ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ ഏറെ കലുഷിതമായിരുന്ന എഴുപതുകളില്‍ ഛത്തീസ്ഗഢിലെ ഖനി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ ട്രേഡ് യൂണിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു ശങ്കര്‍ ഗുഹാ നിയോഗി. പ്രകൃതിവിഭവങ്ങളില്‍ കണ്ണുനട്ട് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വ്യവസായങ്ങള്‍ പണിതുയര്‍ത്തിയ ഖനി മാഫിയകള്‍ തദ്ദേശീയ വിഭവങ്ങളെയും പ്രദേശവാസികളായ തൊഴിലാളികളെയും വലിയ ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയപ്പോള്‍, തൊഴിലും പരിസ്ഥിതിയും നേര്‍ക്കുനേര്‍ നിന്നിരുന്ന ഭൂതകാല ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെ മറികടന്ന് തൊഴില്‍ മുദ്രാവാക്യങ്ങളില്‍ മണ്ണിനെയും മനുഷ്യനെയും സംബന്ധിച്ച ശബ്ദങ്ങള്‍ ഒരുപോലുയര്‍ത്തുകയാണ് നിയോഗി ചെയ്തത്.
പ്രതിരോധവും നിര്‍മ്മാണവും പരസ്പരം ഇഴുകിച്ചേര്‍ന്ന നിയോഗിയുടെ രാഷ്ട്രീയ ദിശാബോധം തൊഴിലാളികളുടെ മുന്‍കൈയ്യിലുള്ള നിരവധി സംരംഭങ്ങള്‍ക്ക് രൂപം കൊടുക്കുകയുണ്ടായി. ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച എന്ന പേരില്‍ നിയോഗിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ച തൊഴിലാളി പ്രസ്ഥാനവും അതിന്റെ ഇടപെടലുകളും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു.
ശങ്കര്‍ ഗുഹാ നിയോഗി
രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ കോര്‍പ്പറേറ്റ് മൂലധനവുമായി ചേര്‍ന്ന് നടത്തുന്ന വികസന ഫാസിസം വഴി ഓരോ സാധാരണക്കാരനും അവന്റെ മൗലികമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെടുകയും, ആത്യന്തികമായ ഉടമസ്ഥത ജനങ്ങളിലായിരിക്കേണ്ട പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റ് വിഭവകൊള്ളകള്‍ക്കകപ്പെടുകയും ചെയ്യുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍, സംഘപരിവാറിന്റെയും ഖനിമാഫിയകളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളോട് പോരാടി ജീവന്‍ വെടിയേണ്ടി വന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ, ജീവിതവും ചിന്തയും പ്രയോഗവും വളര്‍ന്നുവരുന്ന തലമുറ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് തയ്യാറാക്കിയ നിയോഗിയുടെ ജീവിതരേഖയുടെ സ്വതന്ത്ര പരിഭാഷ
1943 ഫെബ്രുവരി 14ന് അസന്‍സോളിലായിരുന്നു ശങ്കര്‍ ഗുഹാ നിയോഗിയുടെ ജനനം. ഉത്തര ആസാമിലെ വനമേഖലയിലായിരുന്നു നിയോഗി തന്റെ കുട്ടിക്കാലം ഭൂരിഭാഗവും ചെലവഴിച്ചത്. കല്‍ക്കട്ടയിലും ജല്‍പായ്ഗുരിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അന്‍പതുകളില്‍ തന്നെ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന ‘ആള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ’ ലോക്കല്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് അറുപതുകളുടെ തുടക്കത്തില്‍ ഛത്തീസ്ഗഢിലെ ഭിലായിലേക്ക് താമസം മാറി. ഭിലായിയായിരുന്നു നിയോഗിയുടെ ദത്തുമാതൃഭൂമി. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ വിദഗ്ദ്ധ തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടിരിക്കേ അദ്ദേഹം ശാസ്ത്രത്തിലും എഞ്ചിനീയിറിംഗിലും ബിരുദങ്ങള്‍ കരസ്ഥമാക്കി.
