| Monday, 20th February 2023, 11:30 pm

ആള്‍ക്കൂട്ട പരിഹാസങ്ങള്‍ക്ക് പാത്രമാകേണ്ടവനല്ല ശില്‍പി രാജന്‍

ഷഫീഖ് താമരശ്ശേരി

സംഗീത നാടക അക്കാദമിയിലെ മുരളി പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് അകാരണമായി വലിച്ചിഴക്കപ്പെട്ട രാജന്‍ എന്ന കലാകാരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ അപമാനിക്കപ്പെട്ടു, ആള്‍ക്കൂട്ടത്താല്‍ പരിഹസിക്കപ്പെട്ടു.

സര്‍ക്കാരില്‍ നിന്ന് അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ കൈപ്പറ്റി നിര്‍മിച്ച വെങ്കല ശില്‍പം എന്ന തരത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പതിനായിരം രൂപയില്‍ താഴെ മാത്രം ചിലവഴിച്ച് ശില്‍പി രാജന്‍ തന്റേതായ ശൈലിയില്‍ നിര്‍മിച്ച കരിങ്കല്‍ ശില്‍പത്തെ മനോരമയടക്കമുള്ള മാധ്യമങ്ങളും തുടര്‍ന്ന് നവമാധ്യമങ്ങളും അപമാനിച്ച് ആഘോഷിച്ചത്.

ശില്‍പി രാജന്‍

രാജന്റെ ശില്‍പത്തിലും മുരളി എന്ന നടന്റെ നമുക്ക് പരിചിതമായ മുഖം ഇല്ലല്ലോ എന്ന് ഒറ്റനോട്ടത്തില്‍ ഒരു ശരാശരി മലയാളിക്ക് തോന്നിയേക്കാം. അതിനര്‍ത്ഥം, പണിയറിയാതെ കാശ് തട്ടുന്ന തട്ടിപ്പുകാരനാണ് ശില്‍പി രാജന്‍ എന്നതല്ല. അത് മനസിലാകണമെങ്കില്‍ രാജന്‍ എന്ന ശില്‍പിയുടെ കലയും ജീവിതവും എന്താണെന്നറിയണം.

ലോകത്തെ അഭയാര്‍ത്ഥി സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ‘പലായനം’ എന്ന അദ്ദേഹത്തിന്റെ ശില്‍പം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയങ്ങളിലൊന്നായ ‘ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ’യില്‍ ആണ്.

ശില്‍പകലയെ അതിന്റെ സാമ്പ്രദായികവും പരമ്പരാഗതവുമായ ഭാവുകത്വങ്ങളില്‍ നിന്നും, തെളിമയാര്‍ന്ന പ്രതലങ്ങളില്‍ നിന്നും സവര്‍ണ സാമൂഹികതയില്‍ നിന്നുമെല്ലാം താഴേക്ക് വലിച്ചിറക്കി ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ അതിസാധാരണമായ ജീവിത ഇടങ്ങളിലേക്ക് കൊണ്ടുവന്ന മലയാള ശില്‍പികളില്‍ ഒരാളാണ് രാജന്‍.

ഒരിക്കല്‍ കവിയും അധ്യാപകനുമായ ഡി. വിനയചന്ദ്രന്‍ രാജനോട് ചോദിച്ചു.

‘രാജന്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിരോധത്തിനുപകരം ഒരുതരം ഒറ്റപ്പെട്ടവന്റെ ദൈന്യതയാണല്ലോ താങ്കളുടെ ശില്‍പ്പങ്ങളില്‍ കാണുന്നത്,’

രാജന്റെ മറുപടി, ‘അതിപ്പോ മാഷേ, ഒറ്റപ്പെട്ട മരമല്ലെ കിട്ടാനുള്ളൂ” എന്നായിരുന്നു.

ആ ഉത്തരത്തിലുണ്ട് രാജന്‍ എന്ന ശില്‍പിയുടെ വിഹാര ലോകം.
ശില്‍പി രാജനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ നാട്ടില്‍ ചെന്നാല്‍ ആരും അറിഞ്ഞുകൊള്ളണമെന്നില്ല.

