| Thursday, 17th March 2022, 4:12 pm

ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണം; രാജ്യസഭ റെസ്റ്റിങ് പ്ലേസ് അല്ല, ഫൈറ്റിങ് പ്ലേസാണ്: ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് നേതൃത്വത്തെ അറിച്ചിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.

രാജ്യസഭ റെസ്റ്റിങ് പ്ലേസ് അല്ല, ഫൈറ്റിങ് പ്ലേസാണ്. ഒരുപാട് അവസരങ്ങള്‍ കിട്ടിയവര്‍ പുതിയ ആളുകളെ സ്വാഗതം ചെയ്യണം. സീറ്റിലേക്ക് കെട്ടിയിറക്കലുകള്‍ ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഹൈക്കമാന്റ് നോമിനിയായി ശ്രീനിവാസന്‍ കൃഷ്ണയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ്. നുസൂറാണ് പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.

ശ്രീനിവാസന്‍ കൃഷ്ണന്മാരെപ്പോലെയുള്ളവരെ കെട്ടിയിറക്കാന്‍ നോക്കിയാല്‍ പ്രതിഷേധത്തിന്റെ അലയൊലിയെ തടയാന്‍ കഴിയില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മലിനമാക്കാന്‍ ആര് ശ്രമിച്ചാലും അത് തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യസഭാ സ്ഥാനാര്‍ത്ഥി മാനദണ്ഡത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചത്. വെള്ളിയാഴ്ചയിലേക്ക് കെ.പി.സി.സി സ്ഥാര്‍ത്ഥികളെ തീരുമാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

‘യുവാക്കളെ പരിഗണിക്കാനാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴാണ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.

എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യം കൊടുക്കുന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്, ഇതാണ് ഈ പാര്‍ട്ടിയുടെ പ്രത്യേകത. ഒരു നേതാവ് എന്തെങ്കിലും കടലാസിലെഴുതി തൂക്കി കാണിച്ചാല്‍ തലയാട്ടുന്നവരല്ല ഞങ്ങള്‍. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കും.

ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ വന്നാല്‍ പരിഗണിക്കേണ്ടി വരും. പാര്‍ട്ടിക്കാര്‍ക്ക് അറിയാത്ത ആളൊന്നുമല്ല ശ്രീനിവാസന്‍. കരുണാകരന്റെ സെക്രട്ടറിയായി കേരള രാഷ്ട്രീയത്തില്‍ സജീവമായി നിന്നിരുന്നയാളാണ്.

ആരുടെ പേരുയര്‍ന്ന് വന്നാലും എതിര്‍ അഭിപ്രായം ഉണ്ടാകും. അത് കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിര്‍പ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാര്‍ട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണിത്,’ സുധാകരന്‍ പറഞ്ഞു.


Content Highlights: Shafi Parambil about Rajyasabha Congress candidate

We use cookies to give you the best possible experience. Learn more