| Friday, 10th September 2021, 7:43 pm

ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ തകരാറ്, നിങ്ങളിങ്ങനെ ഉള്ളില്‍ കേറി വെടിവെക്കാണ്; മാധ്യമപ്രവര്‍ത്തകയോട് ലീഗ് നേതാവ് ഷാഫി ചാലിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹരിത- മുസ്‌ലിം ലീഗ് വിഷയത്തിന്മേലുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ലീഗ് നേതാവ് ഷാഫി ചാലിയം. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഷാഫിയുടെ പരാമര്‍ശം.

പാര്‍ട്ടിയുടെ ഫ്രെയിമില്‍ നിന്ന് മാറി സി.പി.ഐ.എമ്മിന്റെ വനിതാ കമ്മീഷനില്‍ പോയവരോട് തങ്ങള്‍ക്കൊന്നും പറയാനില്ലെന്നായിരുന്നു ഹരിത നേതാക്കളുടെ നടപടിയില്‍ ഷാഫി ചാലിയം പറഞ്ഞത്. ഏറ്റവും വലിയ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത് വനിതാ കമ്മീഷന്‍ അധ്യക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ അധ്യക്ഷ ജോസഫൈന്റെ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ജോസഫൈന്‍ അധ്യക്ഷസ്ഥാനത്ത് ഇപ്പോള്‍ ഇല്ലെന്ന് മാധ്യമപ്രവര്‍ത്തക  പറഞ്ഞപ്പോഴായിരുന്നു ഷാഫി ചാലിയം പ്രകോപിതനായത്. ജോസഫൈന്‍ ഇപ്പോഴും സി.പി.ഐ.എമ്മിലുണ്ടെന്നും അതിനെ എന്താണ് ചോദ്യം ചെയ്യാത്തതെന്നുമാണ് ഷാഫി മാധ്യമപ്രവര്‍ത്തകയോട് ചോദിച്ചത്.

ഇതിന് തനിക്ക് മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി ചാലിയത്തിന്റെ പരാമര്‍ശം.

‘ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ തകരാറ്, നിങ്ങളിങ്ങനെ ഉള്ളില്‍ കേറി വെടിവെക്കുകയാണെന്നായിരുന്നു’ ഷാഫി ചാലിയം പറഞ്ഞത്.

എന്നാല്‍ ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഇതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.


വെള്ളിയാഴ്ചയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് മൊഴിയെടുപ്പിനും ശേഷമായിരുന്നു അറസ്റ്റ്. വെള്ളയില്‍ പൊലീസായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്ത്. പിന്നീട് വനിതാ പൊലീസുള്ള ചെങ്ങമ്മാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shafi Chaliyam Reporter TV Aparana Haritha Issue

We use cookies to give you the best possible experience. Learn more