1964-65 ഓടുകൂടി തൊഴിലാളി സംഘാടനത്തിലേക്ക് വരികയും ‘ബ്ലാസ്റ്റ് ഫര്‍ണസ് ആക്ഷന്‍ കമ്മിറ്റി’യുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്ത് നടന്ന ‘ബാരിയ കലാപ’ത്തെ തുടര്‍ന്ന് രൂപീകരിച്ച വര്‍ഗീയവിരുദ്ധ മുന്നണിയില്‍ അദ്ദേഹവും യൂണിയനും വളരെ കാര്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. നൂതനമായ പ്രവര്‍ത്തനരീതികളും വ്യത്യസ്തമായ കഴിവുകളും അദ്ദേഹത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ടവനാക്കിയെങ്കിലും ഇത് മുഖ്യധാരാ യൂണിയന്‍ നേതാക്കളെ അദ്ദേഹത്തില്‍ നിന്നകറ്റി.
‘വസന്തത്തിന്റെ ഇടിമുഴക്കം’ സംഭവിച്ച 1967ല്‍ അദ്ദേഹം വിപ്ലവ രാ്ര്രഷ്ടീയത്തില്‍ ആകൃഷ്ടനാകുകയും ‘സി.പി.ഐ.എം.എല്‍’ ന്റെ മുന്‍രൂപമായിരുന്ന ‘കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റവല്യൂഷണറീസില്‍’ പങ്കാളിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. വൈകാതെ തന്നെ അദ്ദേഹത്തിന് ജോലി നഷ്ടമായി. ‘സ്ഫുലിംഗ്’ എന്ന പേരില്‍ ഒരു ഹിന്ദി പ്രസിദ്ധീകരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
അതേത്തുടര്‍ന്നാണ് നിയോഗി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീടുള്ള നാളുകളില്‍ നിയോഗി ‘സി.പി.ഐ.എം.എല്‍’ ന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ഒളിവില്‍ പോവുകയും ചെയ്തു. മഹാരാഷ്ട്ര-ബസ്തര്‍ അതിര്‍ത്തിയിലെ വനമേഖലകളിലായിരുന്നു ഇക്കാലത്തദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എഴുപതുകളിലെപ്പോഴോ അദ്ദേഹം സംഘടന വിട്ട് സ്വതന്ത്രമായി.
ശങ്കര്‍ ഗുഹാ നിയോഗിയെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്തകം- എഡിറ്റര്‍ ഡോ. സ്മിത പി. കുമാര്‍
പിന്നീടുള്ള അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയുള്ള സഞ്ചാര ജീവിതം ഛത്തീസ്ഗഢിന്റെ വിവിധ ഭാഗങ്ങളിലായി പലവിധ തൊഴിലുകളിലേക്കും അവിടങ്ങളിലെ സമരങ്ങളിലേക്കും അദ്ദേഹത്തെ കൊണ്ടുപോയി.
ഉത്തര ബസ്തര്‍ വനമേഖലയിലെ കൂലിപ്പണി, ദുര്‍ഗ് ജില്ലയിലെ മീന്‍പിടുത്തവും വില്‍പ്പനയും, കെറി ജുന്‍ഗതയിലെ കാര്‍ഷിക ജോലി, രാജ്നന്ദഗാവിലെ ഉള്‍പ്രദേശങ്ങളില്‍ ആടിനെ മേയ്ക്കല്‍ ഇവയൊക്കെയായിരുന്നു അവയില്‍ ചിലത്. എല്ലായിടങ്ങളിലും പ്രാദേശികമായി നിലനിന്നിരുന്ന സമരങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. ബസ്തറിലെ ആദിവാസികളുടെ സമരം, രാജ്നന്ദഗാവിലെ മോംഗ്ര റിസര്‍വോയറിനെതിരായ സമരം, ദൈഹാന്തിലെ ജനങ്ങളുടെ വെള്ളത്തിന് വേണ്ടിയുള്ള സമരം ഇവയൊക്കെയായിരുന്നു അവ.
ഖനി തൊഴിലാളികള്‍
ഇവയിലൂടെയായിരുന്നു ജനകീയ മുന്നേറ്റങ്ങളുടെ ആദ്യപാഠങ്ങള്‍ നിയോഗി മനസ്സിലാക്കിയത്. പിന്നീട് ദനിതോലയില്‍ താമസമാക്കി ക്വാര്‍ട്ട്സൈറ്റ് ഖനികളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം ഖനികളും ഖനിതൊഴിലാളികളുമായി ദീര്‍ഘമായി ഇടപെടുന്നത്.
