[]തിരുവനന്തപുരം: തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോണങ്ങള്‍ ഉന്നയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ അറിയിച്ചു. []
കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തന്റെ സത്യസന്ധത തെളിയിക്കേ ണ്ടതുണ്ടെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും ഷാഫി മേത്തര്‍ പറഞ്ഞു.
അതിനാല്‍ തന്നെ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി മേത്തര്‍ അറിയിച്ചു.
ജൂലൈ 19ന് നടന്ന ചാനല്‍ ന്യൂസ് ഷോകളില്‍ വെച്ച് പി.സി ജോര്‍ജ് തനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. താന്‍ കേരള സര്‍ക്കാരില്‍ നിന്ന് ടി.എ, ഡി.എ ഇനത്തില്‍ 73.50 ലക്ഷം വാങ്ങി എടുത്തു എന്ന് ആരോപിക്കുകയുണ്ടായി.
അതേ ന്യൂസ് ഷോകളില്‍ തന്നെ ഈ ആരോപണം ജോര്‍ജ് തെളിയുക്കുകയാണെങ്കില്‍ താന്‍ എന്റെ മുഴുവന്‍ സ്വത്തും ജോര്‍ജിനോ, അദ്ദേഹം പറയുന്ന ധര്‍മ സ്ഥാപനത്തിനോ, കേരള സംസ്ഥാനത്തിനോ ദാനമായി നല്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു.
അതെ ന്യൂസ് ഷോകളില്‍ തന്നെ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ അദ്ദേഹം തന്റെ സ്വത്തുക്കള്‍ തനിക്കോ, താന്‍ പറയുന്ന ധര്‍മ സ്ഥാപനത്തിനോ, കേരള സംസ്ഥാനത്തിനോ ദാനമായി അദ്ദേഹം നല്കാന്‍ തയ്യാറുണ്ടോ എന്ന് ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തില്‍ സത്യം സ്ഥാപിച്ചെടുക്കാനായി നിയമപരമായ ഒരു ആര്‍ബിട്രേഷന്‍കരാര്‍ താന്‍ ജോര്‍ജിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അന്ന് ഉന്നയിച്ച മറ്റേത് ആരോപണങ്ങളിലും ഇതുപോലെ തന്നെ ആര്‍ബിട്രേഷന്‍ കരാറില്‍ ഏര്‍പ്പെടാന്‍ താന്‍ തയ്യാറാണ് എന്നുള്ള കാര്യം കത്തിലും ആര്‍ബിട്രേഷന്‍ കരാറിലും വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഫി മേത്തര്‍ അറിയിച്ചു.
ആര്‍ബിട്രേഷന്‍ കരാറിന്റെ ഭാഗമായി പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിച്ചാല്‍ തന്റെ സ്വത്ത് പി.സി ജോര്‍ജിനോ അദ്ദേഹം പറയുന്ന ധര്‍മ സ്ഥാപനത്തിനോ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ഷാഫി മേത്തര്‍ ഇതിനായി ആര്‍ബിട്രേഷന്‍ നടപടി ആരംഭിച്ചു.
നമ്മുടെ കേരള സംസ്‌കാരത്തിന് യോജിക്കാത്ത, മലയാളികളെ അപമാനിക്കുന്ന, കുടുംബത്തൊടെയിരുന്നു വാര്‍ത്ത ശ്രവിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള, ജോര്‍ജിന്റെ അന്തസ്സും, ആഭിജാത്യവും, സഭ്യതയും ഇല്ലാത്ത വാക്ക് പോരിന് നിന്ന് കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നും ഷാഫി മേത്തര്‍ പറയുന്നു. []
108 ആംബുലന്‍സ് തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് ജോര്‍ജ് ആരോപിച്ചു. അതുപോലെ എന്റെ വിദേശ നിക്ഷേപത്തെ കുറിച്ചും സോളാര്‍ കേസില്‍ എനിക്ക് പങ്കുണ്ടെന്നും പറഞ്ഞു.
എന്നാല്‍ താങ്കള്‍ പറയുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങളെല്ലാം തെളിയിക്കാന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുകയാണ്.
താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തില്‍ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ താങ്കളുടെ ആരോപണങ്ങള്‍ തെളിയിക്കാമെന്ന് അല്പമെങ്കിലും ധൈര്യമുണ്ടെങ്കില്‍ രാഷ്ട്രീയ സത്യസന്ധത അല്പമെങ്കിലും താങ്കള്‍ക്കുണ്ടെങ്കില്‍ ആര്‍ബിട്രേഷന്‍ കരാറില്‍ ഒപ്പിടണമെന്നും ഷാഫി മേത്തര്‍ ജോര്‍ജിനയച്ച കത്തില്‍ പറയുന്നു.
താങ്കള്‍ ആര്‍ബിട്രേഷന്‍ കരാറില്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ താങ്കള്‍ ഇത്രയും കാലം നിരവധി ആളുകള്‍ക്ക് നേരെ ഉന്നയിച്ച ആരോപണങ്ങള്‍ വെറും ആരോപണം മാത്രമായിരുന്നെന്ന് ജനങ്ങള്‍ക്ക് വിശ്വസിക്കേണ്ടി വരും.
സര്‍ക്കാര്‍ ചീഫ് വിപ്പ് എന്ന നിലയില്‍ തന്റെ പദവിക്ക് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന് താങ്കള്‍ എന്നോടും കേരളത്തിലെ ജനങ്ങളോടും പരസ്യമായി മാപ്പ് പറയാന്‍ ബാധ്യസ്ഥനാണെന്നും കത്തില്‍ പറയുന്നു.
ആര്‍ബിട്രേറ്റര്‍മാരായി ചാനല്‍ വാര്‍ത്താവതാരകരായ എം.വി നികേഷ് കുമാര്‍, വിനു ജെ വെള്ളിയത്ത്, ടി എം ഹര്‍ഷന്‍ എന്നിവരെയാണ് ഷാഫി മേത്തര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍ബിട്രേറ്റര്‍മാരാകാന്‍ നികേഷ് കുമാറും ഹര്‍ഷനും സന്നദ്ധത അറിയിച്ചതായി ഷാഫി പറഞ്ഞു.
തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തന്റെ സ്വത്തുക്കള്‍ ജോര്‍ജിനോ അദ്ദേഹത്തിന്റെ നോമിനിക്കോ കൈമാറാന്‍ ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അധികാരമുണ്ടാകും ആരോപണം തെറ്റാണെങ്കില്‍ തിരിച്ചും കരാറില്‍ വ്യവസ്ഥയുണ്ടെന്നും ഷാഫി പറഞ്ഞു.