തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നെറ്റ്ഫ്‌ളിക്‌സിലെ ഇപ്പോഴത്തെ പരമ്പരകളെല്ലാം ബാങ്ക് റോബറിയേയും കുറ്റകൃത്യങ്ങളെക്കുറിച്ചുമാണ്. അത്തരം പരമ്പരകളെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് സി.പി.ഐ.എം. ബാങ്കിനെ മറയാക്കി വലിയ തോതില്‍ തട്ടിപ്പ് നടത്തിയത്,’ ഷാഫി പറഞ്ഞു.
സി.പി.ഐ.എം. നേതാക്കള്‍ ബിനാമി പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തി. സി.പി.ഐ.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ബാങ്ക് കൊള്ളയ്ക്ക് സഹകരണവകുപ്പും കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ഇല്ലാത്ത ലോണിന്റെ പേരില്‍ പരാതി നല്‍കിയിട്ടും മൂന്ന് വര്‍ഷമായി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘ഒരു നടപടിയും സ്വീകരിക്കാതെ ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. 350 കോടിയുടെ തട്ടിപ്പ് നടന്നിട്ട് പാര്‍ട്ടി അത് പൂഴ്ത്തിവെക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടികളുടെ ബാങ്ക് തട്ടിപ്പ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.