അടിയന്തിരാവസ്ഥയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും 13 മാസത്തോളം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയില്‍മോചിതനായതിനെ തുടര്‍ന്ന് ഡാല്ലി രാജ്ഹാരയിലേക്ക് താമസം മാറി. അവിടെയാണ് സി.എം.എസ്.എസ് (ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ്) പിറക്കുന്നത്. കേവലം രണ്ടു മാസങ്ങള്‍ കൊണ്ട് തന്നെ ഇരുമ്പയിര് ഖനി തൊഴിലാളികള്‍ക്കിടയിലെ ഏറ്റവും സുപ്രധാന യൂണിയനായി സംഘടന മാറി.
ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിക്കാതെ തന്നെ ആയിരക്കണക്കിന് തൊഴിലാളികള്‍ യൂണിയനിലെ അംഗങ്ങളായി. മെയ്ദിന റാലിയും സമരപരിപാടികളുമെല്ലാം വലിയ രീതിയില്‍ യൂണിയന്റെ ശക്തി തെളിയിച്ചു. രാജ്യത്തെ ബഹുഭൂരിഭാഗം ഖനിമേഖലകളുടെയും ഭരണം കയ്യാളുന്ന മുഖ്യധാരാ ട്രേഡ് യൂണിയന്‍ നേതാക്കള്‍, കരാറുകാര്‍, ഉദ്യോഗസ്ഥ മേലാളന്‍മാര്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഈ റാലികള്‍ കണ്ട് ഭയന്നു വിറച്ചു. പരിഭ്രാന്തരായ ഈ സഖ്യം യൂണിയന് നേരെ പ്രതികാരബുദ്ധിയോടെ ഇടപെട്ടുതുടങ്ങി.
നിയോഗിയും യൂണിയനും ഒരു തരി പോലും പിറകോട്ടുപോയില്ല എന്ന് മാത്രമല്ല തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ നിരന്തരമായ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു. വലിയ സമരങ്ങള്‍ക്കൊടുവില്‍ ബോണസ്, പ്രീ മണ്‍സൂണ്‍ അലവന്‍സ് എന്നിവ സ്റ്റീല്‍പ്ലാന്റും കരാറുകാരും ചേര്‍ന്ന് തുല്യമായി പങ്കിട്ടു നല്‍കാമെന്ന് സമ്മതിക്കുകയുണ്ടായി. സി.എം.എസ്.എസ് നടത്തിയ സമരങ്ങള്‍ വിജയം കണ്ട വാര്‍ത്ത ഡാല്ലി രാജ്ഹാരയിലെ ഇരുമ്പയിര് ഖനികളില്‍ നിന്നും നന്ദിനിയിലെയും ദനിതോലയിലെയും ചുണ്ണാമ്പു ഖനികളിലേക്കും ഹിറിയിലെ ഡോളോലൈറ്റ് ഖനികളിലേക്കും പടരുകയും പതിയെ അവിടങ്ങളിലെല്ലാം യൂണിയന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
വേതനവര്‍ദ്ധനവിനും മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനും വേണ്ടി 1977 സെപ്തംബറില്‍ നടത്തിയ അനിശ്ചിതകാല സമരമായിരുന്നു സി.എം.എസ്.എസിന്റെ മുന്‍കൈയില്‍ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം. ജോലിയുള്ള ദിവസങ്ങളില്‍ ഒരു തൊഴിലാളിക്ക് ലഭിച്ചിരുന്ന ദിവസക്കൂലി ഏതാണ്ട് നാല് രൂപയായിരുന്നു. ഉപയോഗിച്ച അയിര് അണ്‍ലോഡ് ചെയ്യുന്നതിന് ടണ്ണിന് 27 പൈസയും. ചില ദിവസങ്ങളിലെല്ലാം ഏതാണ്ട് 16 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അക്കാലത്ത് തൊഴിലാളികള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു.
