| Friday, 31st July 2020, 5:10 pm

സി.പി.ഐ.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി: ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസിലെ സര്‍സംഘചാലക് എന്ന് വിശേഷിപ്പിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.

സി.പി.ഐ.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.ഐ.എം പാര്‍ട്ടി സെക്രട്ടറി’, ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍.എസ്.എസിനേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ് ചെന്നിത്തലയെന്നും ആര്‍.എസ്.എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണെന്നും കോടിയേരി ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സി.പി.എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.

ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറി.

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ ‘അ’പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാന്‍ രമേശ് ചെന്നിത്തലയുടെ മേല്‍ കോടിയേരി കുതിര കയറേണ്ട.

15 വയസ്സ് വരെ ആര്‍.എസ്.എസ് ശാഖയില്‍ പോയതിന്റെ ചരിത്രം പേറുന്ന എസ്.ആര്‍.പിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് –

പ്രതിപക്ഷ നേതാവിന്റെ അമ്പുകള്‍ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്പ്രിംഗ്‌ളറായാലും ബെവ് ക്യു ആയാലും പി.ഡബ്ല്യു.സി ആയാലും പമ്പ മണല്‍ വാരലായാലും സ്വര്‍ണ്ണക്കള്ളക്കടത്ത് ആയാലും ശരി.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more