ലോകത്തിലെ ഏറ്റവുമാദ്യത്തെ കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ തന്നെ ഇടതുവിപ്ലവാരികള്‍ക്കൊപ്പം മുസ്‌ലിങ്ങളും നിലകൊണ്ടിരുന്നു എന്നതാണ് ചരിത്രം. അവയെല്ലാം മറന്നുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ധപകുതിക്ക് ശേഷം, സാമ്രാജ്യത്വ പാദസേവകരായ പൊളിറ്റിക്കല്‍ ഇസ്‌ലാമും മുതലാളിത്തവും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരായി വിവിധ ഇടതുപക്ഷ ധാരകള്‍ സ്വീകരിച്ച സമീപനങ്ങളെയും തത്ഫലമായുണ്ടായ സംഘര്‍ഷങ്ങളെയും ചൂണ്ടിക്കാണിച്ചാണ് കമ്യൂണിസം മുസ്‌ലിങ്ങള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫ് കോഴിക്കോട് സ്വപ്നനഗരിയില്‍ വെച്ച് സംഘടിപ്പിച്ച ‘വേര്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ ഡോ. എം.കെ. മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിനെതിരായ തരംതാഴ്ന്ന വിമര്‍ശനങ്ങളായിരുന്നതിനാലാണ് വിവാദങ്ങളിലിടം പിടിച്ചത്. മാര്‍ക്സിനെയും ലെനിനെയും കുറിച്ചുള്ള വ്യക്തിപരമായ അധിക്ഷേപവും അവരുടെ സ്വകാര്യ ജീവിതത്തെ സംബന്ധിച്ച വെറുപ്പുളവാക്കുന്ന പ്രചരണവുമായിരുന്നു മുനീറിന്റെ പ്രസംഗം.
മാര്‍ക്സിസ്റ്റുകള്‍ അരാജകവാദികളാണെന്നും വിശ്വാസ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല അവരുടെ പാതയെന്നും മുസ്‌ലിം ലീഗിലെ ഭാവി തലമുറയെ ബോധ്യപ്പെടുത്താനുള്ള പരമാവധി ശ്രമമായിരുന്നു എം.കെ. മുനീര്‍ നടത്തിയത്. കെ.എം. ഷാജി, എം.കെ. മുനീര്‍ തുടങ്ങിയ മുസ്‌ലിം ലീഗിലെ ഒരു വിഭാഗം സമീപകാലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന തീവ്രമായ മാര്‍ക്സിസ്റ്റ് വിമര്‍ശനങ്ങളുടെയും അങ്ങേയറ്റം മതാത്മകമായ മുദ്രാവാക്യങ്ങളുടെയും പശ്ചാത്തലം, കേരളത്തിലെ മുന്നണി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ലീഗില്‍ നിലനില്‍ക്കുന്ന ചില ആഭ്യന്തര സംഘര്‍ഷങ്ങളാണെന്നത് മലബാര്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും വ്യക്തമാകും.
എന്നാല്‍, മതരാഷ്ട്രവാദികളായ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി ജനാധിപത്യ- ബഹുസ്വര- മതേതര മൂല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്‌ലിം ലീഗ് കൂടുതല്‍ മതാത്മകമായ രാഷ്ട്രീയ പരിസരങ്ങളിലേക്ക് നടങ്ങുനീങ്ങുന്നത് അപകടം തന്നെയാണ്.
‘മതമല്ല മതമല്ല മതമല്ല പ്രശ്നം’ എന്ന ഇടതുപക്ഷ മുദ്രാവാക്യത്തെ ‘മതമാണ് പ്രശ്നം’ എന്ന മറുമുദ്രാവാക്യം കൊണ്ട് പ്രതിരോധിച്ച കെ.എം. ഷാജി, മുസ്‌ലിങ്ങള്‍ ലീഗ് ഓഫീസില്‍ നിന്ന് അകലുന്നവര്‍ ദീനില്‍ നിന്ന് അകലുകയാണെന്ന് കൂടി പ്രസ്താവിക്കുകയുണ്ടായി. നിലവില്‍ മുസ്‌ലിം ലീഗിലെ ഒരു ധാര, കക്ഷി രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നുകൊണ്ടുള്ള എല്‍.ഡി.എഫ് വിമര്‍ശനത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മാര്‍ക്സിസത്തിനെതിരായ പ്രചരണങ്ങള്‍ നടത്തി അതിലൂടെ കമ്യൂണിസം മുസ്‌ലിങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് സ്ഥാപിക്കാനാണ്.