എണ്ണായിരത്തോളം ഖനി തൊഴിലാളികള്‍ കേവലം കരാര്‍ തൊഴിലാളികള്‍ മാത്രമായിരുന്നുവെന്നതിനാല്‍ അവരുടെ വേതനവും തൊഴില്‍ സാഹചര്യങ്ങളും അങ്ങേയറ്റം മോശപ്പെട്ട നിലയിലായിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവര്‍ കരാര്‍ തൊഴിലാളികളുടെ പ്രശ്നങ്ങളും ഉന്നയിച്ചു. കരാര്‍ തൊഴില്‍ അവസാനിപ്പിക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ ജോലികളെ വകുപ്പുവല്‍ക്കരിക്കുന്നതിനുമായി ഒരു സ്ഥിര മുന്നേറ്റം രൂപപ്പെട്ടു. അതോടുകൂടി ഖനി ഉടമസ്ഥരോടൊപ്പം തൊഴില്‍ കരാറുകാരുടെയും വിദ്വേഷം യൂണിയന് നേരിടേണ്ടി വന്നു.
കരാറുകാരെ ഒഴിവാക്കുന്നതിനായി യൂണിയന്‍ തന്നെ തൊഴിലാളിസഹകരണ സംഘങ്ങള്‍ രൂപീകരിച്ചു. യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ യൂണിയനെ തകര്‍ക്കാനായി ഭിലായി സ്റ്റീല്‍ പ്ലാന്റ് തീരുമാനിക്കുന്നത് അപ്പോഴായിരുന്നു. എണ്‍പതുകളുടെ തുടക്കം മുതല്‍ യൂണിയന്‍ യന്ത്രവല്‍ക്കരണത്തിനെതിരായ സമരങ്ങളും ആരംഭിച്ചു. 1980 മെയ് മാസത്തിലാണ് ഈ വിഷയമുന്നയിച്ചുള്ള ആദ്യസമരമാരംഭിക്കുന്നത്. 1989 മെയ് മാസം വരെ ആ സമരം നീണ്ടു നിന്നു.
അതേസമയം തന്നെ തൊഴിലാളി സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ഖനി ഉടമസ്ഥരുടെ താത്പര്യപ്രകാരം അവിടങ്ങളില്‍ ‘സെന്റ്രല്‍ ഇന്‍ഡസ്ട്രിയല്‍ ഫോഴ്സി’നെ നിയോഗിക്കുകയുണ്ടായി. ഇതില്‍ ഒരു ജവാന്‍ പതിനാല് വയസ്സുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് 1980 സെപ്തംബറില്‍ നൂറുകണക്കിന് തൊഴിലാളികള്‍ ‘സി.ഐ.എഫ്’ ഉദ്യോഗസ്ഥരെ ഘെരാവോ ചെയ്തു. ഇതേത്തുടര്‍ന്ന് വെടിവെപ്പ് നടന്നു.
ഒരാള്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിയോഗിയും മറ്റു നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. വ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ഇതിന്‍മേല്‍ യാതൊരു നടപടിയുമുണ്ടായില്ല.
ഖനി തൊഴിലാളികളുടെ മാര്‍ച്ച്
യന്ത്രവല്‍ക്കരണമായിരുന്നു അക്കാലത്ത് തൊഴിലാളികള്‍ക്ക് മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. കമ്പനികള്‍ പക്ഷേ യന്ത്രവത്കരണനീക്കങ്ങളില്‍ നിന്നും പിറകോട്ട് പോകാന്‍ തയ്യാറായതുമില്ല. തൊഴിലാളികള്‍ നടത്തിയ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ഒടുക്കം സ്റ്റീല്‍ പ്ലാന്റ് മാനേജ്മെന്റ് താഴേക്കിറങ്ങി വന്ന് ചീഫ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി ഒരു ഉടമ്പടിയിലെത്തി. തൊഴിലാളികളുടെ’ഭാഗികമായ തരം തിരിക്കല്‍ അവര്‍ അംഗീകരിച്ചുവെങ്കിലും യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട ഭീഷണി അപ്പോഴും നിലനിന്നു.
