മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. ആറുകിലോമീറ്റര്‍ അകലെ ബാരിക്കേഡ് വെച്ച് ആളെ തടഞ്ഞും ചുറ്റും പൊലീസുകാരെ നിര്‍ത്തിയും ആരും അടുത്തേക്ക് വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ‘പിപ്പിടിവിദ്യ വേണ്ട’ എന്നുപറയുന്ന മുഖ്യമന്ത്രിയുടെ തള്ള് ഇനിയെങ്കിലും ഒഴിവാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
വിരട്ടല്‍ വേണ്ട എന്ന മുഖ്യമന്ത്രിയുടെ ഡയലോഗിന് ബി.ജി.എം ഇടാന്‍ സൈബര്‍ ഗുണ്ടകള്‍ കാണും, കേരളം അതിന് ബി.ജി.എം ഇടാന്‍ ആഗ്രഹിക്കുന്നില്ല. തള്ളുകളല്ലാതെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ഉള്ളതെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അതില്‍ അസ്വസ്ഥനായിട്ട് കാര്യമില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഒരു ബാധ്യതയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്താല്‍ സമരം കരിഞ്ഞ് പോകുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. തെരുവില്‍ ചോദ്യം ചെയ്യാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. രാജ ഭരണ കാലത്തെ രാജാവിനെ പോലെ സ്വതന്ത്ര സഞ്ചാരമാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്നും ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയും ശല്യവുമാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പൊലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകള്‍ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യര്‍ക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: shafi parambil mla against pinarayi vijayan about gold smuggling case in kerala