മുനീറിന്റെയും ഷാജിയുടെയുമെല്ലാം താത്പര്യങ്ങള്‍ കേവലമാണെങ്കിലും, കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഇടത് സാംസ്‌കാരികതയും എക്കാലവും മുസ്‌ലിങ്ങള്‍ക്കെതിരാണെന്നും വിശ്വാസ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളെ പരിക്കേല്‍പിക്കുന്നതാണെന്നും ചിത്രീകരിക്കുന്നതിലൂടെ വിസ്മരിക്കപ്പെടുന്നത് മുസ്‌ലിങ്ങളും ഇടതുപക്ഷവും തമ്മിലുണ്ടായിരുന്ന ചരിത്രബന്ധങ്ങളാണ്. ‘നമ്മള്‍ മുസ്‌ലിങ്ങള്‍, കമ്യൂണിസത്തിനെതിരായി പോരാടേണ്ടവര്‍’ എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍, മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ കൂടി രൂപം നല്‍കിയതാണ് ലോകത്തിലെയും ഇന്ത്യയിലെയുമെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന വസ്തുതയെക്കൂടിയാണ് കുഴിച്ചുമൂടുന്നത്.
മുസ്‌ലിങ്ങളും കമ്യൂണിസവും
മുസ്‌ലിങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും ഒരിക്കലും ഒത്തുപോകാന്‍ കഴിയില്ലെന്ന പരികല്‍പനകള്‍ ആഗോള തലത്തില്‍ സൃഷ്ടിച്ചെടുത്തത് സാമ്രാജ്യത്വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്‍ അറബ് ലോകത്ത് സ്വാധീനം ചെലുത്തുമെന്ന ഭയത്തില്‍ നിന്ന് തുടക്കം കുറിക്കപ്പെട്ടതാണത്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ നേരിട്ടിരുന്ന രൂക്ഷ വിവേചനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അധ്വാനിക്കുന്നവന്റെ വിമോചന മുദ്രാവാക്യങ്ങളുയര്‍ത്തി വന്ന പ്രസ്ഥാനമാണ് കമ്യൂണിസം. മതങ്ങളുടെ സാരവും അടിസ്ഥാനപരമായി ഇവയോട് ചേര്‍ന്നുപോകുന്നതാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജവാഴ്ചക്കും സാമ്രാജ്യത്വത്തിനുമെതിരായി ഉയര്‍ന്നുവന്ന മുന്നേറ്റങ്ങളില്‍ കമ്യൂണിസ്റ്റുകളും മുസ്‌ലിങ്ങളും തമ്മില്‍ രൂപംകൊണ്ട ഐക്യത്തെ ഭയന്നവരാണ് ഇരുവിഭാഗങ്ങളെയും തമ്മിലകറ്റാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങളില്‍ സാമ്രാജ്യത്വം വിജയം കാണുകയും ചെയ്തു. സാമ്രാജ്യത്വം ആഗോള തലത്തില്‍ മുസ്‌ലിം തീവ്രവാദത്തെ വെള്ളവും വളവുമൊഴിച്ച് വളര്‍ത്തിയത് തന്നെ കമ്യൂണിസ്റ്റുകളെ ലക്ഷ്യം വെച്ചുകൂടിയിരുന്നു. അഫ്ഗാനില്‍ നജീബുള്ളയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറിനെ താഴെയിറക്കി താലിബാനെ അധികാരത്തിലെത്തിക്കാന്‍ സാമ്രാജ്യത്വം നടത്തിയ ശ്രമങ്ങള്‍ ഇതിനുദാഹരണമാണ്.
ലോകത്തിലെ ഏറ്റവുമാദ്യത്തെ കമ്യൂണിസ്റ്റ് വിപ്ലവത്തില്‍ തന്നെ ഇടതുവിപ്ലവാരികള്‍ക്കൊപ്പം മുസ്‌ലിങ്ങളും നിലകൊണ്ടിരുന്നു എന്നതാണ് ചരിത്രം. റഷ്യന്‍ ജനസംഖ്യയുടെ ആറിലൊരു ഭാഗം വരുന്ന മുസ്‌ലിങ്ങള്‍ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തിന് കീഴില്‍ അങ്ങേയറ്റം പൊറുതിമുട്ടിയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ബോള്‍ഷെവിക് പോരാട്ടത്തില്‍ റഷ്യന്‍ മുസ്‌ലിങ്ങള്‍ കമ്യൂണിസ്റ്റ് പക്ഷത്തായിരുന്നു.
