ഇറോം ശര്‍മ്മിളയെ ആഘോഷിക്കുന്നവരോട് ചില ചോദ്യങ്ങള്‍
News of the day
ഇറോം ശര്‍മ്മിളയെ ആഘോഷിക്കുന്നവരോട് ചില ചോദ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 12:03 pm

മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തെത്തുടര്‍ന്ന് കുറച്ചുനാളത്തെ സ്വസ്ഥജീവിതത്തിനായി കേരളത്തിലേക്ക് പോകുന്നു എന്ന ഇറോം ഷര്‍മ്മിളയുടെ പ്രഖ്യാപനം പുറത്തുവന്നതോടുകൂടി കേരളത്തിലെയും ദേശീയതലത്തിലെയും മാധ്യമങ്ങളില്‍ ഇത് വന്‍ വാര്‍ത്തയായിരുന്നു.

ഭരണ-പ്രതിപക്ഷ വിഭാഗങ്ങളില്‍ നിന്നും ഇറോം ഷര്‍മ്മിളയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ വരുന്നു. നവമാധ്യമയിടങ്ങളില്‍ ഇറോമിന്റെ ചിത്രങ്ങള്‍ നിറയുന്നു. പ്രൊഫൈലുകള്‍ മാറുന്നു. “ഇന്ത്യയുടെ ഉരുക്കുവനിതക്ക് കേരളമണ്ണിലേക്ക് സ്വാഗതം” എന്ന തരത്തിലുള്ള സ്റ്റാറ്റസുകള്‍ നിറയുന്നു. അങ്ങനെ കേരളത്തിന്റെ പൊതു സംവാദ മണ്ഡലങ്ങളില്‍ ഇറോം നിറഞ്ഞു നിന്നു.

കോയമ്പത്തൂരില്‍ നിന്നും ആനക്കട്ടി ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രവേശിച്ചതുമുതല്‍ ഫ്ളാഷ് ലൈറ്റ് ഒഴിഞ്ഞ സമയം ഇറോമിന് കിട്ടിയിട്ടില്ല എന്നാണറിയുന്നത്. ഇറോമിനെ കേരളത്തിലേക്ക് ക്ഷണിച്ച അവരുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബഷീര്‍ മാടാലയുടെ ഫോണിലേക്ക് ഒരുദിവസം എത്തുന്ന ഫോണ്‍ കോളുകള്‍ക്ക് എണ്ണമില്ല.

തങ്ങള്‍ നടത്തുന്ന പരിപാടികളില്‍ ഇറോമിനെ പങ്കെടുപ്പിക്കുക, തങ്ങളുടെ സ്ഥാപനം ഇറോം സന്ദര്‍ശിക്കുക, തങ്ങളിറക്കിയ പുസ്തകം ഇറോമിന് നല്‍കി പ്രകാശനം ചെയ്യുക, തങ്ങള്‍ നടത്തുന്ന ക്യാമ്പയിനില്‍ ഇറോം ഒപ്പുവെക്കുക എന്നിവയൊക്കെയാണ് ആവശ്യങ്ങള്‍. എല്ലാം നല്ലത് തന്നെ.


Must Read: ദാദ്രി ആവര്‍ത്തിക്കാനായിരുന്നു അവരുടെ ശ്രമം;  പാചകം ചെയ്തത് ചിക്കന്‍; ഗോരക്ഷക്കാര്‍ മര്‍ദ്ദിക്കുന്നത് പൊലീസ് നോക്കിനിന്നെന്നും രാജസ്ഥാന്‍ ഹോട്ടല്‍ ഉടമ 


ഇതേ ദിവസങ്ങളില്‍ കേരളത്തിലെ നിരവധി മാധ്യമങ്ങളില്‍ ഇറോം ഷര്‍മിളയുടെ ഇന്റര്‍വ്യൂകളും, വാര്‍ത്തകളും, ഫീച്ചറുകളും വന്നിരുന്നു. അതും നല്ലത് തന്നെ. പക്ഷേ ഏറെ ആശങ്കയിലാഴ്ത്തിയ കാര്യം ഇവയിലൊരിടത്തുപോലും ഇറോം ഷര്‍മ്മിള മുന്നോട്ടുവെച്ച രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെട്ടിരുന്നില്ല എന്നതാണ്.

ഇറോം ഷര്‍മ്മിള കടലു കാണുന്നത് വാര്‍ത്തയാകുന്നു. അവരോട് കേരളത്തിലെ കാലാവസ്ഥയെക്കുറിച്ച് ചോദിക്കുന്നു. വിവാഹം കഴിക്കാതിരുന്നതിനെക്കുറിച്ച് ചോദിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് ചോദിക്കുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതിലുള്ള സഹതാപം അറിയിക്കുന്നു. ഇങ്ങനെയൊക്കെ പോയി കാര്യങ്ങള്‍…

സ്വന്തം ശരീരം സമരായുധമാക്കി മാറ്റി ഒരു വ്യാഴവട്ടത്തിലധികം കാലം അവര്‍ നടത്തിയ സമരം ഇന്ത്യന്‍ സൈന്യത്തിനു നേരെയായിരുന്നു എന്ന ചരിത്ര സത്യത്തെ മറികടന്നുകൊണ്ടുള്ള ഈ ഇറോം ഐക്യദാര്‍ഢ്യ പ്രഹസനങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്.?