പി.എസ്. രാജന്‍ എന്ന് ഐ.ഡി. കാര്‍ഡില്‍ പേരുള്ള അദ്ദേഹത്തെ, തൃശൂര്‍ നഗരത്തിന്റെ പ്രാന്ത പ്രദേശമായ നെടുപുഴക്കാര്‍ക്ക് മെക്കാനിക്ക് രാജന്‍ എന്ന് പറഞ്ഞാലേ അറിയാന്‍ കഴിയൂ…

മണ്ണിലും മരത്തടികളിലും മുളകളിലും കരിങ്കല്ലിലും തന്റെ സര്‍ഗഭാവനകള്‍ക്കൊപ്പം രാഷ്ട്രീയ വീക്ഷണങ്ങളും കൊത്തിയെടുക്കുന്ന ശില്‍പി. ഔദ്യോഗികമായി ഒന്നും പഠിക്കാതെ, വിശപ്പില്‍ നിന്ന് മോട്ടോര്‍ മെക്കാനിക്കായ രാജന്‍ കയ്യില്‍ കിട്ടിയതിലെല്ലാം തന്റെ ജീവിതം കൊത്തി കൊത്തി ശില്‍പിയായതാണ്.

ചിമ്മിനി ഡാമിലെ താല്‍ക്കാലിക ജോലിക്കാലത്ത് കാട്ടില്‍ നിന്ന് കിട്ടിയ മരങ്ങളുടെ കടകളിലും മറ്റ് അവശിഷ്ടങ്ങളിലും ഉളിയുപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയ രാജനെ അദ്ദേഹം ജീവിച്ച ജീവിതവും, സൗഹൃദയിടങ്ങളും, ഈ കാലവും അതിലെ രാഷ്ട്രീയവും ശില്പിയാക്കി മാറ്റിയതാണ്.

ശില്പകല അടക്കമുള്ള ലളിതകലകള്‍ ഉന്നത വിഭാഗങ്ങളുടെ വിനോദങ്ങളായിരുന്നിടത്ത് നിന്ന് അവയെ കുപ്പത്തൊട്ടിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ രാജന് സാധിച്ചത്, മുഖ്യധാരയുടെ കുതിപ്പില്‍ നിന്ന് നിരന്തരം പുറത്തുനിര്‍ത്തപ്പെട്ട ഒരു ജനതയുടെ പ്രതിനിധിയാണ് അദ്ദേഹം എന്നതിനാലാണ്. അടിമുടി തൊഴിലാളി ജീവിതം നയിക്കുന്ന സാധാരണക്കാരന്റെ കലയാണ് അദ്ദേഹം ശീലിച്ചത്. പുറമ്പോക്കുകളില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന പാഴ്വസ്തുക്കള്‍, രാജന്‍ എന്ന ശില്‍പിയിലൂടെ രാഷ്ട്രീയ രൂപാന്തരം പ്രാപിക്കുന്നത് എന്ത് സുന്ദരമായ കാഴ്ചയാണ്.

ശില്‍പകലയുടെ ഒരു പ്രത്യേക മാതൃകകളും പിന്തുടരാതെ കല്ലിലും മരത്തിലും ജീവിതവും രാഷ്ട്രീയവും കൊത്തുന്ന ശില്‍പി രാജന്‍ ‘ലക്ഷാലക്ഷ്മി’യിലെ രാവണനായ മുരളിയെ ഒരു കരിങ്കല്ലിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ അതില്‍ രാജന്റെ കാഴ്ചകളും ശൈലിയുമൊക്കെ പ്രതിഫലിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ഗാന്ധിപ്രതിമകളെയും മ്യൂസിയങ്ങളിലെ മെഴുകുപ്രതിമകളെയും കാണുന്ന ബുദ്ധിയില്‍ രാജന്റെ കലയെ വിലയിരുത്തരുത്. ഒരൊറ്റ അച്ചില്‍ തീര്‍ക്കാനോ, കാണാനോ, അനുഭവിക്കാനോ സാധിക്കുന്നതല്ല രാജന്‍ എന്ന ശില്‍പിയുടെ കല..

അത്യുജ്വലമായ ജീവിതവും രാഷ്ട്രീയവും കലയും കൈമുതലായുള്ള, ഈ കാലത്തെ ശ്രദ്ധേയ ശില്‍പികളിലൊരാളെ വികലമായി ചിത്രീകരിച്ച്, വെളിവില്ലാത്ത ആള്‍ക്കൂട്ടത്തിന് മുന്നിലേക്കിട്ടുകൊടുക്കുന്നത് എന്തൊരു ക്രൂരതയാണ്..

*ചിത്രങ്ങള്- അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ നിന്ന് ലേഖകൻ പകര്‍ത്തിയ രാജന്റെ  ശില്‍പങ്ങൾ

Content Highlight: Shafeeq Thamarassery’s write up about craftsman Rajan

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more