1917 ഏപ്രില്‍ 26ന് റഷ്യന്‍ മുസ്‌ലിം സെന്‍ട്രല്‍ ബ്യൂറോ, ‘തുര്‍കിസ്താന്‍സ്‌കൈ ഗോലോസ്’ എന്ന അവരുടെ പത്രത്തിലൂടെ റഷ്യന്‍ വിപ്ലവത്തില്‍ സജീവമായി അണിചേരാന്‍ മുസ്‌ലിങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മുസ്‌ലിം സ്ത്രീകളടക്കം ധാരാളം പേര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് ‘തുര്‍കിസ്താന്‍സ്‌കൈ ഗോലോസ്’ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമാകുന്നതിന് മതമോ വിശ്വാസമോ തടസ്സമല്ലെന്ന് 1909ല്‍ സാക്ഷാല്‍ ലെനിന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1917 മെയ് ഒന്ന് മുതല്‍ പതിനൊന്ന് വരെ നടന്ന മുസ്‌ലിങ്ങളുടെ അഖില റഷ്യന്‍ കോണ്‍ഫറന്‍സില്‍ ആയിരത്തോളം മുസ്‌ലിങ്ങളാണ് പങ്കെടുത്തത്. ഇവരില്‍ ഇരുനൂര്‍ പേര്‍ സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. സാര്‍ ഭരണകാലത്തിന് പിവരീതമായി റഷ്യയിലെ ബോള്‍ഷെവിക് റിപ്പബ്ലിക്കിന് കീഴില്‍ മുസ്‌ലിം പ്രദേശങ്ങളില്‍ മത വിശ്വാസം അനുഷ്ഠിക്കാന്‍ ലഭിച്ച പൂര്‍ണ സ്വാതന്ത്ര്യത്തെ ഈ സമ്മേളനം അഭിനന്ദിക്കുക കൂടി ചെയ്തിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളും ബോള്‍ഷെവിക് നിയമങ്ങളും തമ്മില്‍ അകലമില്ലെന്ന വിലയിരുത്തല്‍ കൂടിയായിരുന്നു ഈ സമ്മേളനം.
റഷ്യയിലെ അക്കാലത്തെ അടിച്ചമര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗമെന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്ക് ക്രിസ്ത്യാനികളേക്കാള്‍ സവിശേഷമായ പരിഗണനയും ബോള്‍ഷെവിക്കുകള്‍ നല്‍കിയിരുന്നു. ‘നിങ്ങളുടെ വിശ്വാസങ്ങളും നിങ്ങളുടെ അനുഷ്ഠാനങ്ങളും നിങ്ങളുടെ സംസ്‌കാരിക സ്ഥാപനങ്ങളും സ്വതന്ത്രമായിരിക്കും. റഷ്യയിലെ മറ്റെല്ലാ ജനങ്ങളുടേതും പോലെ നിങ്ങളുടെ അവകാശങ്ങളും വിപ്ലവ സര്‍ക്കാറിന്റെ ശക്തിപ്രഭാവത്തില്‍ സുരക്ഷിതമായിരിക്കും.’ മുസ്‌ലിം തൊഴിലാളികള്‍ക്ക് എന്ന പേരില്‍ 1917ല്‍ സോവിയറ്റ് സര്‍ക്കാര്‍ നടത്തിയ പ്രത്യേക പ്രഖ്യാപനമാണിത്.
