| Tuesday, 12th March 2019, 8:23 am

പാലക്കാട് ഷാഫി പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും; മല്‍സരത്തിന് തയ്യാറെടുക്കാന്‍ എ.ഐ.സി.സി നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ എം.എ.എയെ നിര്‍ത്തിയേക്കും. മത്സരത്തിന് തയ്യാറെടുക്കാന്‍ എ.ഐ.സി.സി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കി.

പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ.സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ ഷാഫിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. എം.എല്‍.എയായി തുടരാനാണ് താല്‍പ്പര്യമെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങളില്‍ ഷാഫിക്കുള്ള സ്വാധീനമാണ് സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള പ്രധാന കാരണം. യുവാക്കളുടെ വോട്ട് ഉറപ്പിക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വോട്ടും കൂടുതലായി ലഭിക്കാനും സാധ്യതയുണ്ട്.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനാണ് പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ഥി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ശ്രീകണ്ഠന്‍ നേരത്തെ പറഞ്ഞിരുന്നു.


എന്നാല്‍, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെ.പി.സി.സി. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടേയും ഹൈക്കമാന്‍ന്റിന്റേയും തീരുമാനമാണ് അന്തിമമെന്നും യു.ഡി.എഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് പാലക്കാടെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more