തൊഴിലാളികളെ പിരിച്ചുവിടാതെ തന്നെ ഭാഗികമായ യന്ത്രവല്‍ക്കരണത്തിലൂടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുള്ള ഒരു നൂതനമായ പദ്ധതി അപ്പോഴേക്കും നിയോഗിയുടെ മുന്‍കൈയില്‍ സി.എം.എസ്.എസ് രൂപകല്‍പന ചെയ്തിരുന്നു. അവികസിത സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ഇത്തരമൊരു സ്ഥലത്ത് ഇങ്ങനെയൊരു ബദല്‍ പദ്ധതി വലിയതോതില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. 1983 നവംബറില്‍ നിയോഗിയും ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ”ഖനികള്‍, യന്തവല്‍ക്കരണം, തൊഴിലാളികള്‍” എന്ന വിഷയത്തില്‍ ദല്‍ഹിയില്‍ വെച്ചുനടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
നിയോഗി ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയുടെ മറ്റ് പ്രവര്‍ത്തകരോടൊപ്പം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റുകളെയും അക്കാദമികമായി ഈ വിഷയത്തില്‍ ഇടപെടുന്നവരെയും ഒരു പരസ്പര സംവാദത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന ഈ സമ്മേളനം സംഘടിപ്പിച്ചത് ‘പീപ്പിള്‍സ് യൂണിയന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ്’ ആയിരുന്നു.
തൊഴിലാളികളുടെ പ്രതിരോധത്തെ നേരിടാന്‍ കഴിയാത്ത കാരണത്താലും അവര്‍ മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയിലുണ്ടായ വിശ്വാസവും വഴി, സ്റ്റീല്‍ പ്ലാന്റ് മാനേജ്മെന്റ് അവരുടെ പദ്ധതിയില്‍ നിന്നും പതിയെ പിന്തിരിഞ്ഞു. കുറച്ചു കാലങ്ങള്‍ക്ക് ശേഷം 1989-ല്‍ മാനേജ്മെന്റ് മറ്റൊരു ശ്രമം നടത്തി. ഇത്തവണ ഒരുകൂട്ടം തൊഴിലാളികളുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ എണ്ണം കുറയ്ക്കാന്‍ രഹസ്യമായി അവര്‍ തീരുമാനിച്ചു. എന്നാല്‍ തൊഴിലാളികള്‍ വീണ്ടും മൂന്നാഴ്ച്ചയോളം സമരം ചെയ്യുകയും അധികാരികളെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.
നിയന്ത്രിതമായിരുന്ന സമരോത്സുകതയെ മാറ്റി നിര്‍ത്തിയാല്‍ ഡാല്ലി രാജ്ഹാരയിലെ ഖനി തൊഴിലാളിപ്രസ്ഥാനത്തിലെ ഏറ്റവും ശക്തമായ ഉള്‍ബലമെന്നത് സ്ത്രീകളുടെ ഇടപെടലായിരുന്നു.
ഡാല്ലി രാജ്ഹാരയിലെ ഖനി തൊഴിലാളികള്‍ക്കിടയില്‍ സി.എം.എസ്.എസിന് അതിന്റെ ആഴത്തിലുള്ള വേരുകളുണ്ടാക്കാന്‍ സാധിച്ചത് തൊഴിലാളികളില്‍ പകുതിയോളം സ്ത്രീകളാണെന്ന കാരണത്താലായിരുന്നു. ജോലിയുടെ സ്വഭാവം പരസ്പരം പങ്കുചേര്‍ന്ന് ചെയ്യേണ്ട തരത്തിലായിരുന്നുവെന്നത് സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ധിക്കാന്‍ പ്രധാന കാരണമായി. (ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജോലി ചെയ്യുകയെന്നത് സാധാരണയായിരുന്നു). വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും വേണമെന്ന കാരണത്താല്‍ സ്ത്രീകളെയും ഛത്തീസ്ഗഢിലെ സാധാരണക്കാരെയും ഒഴിവാക്കിയ ഇതര യന്ത്രവല്‍കൃത ഖനികളില്‍ നിന്നും ഇവയ്ക്ക് കാര്യമായുണ്ടായ വ്യത്യാസം ഇതായിരുന്നു.