മുസ്‌ലിങ്ങളിലെ ചില ഗോത്ര വിഭാഗങ്ങളുമായി സംഘര്‍ഷമുണ്ടായയിടങ്ങളില്‍ മുസ്‌ലിം സ്വാധീനം മുന്‍നിര്‍ത്തി ഇസ്‌ലാമിക നിയമപ്രകാരമുള്ള നിയമം അനുവദിക്കുക കൂടി സോവിയറ്റ് ഭരണകൂടം ചെയ്തിട്ടുണ്ട്. മധ്യേഷ്യ, ട്രാന്‍സോക്സിയാന, കൊക്കാസസ്, റഷ്യ എന്നീ പ്രദേശങ്ങള്‍ക്കായി 1942ല്‍ സ്റ്റാലിന്‍ നാല് മുസ്‌ലിം മത ബോര്‍ഡുകള്‍ തന്നെ (ദീനി ഇദാറ) സ്ഥാപിച്ചിട്ടുമുണ്ട്. മന്ത്രിസഭയുമായി ബന്ധപ്പെട്ട് ഒരു മതകാര്യ വകുപ്പും സ്റ്റാലിന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ റിപ്പബ്ലിക്കിലും മതകാര്യ വകുപ്പിന്റെ ശാഖ എന്ന നിലയ്ക്ക് ഖാസിയ്യത്തുകളുണ്ടായിരുന്നു.
സാര്‍ ഭരണകാലത്ത് റഷ്യയിലെ മുസ്‌ലിങ്ങള്‍ നേരിട്ടിരുന്ന അപരത്വം അസാനിപ്പിക്കുന്നതിനായി ഇസ്‌ലാമിന് മറ്റ് മതങ്ങളെപ്പോലെ തുല്യസ്ഥാനം നല്കാന്‍ ബോള്‍ഷെവിക് ഭരണകൂടം തീരുമാനിച്ചതോടെ ബോള്‍ഷെവിക് വിപ്ലവത്തെ മുസ്‌ലിങ്ങള്‍ നെഞ്ചേറ്റുകയായിരുന്നു. ഉഫയിലെ മുസ്‌ലിം മതകാര്യ ബോര്‍ഡ് ഒരു ഫത്വ തന്നെ പുറപ്പെടുവിച്ചു; റഷ്യയില്‍ ഇതാ വിപ്ലവം വന്നിരിക്കുന്നു. ഇസ്‌ലാം മതത്തെ നശിപ്പിക്കുന്ന ക്രൂരമായ എകാധിപത്യം ഇതാ അവസാനിക്കാന്‍ പോവുകയാണെന്ന്.
ഇത് റഷ്യയിലെ മാത്രം സാഹചര്യമല്ല. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ അവസാന കാലത്തും പതനശേഷവും ലോകത്തിന്റെ പലഭാഗങ്ങളിലുമുയര്‍ന്നുവന്ന ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടികളായി പരിണമിച്ചിട്ടുമുണ്ട്.
കൊക്കാസസിലും അസര്‍ബൈജാനിലും മധ്യേഷയിലും ഇന്തോനേഷ്യയിലും എല്ലാം അക്കാലത്ത് ഉയര്‍ന്നുവന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളെ ‘മുസ്‌ലിം കമ്യൂണിസം’ എന്ന് വരെ ചില ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 1910കളില്‍ ഡച്ച് അധിനിവേശത്തിനെതിരെ ഇന്തോനേഷ്യയിലെ മുസ്‌ലിം വ്യാപാരികള്‍ തുടക്കം കുറിച്ച്, പിന്നീട് രാജ്യമാസകലം വലിയ മുന്നേറ്റമായി മാറിയ ‘സരേകാത് ഇസ്‌ലാം’ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരാവുകയും റെഡ് ഇസ്‌ലാമിക് അസോസിയേഷനായി മാറുകയുമായിരുന്നു. ഇതാണ് പിന്നീട് ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നത്.
1921ല്‍ കേരളത്തില്‍ നടന്ന മലബാര്‍ പ്രക്ഷോഭത്തെ ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കയ്യൊഴിഞ്ഞപ്പോഴും സാക്ഷാല്‍ ലെനിന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരനായ അബനി മുഖര്‍ജിയോട് മലബാര്‍ സമരത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മലബാര്‍ സമരത്തെ കാര്‍ഷിക കലാപമായി അടയാളപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് 1921ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണമായ കമ്യൂണിസ്റ്റ് റിവ്യൂയില്‍ അച്ചടിക്കുകയും ചെയ്തിരുന്നു. പില്‍കാലത്ത് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മലബാറിലെ മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് ആദ്യമായി അടയാളപ്പെടുത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നതാണ് ചരിത്രസത്യം.
