|

മാറാട് കലാപം സംഘപരിവാര്‍ ലീഗിലേക്ക് ചാരുമ്പോള്‍ രക്ഷപ്പെടുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം? ബി. ഗോപാലകൃഷ്ണനോട് ഷാഫി ചാലിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലിം ലീഗും അരയസമാജവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നുവെന്ന് മാറാട് കലാപവുമായി ബന്ധപ്പെട്ടുള്ള ജുഡീഷ്യന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ലീഗ് നേതാവ് ഷാഫി ചാലിയം. മാറാട് കലാപത്തിന്റെ ഉത്തരവാദിത്തം സംഘപരിവാര്‍ ലീഗിലേക്ക് ചാരുമ്പോള്‍ രക്ഷപ്പെടുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മുന്‍നിര്‍ത്തി ലീഗിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു ഷാഫി ചാലിയത്തിന്റെ പ്രതികരണം.

അമേരിക്കയില്‍ പോയി മാതൃരാജ്യത്തെ 3,000 പള്ളികള്‍ പൊളിക്കുമെന്ന് പ്രഖ്യാപിച്ച സംഘപരിവാറാണ് ലീഗിനെയും രാഹുല്‍ ഗന്ധിയെയും പരിഹസിക്കുന്നതെന്നും ഷാഫി ചാലിയം പറഞ്ഞു.

‘അവിടുത്തെ അരയസമാജവും മുസ്‌ലിം ലീഗും നല്ല ബന്ധമായിരുന്നുവെന്ന് മാറാട് കലാപത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ പറയുന്നുണ്ട്. ആ ബന്ധത്തില്‍
സി.പി.ഐ.എമ്മിന് പ്രയാസമുള്ളതായി അരയസമാജവുമായി ബന്ധപ്പെട്ടവര്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ലീഗും അരയസമാജവും തമ്മിലുള്ള ബന്ധം ഇല്ലാതാക്കേണ്ടത് സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊക്കെ മറന്ന് ഞങ്ങളുടെ നേരെ മാത്രം ഭാണ്ഡക്കെട്ട് കൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കില്ല. അവിടെ രക്ഷപ്പെട്ട് പോകുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം.

മുസ്‌ലിം ലീഗ് സെക്കുലറാണെന്ന് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞതിനെയാണല്ലോ ഇവര്‍(ബി.ജെ.പി) രാഷ്ട്രീയ ആയുധമാക്കുന്നത്. ബാബരി മസ്ജിദടക്കം 3000 പള്ളി പൊളിക്കുമെന്ന് പ്രഖ്യാപിച്ചത് അശോക് സിങ്കാള്‍ അമേരിക്കയില്‍ പോയിട്ടാണ്.

മാതൃരാജ്യത്തെ 3,000 പള്ളികള്‍ പൊളിക്കുമെന്ന് പ്രഖ്യാപിച്ച ഇവര്‍ക്ക് ലീഗിനെയും രാഹുല്‍ ഗാന്ധിയെയും പരിഹസിക്കാന്‍ എന്ത് യോഗ്യതാണുള്ളത്,’ ഷാഫി ചാലിയം പറഞ്ഞു.

വാഷിങ്ടണ്‍ ഡി.സിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലായിരുന്നു ലീഗുമായി ബന്ധപ്പെടുത്തിയുള്ള രാഹുലിന്റെ പരാമര്‍ശമുണ്ടായത്.

കേരളത്തിലെ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് സഖ്യത്തെ മതേതരത്വം പറഞ്ഞ് കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ക്ക് മറുപടി പറയുകയായിരുന്നു രാഹുല്‍. കേന്ദ്രത്തില്‍ മതേതരത്വം പറഞ്ഞ് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്ന രാഹുലിന് കേരളത്തില്‍
ലീഗുമായാണ് കൂട്ട് എന്ന തരത്തിലുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണെന്നും ആ പാര്‍ട്ടിയെ സംബന്ധിച്ച് ചോദ്യകര്‍ത്താവ് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നുമായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.

Content Highlight: Shafi Chalyam to B. Gopalakrishnan Says Everyone knows who escapes when the Marad riots spill over into the Sangh Parivar League

Latest Stories