേരളം നല്‍കുന്ന സ്വീകരണത്തിലെ അസ്വസ്ഥതയാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് കസ്റ്റഡിയിലായത്. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവില്‍ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്ത് വരികയാണ്.
കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്‍കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ജൂണ്‍ 30ന് അര്‍ധരാത്രിയായിരുന്നു എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
പരിശോധിച്ച സി.സി.ടി.വി ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു.
CONTENT HIGHLIGHTS: Shafi Parambil MLA says arrest in AKG center attack case is part of CPIM script