അവയെല്ലാം മറന്നുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിന്റെ അര്‍ധപകുതിക്ക് ശേഷം, സാമ്രാജ്യത്വ പാദസേവകരായ പൊളിറ്റിക്കല്‍ ഇസ്‌ലാമും മുതലാളിത്തവും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരായി വിവിധ ഇടതുപക്ഷ ധാരകള്‍ സ്വീകരിച്ച സമീപനങ്ങളെയും തത്ഫലമായുണ്ടായ സംഘര്‍ഷങ്ങളെയും ചൂണ്ടിക്കാണിച്ചാണ് കമ്യൂണിസം മുസ്‌ലിങ്ങള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ ചരിത്രത്തിലും വിശ്വാസികളും അല്ലാത്തവരുമായ ധാരാളം മുസ്‌ലിങ്ങള്‍ അവരുടെ സ്വത്വ സവിശേഷതകളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് തന്നെ നിലനിന്നിരുന്നു എന്ന് കാണാം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി ഒരു മുസ്‌ലിമായിരുന്നു. ആദ്യ കമ്മിറ്റിയിലെ പകുതി പേരും മുസ്‌ലിങ്ങളായിരുന്നു.
1920കളില്‍ ഇന്ത്യയുടെ പല നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധങ്ങളായ ട്രേഡ് യൂണിയനുകളെയും റെവല്യൂഷണറി മൂവ്‌മെന്റുകളെയും സംയോജിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ അതിന്റെ നേതൃനിരയിലുണ്ടായിരുന്നവരില്‍ അനേകം പേര്‍ മുസ്‌ലിങ്ങളായിരുന്നു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്വത്വപരമോ, വിശ്വാസപരമോ ആയ സവിശേഷതകളെ കൈയൊഴിയാതെ തന്നെ അവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ട് തന്നെയാണ് ബോംബെയിലും കല്‍ക്കത്തയിലും പട്‌നയിലും ദല്‍ഹിയിലുമൊക്കെ ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായത്. കേരളത്തിലെ പൊന്നാനിയും തലശ്ശേരിയുമൊക്കെ നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്.
ഇന്ത്യയിലെ പരമ്പരാഗത മുസ്‌ലിങ്ങള്‍ മതപരമായി അവരുടെ നേതൃസ്ഥാനത്ത് നിര്‍ത്തിയിരുന്ന തുര്‍ക്കി സുല്‍ത്താനെ ബ്രിട്ടീഷ് ഭരണകൂടം സ്ഥാന ഭ്രഷ്ടനാക്കിയതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ 1919ല്‍ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സ്വതന്ത്രപൂര്‍വ ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ വ്യാപകമായി പങ്കുചേര്‍ന്നിരുന്നു. പൊതു ശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന നിലപാടില്‍ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാഗതം ചെയ്തതോടെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന മുന്നേറ്റം ശക്തിപ്പെടുകയും മുസ്‌ലിങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനോടൊപ്പം തുര്‍ക്കിയിലെ പ്രക്ഷോഭങ്ങളില്‍ ചേര്‍ന്ന് പോരാടണമെന്നും ഖിലാഫത്ത് പ്രസ്ഥാനം മുസ്‌ലിം യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു. അങ്ങനെയാണ് ഖിലാഫത്തിന് കീഴില്‍ ഹിജ്റ പ്രസ്ഥാനം രൂപം കൊള്ളുന്നത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ അന്ന് ഇന്ത്യയില്‍ നിന്നും അഫ്ഗാന്‍ വഴി തുര്‍ക്കിയിലേക്ക് പാലായനം ചെയ്യുകയുണ്ടായി. മുഹാജിറുകള്‍ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്.
റഷ്യയിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളിലെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്നത് ഇക്കാലത്ത് തന്നെയാണ്. ഈ ആവേശം ഇന്ത്യയിലും അലയടിച്ചിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം ഇന്ത്യക്കാരിലുണ്ടാക്കിയ സ്വാധീനത്താല്‍ കമ്യൂണിസത്തില്‍ ആകൃഷ്ടരായ, ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവകാരികള്‍ സോവിയറ്റ് യൂണിയനിലേക്ക് കുടിയേറാന്‍ തുടങ്ങി. ഇതില്‍ മിക്കവരും നേരത്തെ തന്നെ ദേശീയപ്രസ്ഥാനത്തിനകത്ത് ഇടതു വിപ്ലവ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചവരായിരുന്നു.
