മലയാള സിനിമയിലെ നര്‍മബോധമുള്ള വില്ലനായി അറിയപ്പെടുന്ന സ്വഭാവ നടനായിരുന്നു രാജന്‍ പി.ദേവ്. പ്രൊഫഷണല്‍ നാടക നടനായും പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേതാവായും ഒരേപോലെ തിളങ്ങിയ കലാകാരനായിരുന്നു അദ്ദേഹം. കാട്ടുകുതിര എന്ന നാടകത്തിലെ ഏറെ പ്രശസ്തനായ കൊച്ചുബാവ എന്ന കഥാപാത്രമായി അഭിനയിച്ചാണ് അദ്ദേഹം മലയാള സിനിമയിലെത്തിയത്.
ലോലിപോപ്പ് എന്ന സിനിമയിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ഷാഫി. അദ്ദേഹത്തിന് അസുഖങ്ങളൊക്കെ തുടങ്ങുന്ന ഒരു സമയമായിരുന്നു അതെന്നും കാഴ്ചശക്തി വളരെ കുറവായിരുന്നു അന്നെന്നും ഷാഫി പറയുന്നു.
ഒരിക്കൽ ഭാവനയെ മുന്നിൽ കൊണ്ടുനിർത്തിയപ്പോൾ അദ്ദേഹത്തിന് മനസിലായില്ലെന്നും എന്നാൽ അഭിനയിക്കുമ്പോൾ ആ പ്രശ്‌നമൊന്നും അറിയില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ സംവിധാനം ചെയ്ത ലോലിപോപ്പ് എന്നൊരു സിനിമയുണ്ട്. അതിൽ വലിയ പൈസക്കാരനായിട്ടുള്ള ഒരു അച്ഛന്റെ വേഷമാണ് അദ്ദേഹം ചെയ്തത്. ശരിക്കും പറഞ്ഞാൽ ആ സമയത്ത് അദ്ദേഹത്തിന് അസുഖങ്ങളൊക്കെ തുടങ്ങിയിരുന്നു. സത്യം പറഞ്ഞാൽ കാഴ്ച ഉണ്ടായിരുന്നില്ല. പക്ഷെ രാജേട്ടൻ അഭിനയിക്കുമ്പോൾ അത് നമുക്ക് മനസിലാവില്ല.
ഒരിക്കൽ ഞാൻ ഭാവനയെ കൊണ്ടുവന്ന് രാജേട്ടന്റെ തൊട്ടുമുന്നിൽ നിർത്തി. അത്രയും അടുത്ത് നിർത്തിയിട്ട് ഇതാരാണെന്ന് പറയാൻ ഞങ്ങൾ പറഞ്ഞു. ഒന്ന് പോടാ ഇതാരാണെന്ന് എനിക്കറിയില്ലേ എന്നദ്ദേഹം പറഞ്ഞു. ആ സിനിമയിൽ റോമയും അഭിനയിക്കുന്നുണ്ട്. റോമ ലൊക്കേഷനിലൊക്കെ തമിഴാണ് സംസാരിക്കുക.
ഞാൻ ഭാവനയോട് പേസാമേ എന്ന് തമാശക്ക് പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം പെട്ടെന്ന് പറഞ്ഞു, ഇത് റോമയെല്ലേന്ന്. അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസിലായത് തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും പുള്ളിക്ക് തിരിച്ചറിയുന്നില്ലായെന്ന്. പക്ഷെ അദ്ദേഹം അത് പറയില്ല. അതിനുശേഷം വന്ന റാഫിയുടെ പടത്തിൽ അഭിനയിച്ചപ്പോഴും പുള്ളിക്ക് കാഴ്ചക്ക് പ്രശനമുണ്ടെന്ന് നമുക്ക് മനസിലാവുകയേയില്ലായിരുന്നു,’ഷാഫി പറയുന്നു.
Content Highlight: Shafi About Rajan p dev And Lollipop Movie