സമരത്തിന്റെ തുടക്കകാലം മുതലേ സ്ത്രീകളുടെ പങ്ക് കൃത്യവും പ്രാധാന്യവുമുള്ളതുമായിരുന്നു. അവരില്‍ 1977ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട അനസൂയ ബായ് യൂണിയനിലെ പ്രധാനപ്പെട്ട ഒരു നാടോടി ഗായികയായിരുന്നു. രൂപീകൃതമാകുന്ന കാലത്ത് തന്നെ സി.എം.എസ്.എസിന്റെ കമ്മിറ്റികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യയിലെ ട്രേഡ് യൂണിയനുകളില്‍ ഈ രീതി വളരെ അപൂര്‍വ്വമായിരുന്നു.
യൂണിയനിലെ സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം, കരാറുകാരില്‍ നിന്നും അവരുടെ പിണിയാളുകളില്‍ നിന്നും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുമായിരുന്ന ലൈംഗികാതിക്രമങ്ങളെ ഇല്ലാതാക്കി. തൊഴിലിടങ്ങളില്‍ നിന്നും അവരുടെ വീടുകളിലേക്കുകൂടിയുള്ള ട്രേഡ് യൂണിയന്റെ വളര്‍ച്ചയ്ക്ക് സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ പ്രകൃതവും വ്യാപ്തിയും കാരണമായി.
പിന്നീടുയര്‍ന്നുവന്ന പ്രശ്നങ്ങളിലൊന്ന് മദ്യപാനമായിരുന്നു. ആദ്യകാലങ്ങളിലെല്ലാം യൂണിയന്റെ ഇടപെടല്‍ വഴി ലഭിച്ചിരുന്ന അധിക വേതനമെല്ലാം പോയിരുന്നത് പുരുഷ തൊഴിലാളികളുടെ വ്യാപകമായ മദ്യപാനത്തിലേക്കായിരുന്നു. കൂലി കൊടുക്കുന്നതിലൂടെ തങ്ങള്‍ക്ക് നഷ്ടമാകുന്ന പണം തിരിച്ചുപിടിക്കുന്നതിനായി കരാറുകാര്‍ തന്നെ തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ മദ്യ വില്‍പന നടത്തിയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പറയുന്നത് ഡാല്ലി രാജ്ഹാരയിലെ മദ്യോപഭോഗം 1976ല്‍ നിന്നും 1982ല്‍ എത്തിയപ്പോഴേക്കും ഒന്നര മടങ്ങ് വര്‍ദ്ധിച്ചുവെന്നാണ് (20,00036,000 ലിറ്റര്‍).
ഇതേ കാലയളവില്‍ തന്നെ കരാറിനുവേണ്ടിയുള്ള ലൈസന്‍സ് ഫീസ് 5.5 ലക്ഷത്തില്‍ നിന്നും 1.4 ദശലക്ഷത്തിലേക്കുയരുകയും ചെയ്തു. പുരുഷതൊളിലാളികള്‍ക്കിടയിലെ ഈ രീതിയിലുള്ള മദ്യാസക്തി തെരുവുകളിലും വീടുകളിലും പലതരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. വീടുകളില്‍ സ്ത്രീപീഡനത്തിന്റെയും ദാരിദ്ര്യത്തിന്റെയും ആധിക്യം വളര്‍ത്തി. 1981ല്‍ മഹസുമുന്ദിനടുത്ത് ഒരു വലിയ കൂട്ടം തൊഴിലാളികള്‍ വ്യാജമദ്യം കഴിച്ച് മരണപ്പെടുകയുണ്ടായി. സി.എം.എസ്.എസ് മദ്യത്തിനെതിരായ ക്യാംപയിന്‍ ആരംഭിക്കുന്നതിന് ഈ ഒരു പശ്ചാത്തലം കൂടി കാരണമായിരുന്നു.
സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് ഈ ക്യാംപയിനിന്റെ ശക്തമായ നടപ്പിലാക്കല്‍ സാധ്യമായത്. മദ്യക്കച്ചവടക്കാരില്‍ (ഖനി-തൊഴില്‍ കരാറുകാരില്‍ നിന്നും ഇവരെ വേര്‍തിരിക്കാന്‍ സാധ്യമല്ല) നിന്നും അവര്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ മേലാളന്‍മാരില്‍ നിന്നും തുടക്കത്തില്‍ ഈ മൂവ്മെന്റ് വലിയ ഭീഷണികള്‍ നേരിട്ടിരുന്നു. സമരക്കാര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകളും അക്കാലത്തുണ്ടായിരുന്നു.
