| Monday, 3rd January 2022, 10:49 am

സന്നദ്ധ സംഘടനകളെ ഭയക്കുന്ന കേന്ദ്ര സര്‍ക്കാര്‍

ഷഫീഖ് താമരശ്ശേരി

രാജ്യത്തെ സന്നദ്ധ സംഘടനകളെ കുരുക്കിലാക്കുന്ന പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം നടപ്പിലാക്കിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കപ്പെട്ടിരിക്കുകയാണ്.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (Foreign Contribution Regulation Act) പ്രകാരമാണ് സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ പുതുക്കി നല്‍കേണ്ടത്. ഇതിന് കേന്ദ്രം തയ്യാറാകാതിരുന്നതോടെ ഒറ്റ രാത്രികൊണ്ട് 6000ഓളം സന്നദ്ധ സംഘടനകള്‍ക്കാണ് അനുമതി നഷ്ടമായത്.

ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12,000ലധികം സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അനുമതി റദ്ദാക്കപ്പെട്ടവയില്‍ മിക്കതും രാജ്യത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന സന്നദ്ധ സംഘടനകളാണ് എന്നതാണ് ശ്രദ്ധേയം.

ഓക്‌സ്ഫാം ട്രസ്റ്റ് ഓഫ് ഇന്ത്യ, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ലെപ്രസി മിഷന്‍, ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ആശാകിരണ്‍ റൂറല്‍ എജ്യുക്കേഷണല്‍ ഡവലപ്‌മെന്റ് സൊസൈറ്റി, ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍, ജെ.എന്‍.യു ന്യൂക്ലിയര്‍ സയന്‍സ് സെന്റര്‍ തുടങ്ങി വിദ്യാഭ്യാസം, ആരോഗ്യം, പിന്നാക്ക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും തിരിച്ചടിയേറ്റിരിക്കുന്നത്.

ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്ന ആരോപണവുമായി ഈ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്ത് സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വലിയ സഹായങ്ങള്‍ ലഭിക്കുകയും വ്യത്യസ്ത നിലപാടുകളുള്ള സന്നദ്ധ സംഘടനകളെ ആക്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിന്റെ രീതി നേരത്തെയും പല തവണ ചര്‍ച്ചയായതാണ്.

മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ഈയിടെ കേന്ദ്രം തള്ളിയത് വലിയ രീതിയില്‍ വിവാദമാവുകയും ചെയ്തിരുന്നു. രാജ്യമെമ്പാടും അനാഥാലയങ്ങളും ശരണാലയങ്ങളും നടത്തിവരുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.

സന്നദ്ധ സംഘടനകള്‍ക്കെതിരായ മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചതാണ്. അവയ്ക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്.

2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യയില്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമായത്. പരിസ്ഥിതി, വികസനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ പക്ഷത്ത് നിന്ന സംഘടനകളെയെല്ലാം പല ഘട്ടങ്ങളിലായി പല തരത്തില്‍ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ഇത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ടത് ആഗോള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസും മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലുമാണ്.

രാഷ്ട്രീയ എതിരാളികളുടെ വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്യുന്നതുപോലെ ആംനസ്റ്റിയുടെയും ഗ്രീന്‍പീസിന്റെയും ഓഫീസുകളില്‍ സര്‍ക്കാര്‍ റെയ്ഡ് നടത്തി. ആംനസ്റ്റിയുടെ രണ്ട് മേഖലാ ഓഫീസുകള്‍ ഇന്ത്യയില്‍ അടച്ചുപൂട്ടുകയും അവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

അതോടെ ആംനസ്റ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായി. തുടര്‍ന്നാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന വേട്ടയാടലുകളെക്കുറിച്ച് സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫാസിസ്റ്റ് ഭരണകാലത്ത് ഇന്ത്യയിലരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയെല്ലാം നിലപാടുകള്‍ സ്വീകരിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നും ബി.ജെ.പിയുടെ കണ്ണിലെ കരടായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, അന്യായമായ അറസ്റ്റുകള്‍, ഭീകര നിയമങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കസ്റ്റഡി കൊലപാതകങ്ങള്‍, വിചാരണ തടവ്, വധശിക്ഷ, ലോക്കപ്പ് മര്‍ദനം തുടങ്ങി നിരവധി വിഷയങ്ങളില്‍ ആംനെസ്റ്റി നടത്തിയ ഇടപെടലുകളും ഇന്ത്യയിലെ മനുഷ്യാവകാശ നിഷേധങ്ങളെക്കുറിച്ച് സംഘടന നടത്തിയ പഠനങ്ങളുമെല്ലാം സംഘപരിവാര്‍ ഭരണകൂടത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ഗ്രീന്‍പീസിന്റെ വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നാണ് ഗ്രീന്‍പീസ്. 40ല്‍ അധികം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ക്രൗഡ് ഫണ്ടിങ്ങിലൂടെ മാത്രമാണ് പണം കണ്ടെത്തിയിരുന്നത്.

ഇന്ത്യയിലെ കോര്‍പറേറ്റ് വികസനനയങ്ങളുടെ ഭാഗമായി രൂപംകൊണ്ട പദ്ധതികള്‍ പരിസ്ഥിതിയെയും തദ്ദേശീയ ജനതയുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചപ്പോള്‍ അവക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ ചെറുത്തുനില്‍പുകള്‍ക്ക് നിയമസഹായം നല്‍കിക്കൊണ്ടും, പാരിസ്ഥിതികമായ നിരവധി വിഷയങ്ങളില്‍ ശ്രദ്ധേയമായ ക്യാംപെയിനുകള്‍ സംഘടിപ്പിച്ചുമൊക്കെയാണ് ഗ്രീന്‍പീസ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഗ്രീന്‍പീസിനെയും സംഘപരിവാര്‍ ഭരണകൂടം നോട്ടമിട്ടിരുന്നു.

ഇത്തരം കാണങ്ങളാല്‍ ഇരു സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്നതിനായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച അതേ നടപടികള്‍ തന്നെയാണ് ഇപ്പോള്‍ വ്യാപകമായി മറ്റ് സംഘടനകള്‍ക്കെതിരെയും കൈക്കൊള്ളുന്നത്. ലൈസന്‍സ് റദ്ദാക്കിയ സംഘടനകളുടെ കൂട്ടത്തില്‍ സംഘപരിവാര്‍ അനുകൂല സംഘടനകളൊന്നും ഇല്ല എന്നത് കൂടിയാണ് ഈ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വെളിവാക്കുന്നത്.

ഗ്രാമ-നഗരഭേദമന്യേ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ പല വിധത്തിലുള്ള പങ്ക് വഹിക്കുന്നുണ്ട്.

ദളിതരും ആദിവാസികളും മറ്റ് പിന്നാക്കക്കാരുമൊക്കെ ജീവിക്കുന്ന ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത മേഖലകളില്‍ ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സഹായങ്ങളെല്ലാം എത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന അനേകം സംഘനകളുണ്ട്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരം സംഘടനകളെയെല്ലാം വോട്ടയാടുന്ന ഈ ഫാസിസ്റ്റ് നീക്കം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് പ്രതിഷേധിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shafeeq Thamarassery writes about the BJP central government’s strict control over NGOs like Missionaries of Charity

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more