| Sunday, 2nd June 2019, 3:36 pm

ആ വീഡിയോ ഫലം കണ്ടു: മലമ്പുഴയില്‍ കുടിവെള്ളത്തിന് വിലക്കെന്ന പരാതിയില്‍ ഇടപെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ കുടിവെള്ളം കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വീഡിയോ ഫലം കണ്ടു. പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മലമ്പുഴ ഡാം സന്ദര്‍ശിച്ച കോഴിക്കോട് സ്വദേശിയായ യുവാവാണ് പ്രദേശത്ത് കുടിവെള്ളം ലഭിക്കാനില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഇവിടുത്തെ കടകളില്‍ കുടിവെള്ളം വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് വ്യക്തമാകുന്നില്ലെന്നുമാണ് അദ്ദേഹം വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയത്.

50 രൂപ നല്‍കിക്കഴിഞ്ഞാലേ പുറത്തുനിന്നുകൊണ്ടുവരുന്ന വെള്ളം ഡാമിനുള്ളിലേക്ക് കൊണ്ടുപോകാന്‍ പറ്റൂ. തിരിച്ചുവരുമ്പോള്‍ കുപ്പികള്‍ കാണിച്ചാല്‍ ഈ രൂപ തിരികെ നല്‍കുകയാണ് പതിവ്. പ്ലാസ്റ്റിക് കുപ്പികള്‍ കളയാതിരിക്കാനാണിതെന്നാണ് പൊതുവില്‍ ധരിച്ചിരുന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ ഡാമിന്റെ ഏറ്റവും മുകളില്‍ വരെ പോയി തളര്‍ന്ന് താഴെ ഇറങ്ങി വരുന്നവര്‍ക്ക് കുടിക്കാന്‍ ഒരു കുടിവെള്ളംപോലും അവിടെയുള്ള കടങ്ങളില്‍ ലഭ്യമല്ല. മില്‍മയുടെ കളര്‍ ബോട്ടിലുകളും സോഡയും മാത്രമാണ് പാനീയമായി കടകളില്‍ വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇത് പ്ലാസ്റ്റിക്കിന്റെ വിഷയമാണെന്ന് പറയാന്‍ കഴിയില്ലെന്നും യുവാവ് വ്യക്തമാക്കിയിരുന്നു.

അവിടെ കട നടത്തുന്ന യുവതിയുമായും ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നതായി കാണാം. ഇവിടെ വെള്ളം വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നാണ് യുവതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയാണ് താന്‍ മടങ്ങിയതെന്നും യുവാവ് തെളിവുസഹിതം വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഇടപെട്ടത്. ‘ ഈ വീഡിയോയില്‍ പറയുന്ന മലമ്പുഴ ഉദ്യാനത്തിലെ കുടിവെള്ളത്തെ സംബന്ധിച്ച പരാതി ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് .
പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ട് എന്നെനിക്ക് തോന്നിയതായി അദ്ദേഹത്തെ അറിയിച്ചു. പറയുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഉടനെ തന്നെ പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ ഉറപ്പ് തന്നിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്ന സൗജന്യ കുടിവെള്ള ടാപ്പൊ കൗണ്ടറോ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെടും. സൗജന്യ കുടിവെള്ള ഫില്‍റ്ററുകള്‍ സ്ഥാപിക്കാനും നടപടി ഉണ്ടാവണം.’ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

We use cookies to give you the best possible experience. Learn more