സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ കേരളം വീണ്ടും ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍
Save Lakshadweep
സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ കേരളം വീണ്ടും ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 2:04 pm

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എം.എല്‍.എ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എം.ബി രാജേഷിനും ഷാഫി കത്തയച്ചിട്ടുണ്ട്.

‘കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കണം’, ഷാഫി കത്തില്‍ ആവശ്യപ്പെട്ടു.

14-ാം നിയമസഭയില്‍ പൗരത്വനിയമത്തിനും, കാര്‍ഷിക നിയമത്തിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. 15-ാം കേരള നിയമസഭയില്‍ തിങ്കളാഴ്ചയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പും നടന്നിരുന്നു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.


ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Shafi Parambil demand Motion oto Save Lakshadweep