മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി കണ്ണാടി നോക്കണം; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും യൂത്ത് കോണ്‍ഗ്രസിന് ക്ലാസെടുക്കണ്ടെന്നും ഷാഫി പറമ്പില്‍
തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും ക്ലാസ്സ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സിനിമാ സെറ്റുകളിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചതിന് മറുപടിയായാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്നതില്‍ അപലപിക്കാത്ത മുഖ്യമന്ത്രിയാണ് പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ടി പി- 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈട എന്നീ സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന രീതിയിലും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹന്‍ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി എന്നീ വിഷയങ്ങളും ഇതിലെ മുഖ്യമന്ത്രിയുടെ മൗനവും പോസ്റ്റില്‍ എടുത്ത് പറയുന്നു.
കലാ-സാംസ്‌ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ യൂത്ത് കോണ്‍ഗ്രസ് ആദരവോടെയാണ് കണ്ടിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും പോസ്റ്റില്‍ പറയുന്നു.
ജനകീയ പ്രശ്‌നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതില്‍ സന്തോഷം, എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ സിനിമാ സെറ്റുകള്‍ തടഞ്ഞുള്ള യൂത്ത് കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ ആരെയും ജീവിക്കാനനുവദിക്കില്ലെന്നും തൊഴില്‍ ചെയ്യാന്‍ സമ്മതിക്കില്ലെന്നും തീരുമാനിച്ച് അക്രമം സംഘടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തില്‍ വിലപ്പോകുന്ന രീതിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉള്ളിലുള്ള ഫാസിസ്റ്റ് പ്രവണതയും അസഹിഷ്ണുതയുമാണ് പുറത്തേക്ക് വരുന്നതെന്നും നിയസഭയില്‍ പറഞ്ഞിരുന്നു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും ക്ലാസ്സ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ല. ലഖിംപൂര്‍ ഖേരിയില്‍ നിരവധി കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയില്‍ അപലപിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ്?
മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു. വിയോജിപ്പുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്.
ടി പി – 51 വെട്ടും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും, ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.
എഴുത്തുകാരന്‍ ശ്രീ പോള്‍ സക്കറിയയെ DYFI തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് .
കലാ-സാംസ്‌ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ യൂത്ത് കോണ്‍ഗ്രസ് ആദരവോടെയാണ് കണ്ടിട്ടുള്ളത്. അതിനിയും തുടരും.
കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രശ്‌നവുമില്ല.
മുല്ലപ്പെരിയാര്‍ മരംമുറി, ദീപാ മോഹന്‍ നേരിടേണ്ടി വന്ന ജാതി വിവേചനം, സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതില്‍ സന്തോഷം.