എര്‍ന പെട്രി ഒരു സാധാരണ വീട്ടമ്മയായിരുന്നു. പക്ഷേ, സ്വന്തം രാജ്യത്തോടും അതിനെ മുന്നോട്ട് നയിച്ചിരുന്ന രാഷ്ട്രീയത്തോടും അചഞ്ചലമായ കൂറുണ്ടായിരുന്ന, ഒരു പൗരന്‍ എന്ന നിലയ്ക്കുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ ഏതറ്റം വരെ പോകാനും അസാധാരണമാം വിധം തയ്യാറുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു. ഒരു ദിവസം ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴി, 6 നും 12നും ഇടയ്ക്കു പ്രായം വരുന്ന ആറു കുട്ടികള്‍, അവര്‍ ഏറെക്കുറെ നഗ്‌നരായിരുന്നു, ആരെയോ പേടിച്ചു പതുങ്ങി വേച്ചു നടക്കുന്നത് കണ്ടത്. പെട്രി അധികം ആലോചിച്ചു നിന്നൊന്നുമില്ല. അവര്‍ ആ കുട്ടികളെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി, എന്നിട്ട് ഭര്‍ത്താവ് വീട്ടിലെത്താന്‍ വേണ്ടി കാത്തുനിന്നു.
പക്ഷേ, ഭര്‍ത്താവ് വരുന്നില്ല. അക്ഷമയായ അവര്‍, ആ ആറു കുഞ്ഞുങ്ങളേയും കൊണ്ട് അടുത്തുള്ള മരക്കൂട്ടത്തിനകത്തേക്ക് കൊണ്ടു പോയി. എന്നിട്ട് അവിടെ അവരെ നിരനിരയായി നിര്‍ത്തി, ഒന്നൊന്നായി കഴുത്തിനു പിന്നില്‍, നിറയൊഴിച്ചു കൊന്നു. അവിടെ ഒരു കുഴിയില്‍ അവരുടെ മൃതശരീരങ്ങള്‍ മണ്ണിട്ടുമൂടി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം, വിചാരണ സമയത്ത് പെട്രി ഇങ്ങനെ മൊഴി നല്‍കി: “നിറയൊഴിക്കുന്ന നേരം, അവര്‍ കരയാന്‍ തുടങ്ങി. പക്ഷേ, ഉറക്കയല്ല, പതുക്കെ..ചിണുങ്ങുന്ന പോലെ.”
സംശയിക്കണ്ട, പെട്രി നാസിയായിരുന്നു. ആ കുട്ടികള്‍ ജൂതരും. അവര്‍ ഹിറ്റ്‌ലറുടെ കടുത്ത അനുയായി ആയിരുന്നു. അയാളുടെ പ്രത്യയശാസ്ത്രത്തില്‍, അതിന്റെ പ്രയോഗങ്ങളില്‍ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ അവര്‍ ഒരു അപവാദമായിരുന്നില്ല. പെട്രിയെപ്പോലെ ആയിരക്കണക്കിനു “സാധാരണക്കാര്‍” നാസി പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന ധര്‍മ്മം, അതായത് വംശീയ ഉന്മൂലനം, സ്വധര്‍മ്മമായി ഏറ്റെടുത്തിരുന്നു. ഹോളോകാസ്റ്റിന്റെ ചരിത്രം ഒരു ഭരണാധികാരിയും അയാളുടെ പട്ടാളവും പാര്‍ട്ടിയും തനിച്ചെഴുതിയതല്ല, ഒരു ജനതയില്‍ വലിയൊരു ശതമാനം കൂടെ അതില്‍ പങ്കു ചേര്‍ന്നിരുന്നു.
കശ്മീരില്‍ എട്ടു വയസ്സുകാരി കൊല ചെയ്യപ്പെട്ട വാര്‍ത്ത ഓര്‍മ്മിപ്പിച്ചത് ഹോളോകാസ്റ്റ് ആണ്. ആ സംഭവത്തിന്റെ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത വശം ഇതാണെന്നു തോന്നുന്നു. ഒന്നാമത്തെ കാര്യം കൊല ചെയ്യപ്പെട്ട കുട്ടി മുസ്‌ലീമാണ്. കൊലയുടെ ഉദ്ദേശ്യമാകട്ടെ, ആ പ്രദേശത്തെ മുസ്‌ലീങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തുകയും അവിടെ നിന്നു ആട്ടിപ്പായിക്കുകയും ചെയ്യുക എന്നതാണ്. പോയില്ലെങ്കില്‍ പൈശാചികതയുടെ ഏതറ്റം വരെയും പോകും എന്നുള്ള പ്രഖ്യാപനമായിരുന്നു.
