മലപ്പുറം: പൊന്നാനി സ്വദേശിയും സിനിമാ പിന്നണി പ്രവര്‍ത്തകനുമായ ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റും ചിത്രവും സോഷ്യല്‍ മീഡിയയെ ഈറനണിയിക്കുന്നു. ബസ് യാത്രയില്‍ തൊട്ട് മുന്നിലെ സീറ്റിലിരുന്ന വൃദ്ധന്റെ കയ്യിലെ പേപ്പറില്‍ എഴുതിയ വാക്കുകളാണ് ഷഫീഖ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
ചിത്രം തന്നെ വാര്‍ദ്ധക്യത്തെയും ജീവിത്തെയും വരച്ച് കാട്ടുന്നുണ്ടുണ്ടെങ്കിലും ഷഫീഖിന്റെ കുറിപ്പാണ് അതിലേറെ ശ്രദ്ധനേടുന്നത്. പൊന്നാനിയിലേക്കുള്ള ബസ് യാത്രയില്‍ തന്റെ സഹയാത്രികന്റെ കയ്യിലുണ്ടായിരുന്ന കുറിപ്പിനെയും അദ്ദേഹത്തിന്റെ ജീവിതത്തെ വ്യക്തമാക്കുന്നതായിരുന്നെന്നാണ് പോസ്റ്റില്‍ ഷഫീഖ് പറയുന്നത്.
ചിത്രം പകര്‍ത്താനുണ്ടായ സാഹചര്യത്തെയും ആ നിമിഷത്തെയും ഷഫീഖ് പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്.
“ഓരോ യാത്രയും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവില്‍ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസില്‍ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികള്‍, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തില്‍ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകള്‍ തെളിയാന്‍ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്.
വാര്‍ദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യില്‍ വിയര്‍പ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടര്‍ വന്നപ്പോള്‍ അയാള്‍ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടര്‍ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു.
ഞാന്‍ ആ കടലാസിലോട്ട് നോക്കി അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “”തവനൂര്‍ ബസില്‍ കയറി വൃദ്ധ മന്ദിരത്തില്‍ ഇറങ്ങുക”” ഞാന്‍ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലര്‍ന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓര്‍മകളെ താലോലിക്കാന്‍ കൊതിച്ച്, ഒടുവില്‍ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവര്‍, മക്കളെ സ്‌നേഹിക്കുന്ന തിരക്കില്‍ അവര്‍ക്ക് വേണ്ടി രക്തം വിയര്‍പ്പാക്കി ഒഴുക്കിയിട്ട്, വളര്‍ന്നു വലുതായപ്പോള്‍ തിരസ്‌കരിച്ച മക്കള്‍
വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാള്‍ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോള്‍ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോര്‍മ്മ വന്നത് ” പത്തു മക്കളെ നോക്കാന്‍ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാല്‍ എന്നെ ഒരാളെ നോക്കാന്‍ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?””
വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നില്‍ക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങള്‍ മുറ്റി, കുഴങ്ങും കാലം, സ്‌നേഹത്തോടൊരു തുള്ളി പകരാന്‍ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..”