ബ്രിട്ടീഷുകാര്‍ക്കെതിരായ ഖിലാഫത്തികളുടെ പോരാട്ടങ്ങള്‍ക്ക് സോവിയറ്റ് യൂണിയനും ബോള്‍ഷെവിക് വിപ്ലവകാരികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുമെല്ലാം വലിയ പിന്തുണ നല്‍കിയിരുന്നു. ഇത് ഖിലാഫത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നിരവധി പേരെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. അവരില്‍ പലരും പിന്നീട് കമ്യൂണിസ്റ്റുകളാവുകയും മാര്‍ക്സിസ്റ്റ് ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന, മെക്സിക്കന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും ഇന്ത്യന്‍ വിപ്ലവകാരിയുമായിരുന്ന എം.എന്‍. റോയി താഷ്‌കന്റിലെത്തുന്നത് ഇക്കാലത്താണ്. അദ്ദേഹം ഇന്ത്യക്കാരായ ഖിലാഫത്തികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യന്‍ വിപ്ലവാരികളും ഇന്ത്യന്‍ ഖിലാഫത്തികളില്‍ നിന്ന് കമ്യൂണിസ്റ്റുകളായി മാറിയ നേരത്തെ മുഹാജിറുകള്‍ എന്നറിയപ്പെട്ടിരുന്ന മുസ്‌ലിങ്ങളും ചേര്‍ന്നാണ് 1920ല്‍ താഷ്‌കന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം നല്‍കിയത്.
ഇന്ത്യന്‍ വിപ്ലവകാരികളായ എം.എന്‍. റോയി, അബനി മുഖര്‍ജി, എം.പി.ബി.ടി. ആചാര്യ, എന്നിവരും അമേരിക്കന്‍ കമ്യൂണിസ്റ്റുകാരിയായ എവിലിന്‍ ട്രെന്റ് റോയി, റഷ്യന്‍ കമ്യൂണിസ്റ്റുകാരിയായ റോസ ഫിറ്റിന്‍ഗോവ്, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നിന്നും പിന്നീട് കമ്യൂണിസ്റ്റുകളായി മാറിയ മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് സിദ്ദീഖി എന്നിവരും ചേര്‍ന്നാണ് 1920 ഒക്ടോബര്‍ 17ന് താഷകന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നത്.
പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായി മുഹമ്മദ് ഷഫീഖ് സിദ്ദീഖിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഏതാണ്ട് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് നടന്ന മറ്റൊരു മീറ്റിംഗില്‍ അബ്ദുല്‍ ഖാദര്‍ സെഹ്റായി, മസൂദ് അലി ഷാ ഖാസി, അക്ബര്‍ ഷാ എന്നിവരെയും പാര്‍ട്ടി അംഗങ്ങളായി ഉള്‍പ്പെടുത്തുകയുണ്ടായി. താഷ്‌കന്റില്‍നിന്നും അന്ന് പ്രസിദ്ധീകരിച്ച സെമിനാര്‍ എന്ന പത്രത്തിന്റെ എഡിറ്റര്‍ മീര്‍ അബ്ദുല്‍ മജീദായിരുന്നു.
ഇന്ത്യയില്‍ ഏറ്റവുമാദ്യം ഒരു കമ്യൂണിസ്റ്റ് സംഘടനയ്ക്ക് രൂപം നല്‍കിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് മുസഫര്‍ അഹമ്മദ് തന്റെ ‘ഞാനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും’ എന്ന ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് മുസ്‌ലിങ്ങളായ രണ്ട് മുഹാജിറുകള്‍ക്കാണ്. ഇന്ത്യയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നവരില്‍ അനേകം പേര്‍ മുസ്‌ലിങ്ങളായിരുന്നു. 1921ല്‍ അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനത്തിലേക്ക് എം.എന്‍ റോയി, അബനി മുഖര്‍ജി എന്നിവര്‍ ഒപ്പുവെച്ച, ബ്രിട്ടീഷുകാരില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമര്‍പ്പിക്കുകയുണ്ടായി.