അതിലുപരി ആ കൊല നടത്തിയ രീതിയാണ് ശ്രദ്ധേയമാകുന്നത്. അമ്പലത്തില്‍ അടച്ചിടുകയും പൂജകള്‍ ചെയ്യുകയും ഒക്കെ ചെയ്തതിനു ശേഷമാണ് അതു നിര്‍വഹിക്കുന്നത്. എത്രമാത്രം പ്രത്യയശാസ്ത്രപരമായി പ്രചോദിതരായാണ് അവരത് ചെയ്തത് എന്നതാണ് ഭയപ്പെടുത്തുന്നത്. എന്നാല്‍ അതിലേറെ ഭയപ്പെടുത്തുന്നത്, ഈ രാജ്യത്തില്‍, ഈ കേരളത്തില്‍ പോലും, നമുക്കു ചുറ്റില്‍ പോലും, അവര്‍ ചെയ്തത് ശരിയാണെന്നു കരുതുന്ന എത്ര മനുഷ്യര്‍മാരുണ്ടാകാം എന്നതാണ്. ആ ക്രിമിനലുകളുടെ രക്ഷയ്ക്ക് വേണ്ടി ഉയരുന്ന ജനരോഷമാണ്, അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതൃത്വമാണ് ഭയം ഇരട്ടിപ്പിക്കുന്നത്. മനുഷ്യനെന്ന് വിളിക്കപ്പെടാന്‍ പോലും അര്‍ഹതയില്ലാത്ത വിധം അവരെ മാറ്റിത്തീര്‍ക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഈ നാടു ഭരിക്കുന്നത് എന്നതാണ് ഉറക്കം കെടുത്തുന്നത്.
അതായത് ഇതാണ് ഫാസിസം. കറപുരളാത്ത വെറുപ്പിന്റെ പരമകാഷ്ഠയാണത്. മനുഷ്യത്വത്തിന്റെ അന്ത്യമാണ്. കൊച്ചുകുഞ്ഞിനെപ്പോലും അപരമായി കണ്ട് കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നുതള്ളാന്‍ അറയ്ക്കാത്ത പ്രത്യയശാസ്ത്രമാണത്. തൊട്ടതിനും തൊടാത്തതിനും ഒക്കെ ഫാസിസം എന്നു പറഞ്ഞലറുന്ന ഈ നാട്ടിലെ പാതിവെന്ത പോസ്റ്റ്‌മോഡേണ്‍ ലിബറലുകള്‍, ഇരവാദികള്‍ ഇതൊക്കെ മനസ്സിലാക്കിയാല്‍ നന്ന്. ഏതു പൊളിറ്റിക്കല്‍ വയലന്‍സിനേയും ഫാസിസമെന്ന് വിളിച്ച്, അതിനെ നിങ്ങള്‍ നോര്‍മലൈസ് ചെയ്ത് ചെയ്ത്…ഫാസിസം എന്ന വാക്കിന്റെ തൊടാനറയ്ക്കുന്ന, എടുത്താല്‍ പൊങ്ങാത്ത ചരിത്രത്തിന്റെ ഭാരത്തെ ചുമ്മാ ഒഴുക്കിക്കളയരുത്. നിങ്ങളുടെ പൈങ്കിളി വൈകാരികതയില്‍ പടയ്ക്കുന്ന സമവാക്യങ്ങളുടെ ഗുണഭോക്താക്കള്‍, യഥാര്‍ഥത്തില്‍ ഫാസിസ്റ്റുകളാണെന്ന് ഓര്‍ത്താല്‍ നന്ന്. അതു നിലവില്‍ ഈ സമൂഹത്തിനു വേണ്ടി ചെയ്യാവുന്ന മനുഷ്യത്വമുയര്‍ത്തി പിടിക്കുന്ന ഏറ്റവും മിനിമം രാഷ്ട്രീയപ്രവര്‍ത്തനമായിരിക്കും.