തിരുവനന്തപുരം: സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എം.എല്‍.എ ഫാഫി പറമ്പില്‍ നിയമസഭയില്‍. ഇന്ത്യയുടെ ആത്മാവിനെ വരെ കീറിമുറിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള പദ്ധതിയായ പൗരത്വഭേദഗതിയെ എല്ലാവരും ഒന്നിച്ച് നിന്ന് എതിര്‍ക്കണമെന്ന് ഷാഫി പറഞ്ഞു.
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചുകൊണ്ട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സംസ്ഥാന പൊലീസിന്റെ നടപടികളെയും ഷാഫി വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസിന്റെ കൂറ് നാഗ്പൂരിലാകരുത് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിനിടയില്‍ ഓര്‍മ്മിപ്പിച്ചു. യു.എ.പി.എയും എന്‍.ഐ.എയും അനാവശ്യമായി നാട്ടിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മതസ്ഥരെയും ഉള്‍ക്കൊള്ളുന്ന ഭാരതീയന്റെ വിശുദ്ധ ഗ്രന്ഥം ഇന്ത്യയുടെ ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കണ്ടേത് ഫാസിസമെന്നാണെങ്കില്‍ അതിനെ ചെറുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ കേരളമുണ്ടായിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ലോകത്തിലെ മുഴുവന്‍ പത്രങ്ങളും ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നതിന്റെ പേരിലാണ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചുക്കൊണ്ടിരുന്നത്. അല്ലാതെ മതവര്‍ഗീയതയുടെ പേരിലല്ലായിരുന്നു. എന്നാല്‍ ഇന്ന് മതം പൗരത്വത്തിന് മാനദണ്ഡമാകുന്ന നാണംകെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.
രാജ്യത്തെ വിവിധ ഭാഗത്ത് നടന്ന പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരാരും തങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുമെന്ന പേടിയില്‍ അല്ല പോരാട്ടത്തിനിറങ്ങിയത്. മറിച്ച് രാജ്യത്തെ ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായിരുന്നു. ഇന്ത്യയിലെ സര്‍വകലാശാലകളെ ഫാസിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചുകൊണ്ടിരുന്നത് ജാതിയും മതവും നോക്കാതെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുമെന്ന് ഭയപ്പെട്ടിരുന്നത് കൊണ്ടാണെന്ന് ഇന്ന് വ്യക്തമാണെന്ന് ഷാഫി പറഞ്ഞു. സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഷാഫി പറമ്പില്‍ അഭിവാദ്യമര്‍പ്പിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യസ്‌നേഹികളെയും കപടരാജ്യസ്‌നേഹികളെയും രണ്ട് കത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ ഷാഫി പറമ്പില്‍, സവര്‍ക്കറുടെ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്തും ഭഗത് സിംഗിന്റെ തൂക്കുകയര്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള കത്തും സഭയില്‍ വായിച്ചു. സവര്‍ക്കരെ പിന്‍പറ്റുന്നവര്‍ തങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സവര്‍ക്കര്‍ക്കെതിരെ ഷെയിം ഷെയിം എന്ന് സഭാംഗങ്ങള്‍ വിളിച്ചു.
മാപ്പും കോപ്പും എഴുതിക്കൊടുക്കാതെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി 3259 ദിവസം ജയിലില്‍ കിടന്ന ആദ്യ പ്രധാനമന്ത്രി നെഹ്‌റുവില്‍ നിന്നും പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെച്ച് അടിച്ചമര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണ് കാര്യങ്ങളെന്നും ഷാഫി പറമ്പില്‍ ഓര്‍മ്മിപ്പിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയെ മറ്റൊരു പാകിസ്ഥാനാക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്ന് ജനങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ഭരണഘടന തയ്യാറാക്കിയവര്‍ രാജ്യത്തിന് മതമില്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ ഗാന്ധിയുടെയോ നെഹ്രുവിന്റെയോ അല്ല ജിന്നയുടെ പിന്മുറക്കാരാണ്.
ഇന്ത്യയെന്നാല്‍ നരേന്ദ്ര മോദിയല്ല. ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാരിന് ഈ ദിവസങ്ങളില്‍ ബോധ്യപ്പെടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
DoolNews Video