തിരുവനന്തപുരം: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ കേസില്‍ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും 2017 ല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
” കേസ് അട്ടിമറിച്ചുവെന്ന് പറഞ്ഞത് അടിസ്ഥാന രഹിതമാമെന്നാണ് അങ്ങ് ഇവിടെ പറഞ്ഞത്. നൂറ് ശതമാനം അടിസ്ഥാനമുള്ളതും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടതുമായ കാര്യമാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്നത്. 2017 മാര്‍ച്ച് എട്ടിന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കൊച്ചുകുട്ടികള്‍ അടക്കം ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകുന്ന സംഭവം സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്നും അദ്ദേഹം അത് തന്നെയാണ് പറഞ്ഞത്. പൊലീസ് അതിശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍, ഒന്‍പതും പതിമൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ട അല്ലെങ്കില്‍ ക്രൂരമായി കൊന്നുതള്ളിയ ആളുകള്‍ക്ക് പാട്ടുപാടി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നതാണോ ശക്തമായ നടപടി?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വടക്കേ ഇന്ത്യയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ പാലക്കാട്, നമ്മുടെ വാളയാറില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍, നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നിട്ട് ആ പ്രതികള്‍ക്ക് ശിക്ഷ മേടിച്ചുകൊടുക്കാന്‍ കഴിയാത്തവര്‍ അസംബ്ലിയില്‍ എഴുന്നേറ്റു നിന്ന് ഇനിയും ശക്തമായി നടപടിയെടുക്കുന്നവരാണെന്ന് മേനിനടിക്കുന്നത് കേരളം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
വാളയാര്‍ സഹോദരികളുടെ മരണത്തിന് ഉത്തരവാദികള്‍ ആരായും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും പറഞ്ഞു… ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല സര്‍.. ഇവരെ വെറുതെ വിട്ടിരിക്കുകയാണ് കോടതി.
എന്തെല്ലാം വീഴ്ചകളാണ് സര്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നത്. പ്രമാദമായ കേസുകള്‍ തെളിയുന്ന കാലം. 16 വര്‍ഷം മുന്‍പ് നടന്ന കേസുകള്‍ പോലും .. ഭക്ഷണത്തില്‍ സൈനേഡ് കലര്‍ത്തി കൊടുത്ത കേസ് ഇപ്പോള്‍ തെളിയിച്ച പൊലീസ് നടപടി മേനിയായി പറയുന്ന സമയം. വേണമെന്ന് വെച്ചാല്‍ പൊലീസിന് പിടിക്കാന്‍ അറിയാം. ഇവിടെ പൊലീസ് വേണമെന്ന് വെച്ചില്ല. അത് തന്നെയാണ് അതിന്റെ കാരണം. മറ്റൊന്നുമല്ല.
പ്രതിയെ പുറത്തിറക്കിയത് അരിവാള്‍പാര്‍ട്ടിക്കാരാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് ഇന്നത്തെ പത്രത്തില്‍ ഉണ്ട്. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇടതുപക്ഷത്തെ നേതാക്കന്‍മാര്‍ സ്റ്റേഷനിലേക്ക് വിളിച്ചെന്നും സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും നേരിട്ടെത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നുണ്ട്. സര്‍ പൊലീസ് എന്തുകൊണ്ട് വേണ്ട എന്ന് വെച്ചു എന്നത് എന്തുകൊണ്ടാണെന്ന് ഈ സംഭവം പറയുന്നുണ്ട്.
9 ഉം 13 ഉം വയസായ കുട്ടികളെ കൊന്നവരെ അല്ലെങ്കില്‍ അവരെ മരണത്തിലേക്ക് തള്ളിവിട്ടവരെ രക്ഷിക്കാന്‍, സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുവരാന്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ തയ്യാറായത് ആ നാട് മുഴുവന്‍ പറയുമ്പോള്‍ അതേ കേസിലെ പ്രതികളുടെ പേരുകള്‍ രണ്ടാമത്തെ കേസിലും ഇവിടെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി വായിക്കുകയാണ്.
52 ദിവസത്തിന് ശേഷം 13 വയസുള്ള മൂത്തകുട്ടിയുടെ സഹോദരി 9 വയസുള്ള പെണ്‍കുട്ടി ഇവരാല്‍ തന്നെ പീഡിപ്പിക്കപ്പെട്ട് ആ കുട്ടിയും മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നു. അന്നൊരു നടപടിയെടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ ആ ജീവന്‍ എങ്കിലും രക്ഷിക്കാമായിരുന്നു. അന്ന് പൊലീസ് നന്നായി ആക്ട് ചെയ്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു-ഷാഫി പറമ്പില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