അവരുടെ സമരം മണിപ്പൂരിലെ ഏതെങ്കിലും ഒരു പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നില്ല. കാശ്മീരും മണിപ്പൂരുമടക്കം ഇന്ത്യയില്‍ പലയിടങ്ങളില്‍ നിലനില്‍ക്കുന്ന അഫ്സ്പ എന്ന സൈനികാധികാര നിയമത്തിനെതിരായ സമരത്തിലൂടെ അവര്‍ ചോദ്യം ചെയ്തത് ഒരു ജനാധിപത്യരാജ്യത്ത് നിലനില്‍ക്കുന്ന “സൈന്യത്തിന് അമിതാധികാരം നല്‍കുന്ന” പ്രവണതകളെയായിരുന്നു.

ഇന്ത്യയിലെ പട്ടാള കേന്ദ്രത്തിനുമുന്നില്‍ നഗ്‌നമായ ശരീരങ്ങളുമായി ചെന്ന് ഇന്ത്യന്‍ “പട്ടാളമേ… ഞങ്ങളെ ബലാത്സംഗം ചെയ്യൂ…” എന്ന് അലറിവിളിച്ച അമ്മമാര്‍ നയിച്ച സമരമായിരുന്നു ഇറോമിന്റേത്. ഒരു പക്ഷേ ഇന്ത്യന്‍ പട്ടാളത്തിന്റെ ക്രൂരതകളെ ഇത്രമേല്‍ തുറന്നുകാണിച്ച മറ്റൊരു സമരരൂപമുണ്ടാകില്ല. എന്നിട്ടുമെന്തേ മലയാളികളുടെ ഇറോം ഐക്യദാര്‍ഢ്യ സദസ്സുകളില്‍ ഇന്ത്യന്‍ സൈന്യമെന്ന പേരു പോലും ഉച്ഛരിക്കാന്‍ മടിക്കുന്നു.

ഇത് തെളിയിക്കുന്നത് ഇക്കൂട്ടരിലാരും തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സെലിബ്രിറ്റി മുഖം എന്നതിലപ്പുറം ഇറോമിനെയോ, ഇറോമിന്റെ സമരത്തെയോ തിരിച്ചറിഞ്ഞിട്ടില്ല എന്നതു തന്നെയാണ്. അല്ല മറിച്ചാണെങ്കില്‍ നിങ്ങള്‍ കാശ്മീര്‍ പ്രശ്നത്തെയോ, അല്ലെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മറ്റേതെങ്കിലുമൊരു പ്രശ്നത്തെയോ മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ സംഘടിപ്പിക്കാമോ?. എന്നിട്ട് അവിടെ ഇറോം ഷര്‍മ്മിളയെ കൊണ്ടുവന്ന് സംസാരിപ്പിക്കാനുള്ള ആര്‍ജ്ജവം കാണിക്കാമോ?

ചോദ്യം “ഇറോം ഷര്‍മ്മിള കേരളത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ പോകുന്ന പൊതുപരിപാടി ഞങ്ങളുടേത്” എന്ന് പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ യോടുകൂടിയാണ്.

ഏറെ ലജ്ജ തോന്നിയത് ഇന്ന് പിണറായി വിജയനും കൊടിയേരി ബാലകൃഷണനും ചേര്‍ന്ന് ഇറോം ഷര്‍മ്മിളയെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോഴാണ്.

ഈ സാഹചര്യത്തില്‍ ഞാന്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കഴിഞ്ഞ ജൂലൈ 16 ന് ദല്‍ഹിയില്‍ നടന്ന ഇന്റര്‍സ്റ്റേറ്റ് കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുമ്പാകെ ഇതേ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇതാണ്. “…. സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നത് ഞങ്ങളുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകരമാകും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ(Counter Insurgency&Anti Terrorism) പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസര്‍വ് ബറ്റാലിയനെക്കൂടി അനുവദിക്കണം. സി.ആര്‍.പി.എഫില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഓഫീസര്‍മാരെ വേണം. എന്‍.എസ്.ജി, സി.എ.പി.എഫ്, ഐ.ബി എന്നിവര്‍ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്‍ഡിചര്‍ സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തണം. പൊലീസ് ഇന്റലിജന്‍സ് സംവിധാനത്തെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണം…… തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഒരു മറൈന്‍ റിസര്‍വ് ബറ്റാലിയന്‍ കൂടി നല്‍കണം”
വിവിധങ്ങളായ കേന്ദ്ര സേനകളെ കൂടുതല്‍ വിട്ടുകിട്ടുന്നതിലൂടെ കേരളം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിക്കു മുന്നില്‍ പ്രസ്താവനയിറക്കിയ മുഖ്രമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറിയും കൂടി സ്വീരിക്കുന്നത് സൈന്യം നടത്തിയ ബലാത്സംഗങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ഇല്ലതാക്കപ്പെട്ട ഒരു ജനതയ്ക്കുവേണ്ടി തന്റെ ആയുസ്സിനാല്‍ സമരം ചെയ്ത ഒരു സ്ത്രീയെയാണല്ലോ എന്നോര്‍ക്കുന്നതിലുമപ്പുറം വിരോധാഭാസം മറ്റെന്തിലാണ്?

ഒരു വ്യക്തി എന്ന തലത്തില്‍ ഇറോമിനെ സ്വീകരിക്കാനും അവര്‍ക്ക് അഭയം നല്‍കാനും അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനും എല്ലാമുള്ള അവകാശം നമുക്കെല്ലാമുണ്ട്. പക്ഷേ ഒരു രാഷ്ട്രീയ പരിസരത്തില്‍ അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് അവരുടെ ജീവല്‍ സമരത്തെ മറന്നുകൊണ്ടാകരുത്.