ഉര്‍ദു കവിയും ദാര്‍ശനികനുമായിരുന്ന ഹസ്‌റത്ത് മൊഹാനി ആയിരുന്നു കമ്യൂണിസ്റ്റുകള്‍ തയ്യാറാക്കിയ ഈ പ്രമേയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പരിപൂര്‍ണ സ്വാതന്ത്ര്യം അപ്രായോഗികമാണെന്ന് പറഞ്ഞ് ഗാന്ധിജി അത് നിരസിക്കുകയാണുണ്ടായത്. എന്നാല്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച ഹസ്റത്ത് മൊഹാനി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി മാറി. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്തമായ മുദ്രാവാക്യം അദ്ദേഹത്തിന്റേതായിരുന്നു.‘ഞാനൊരു മുസ്‌ലിം കമ്യൂണിസ്റ്റാണ്’ എന്നായിരുന്നു അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. മുസ്‌ലിം ജനതയെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കാനായി ഇസ്‌ലാമും വിമോചന പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടെത്തി അവയ്ക്ക് ഇസ്‌ലാമിക വ്യാഖ്യാനങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു.
ഹസ്‌റത് മൊഹാനി
സ്വാതന്ത്ര്യ സമരകാലത്ത് കമ്യൂണിസ്റ്റുകാര്‍ പ്രതികളാക്കപ്പെട്ട പെഷവാര്‍, കാണ്‍പൂര്‍ തുടങ്ങിയ ഗൂഢാലോചനക്കേസുകളില്‍ പ്രതികളാക്കപ്പെട്ടവരും കൂടുതലും മുസ്‌ലിം കമ്യൂണിസ്റ്റുകളായിരുന്നു.
മുഹമ്മദ് അക്ബര്‍, ബഹാദൂര്‍ ഹാഫിസുള്ളാഖാന്‍, മുഹമ്മദ് ഹസ്സന്‍, ഗുലാം മെഹ്ബൂബ്, അക്ബര്‍ ഷാ, അഫ്ജല്‍ ഫിറോസുദ്ദീന്‍, അബ്ദുള്‍ മജീദ്, ഹബീബ് അഹമ്മദ്, സുല്‍ത്താന്‍ മുഹമ്മദ്, റാഫിക് അഹമ്മദ് എന്നിങ്ങനെയുള്ള പോരാളികള്‍. താഷ്‌കന്റില്‍ നിന്ന് രൂപംകൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് 1925 ഡിസംബര്‍ 25ലെ കാണ്‍പൂര്‍ സമ്മേളനത്തിലൂടെ ഔദ്യോഗികമായി ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’യായി മാറുമ്പോള്‍ അന്നത്തെ നേതൃനിരയിലും നിരവധി മുസ്‌ലിങ്ങള്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രമുഖ നേതാവ് മുസഫര്‍ അഹമ്മദ്, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഷൗക്കത്ത് ഉസ്മാനി, പഞ്ചാബില്‍ നിന്നുള്ള ഗുലാം ഹുസ്സൈന്‍ എന്നിവരെല്ലാം അന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതരായ നേതാക്കളായിരുന്നു.
സാമ്രാജ്യത്വത്തിനും കോളനിവത്കരണത്തിനുമെതിരായ ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ സമരങ്ങളില്‍ നിന്നാവിര്‍ഭവിച്ച്, തൊഴിലാളി വര്‍ഗ സമരങ്ങളിലൂടെയും കര്‍ഷക കലാപങ്ങളിലൂടെയും ശക്തി പ്രാപിച്ച്, പൊതുജനാധിപത്യ സമരങ്ങളുടെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയുമെല്ലാം ഭാഗമായി മാറിയ ഇന്ത്യന്‍ കമ്യൂണിസം, പല കാലങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ രൂപം നല്‍കിയത് ഇരുനൂറോളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ്.
പ്രത്യയശാസ്ത്രപരമായ ഭിന്നതകളാല്‍ വിഘടിച്ചും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കിയും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത അടരുകളിലായി ഒരു നൂറ്റാണ്ടുകാലം സഞ്ചരിച്ച ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും ആ മുന്നേറ്റങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായിരുന്നില്ല പകരം അവരുടെ കൂടി മുന്നേറ്റങ്ങളായിരുന്നു എന്ന് ബോധ്യമാകും.
സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന വിദ്വേഷ പ്രചരണങ്ങളില്‍ ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പ്രത്യയശാസ്ത്രവും അവയുടെ ആഗോള രാഷ്ട്രീയ സഞ്ചാരവും ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റി മാത്രം വിലയിരുത്തുന്നത് സങ്കടകരമാണ്.
Content Highlight: Shafeeq Thamarassery on MK Muneer’s speech against Marx and Lenin and about the history of Muslim representation in Communism