പക്ഷേ അവസാനമായപ്പോഴേക്കും മദ്യത്തിനെതിരായ പ്രചരണങ്ങള്‍ വലിയ വിജയം കാണുകയും തൊഴിലാളികളുടെ വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുകയും ചെയ്തു. അതുവഴി അവരുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി.
ഷഹീദ് ഹോസ്പിറ്റല്‍
അതിനുശേഷം മികച്ച ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് സി.എം.എസ്.എസ് മറ്റൊരു ക്യാംപയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് നഗരത്തില്‍ 80 ബെഡുകളുള്ള ഒരു ആശുപത്രി ആരംഭിച്ചത്. 1977 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി ഇതിന് ഷഹീദ് ഹോസ്പിറ്റല്‍ എന്ന് പേരിട്ടു. മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി പോരാടിയ ഒരു ജനതയുടെ സ്മരണാര്‍ത്ഥം ഇന്നും ആ ആശുപത്രി പ്രവര്‍ത്തിക്കുന്നു. ഇതിനും ശേഷം ആറോളം സ്‌കൂളുകളും സി.എം.എസ്.എസ് ആരംഭിച്ചു.
ഖനിതൊഴിലാളികളുടെ മൂവ്മെന്റിന്റെ ഭാഗമായി നടന്ന ഇത്തരം പരീക്ഷണങ്ങളാല്‍ ലിബറല്‍ ബുദ്ധിജീവികള്‍ പോലും ആകര്‍ഷിക്കപ്പെട്ടു. തൊഴിലാളികളുടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ക്കുവേണ്ടി സാധ്യമായ തരത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചു. 1976-77 കാലഘട്ടത്തില്‍ ഒറ്റയടിക്ക് 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇന്ന് അത് നിയമപ്രകാരം തന്നെ എട്ട് മണിക്കൂറായി മാറിയിട്ടുണ്ട്.
അക്കാലത്ത് ഒരു തൊഴിലാളിയുടെ ദിവസക്കൂലി നാല് രൂപയായിരുന്നു. പിന്നീട് അത്, 70 ഉം 80 ഉം രൂപയായി വര്‍ദ്ധിച്ചു. ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍, ‘അഭിമാനത്തോടുകൂടി ജീവിക്കുക’ എന്ന ഭരണഘടന മുന്നോട്ടുവെക്കുന്ന ലക്ഷ്യം ഉറപ്പിക്കുകയായിരുന്നു. ഖനിതൊഴിലാളികളുടെ മുന്‍കൈയില്‍ നടന്ന സമരങ്ങളും അവയുടെ സ്ഥിരതയും ഛത്തീസ്ഗഢിലെമ്പാടും നിരവധിയായ ജനകീയ സമരങ്ങള്‍ക്ക് ജന്മം കൊടുത്തു.
ശങ്കര്‍ ഗുഹാ നിയോഗി
മധ്യപ്രദേശിന്റെ കിഴക്കുഭാഗത്തെ റായ്പുര്‍, ബിലാസ്പുര്‍, ദുര്‍ഗ്, രാജ്നന്ദഗാവ്, റായ്ഗഡ്, സര്‍ഗുജ, ബസ്തര്‍ എന്നീ ഏഴ് കിഴക്കന്‍ ജില്ലകള്‍ ചേര്‍ന്നാണ് ഛത്തീസ്ഗഢ് രൂപപ്പെടുന്നത്. കിഴക്കന്‍ ഹിന്ദിയില്‍ നിന്നും പരിണമിച്ചുവന്ന ഛത്തീസ്ഗഢിയാണ് ഇവിടുത്തെ സാധാരണ സംസാരഭാഷയെങ്കിലും മിക്ക ആദിവാസി (ഈ ജില്ലകളിലെ ജനസംഖ്യയുടെ 30 മുതല്‍ 80 വരെ ശതമാനവും ആദിവാസികളാണ്) വിഭാഗങ്ങളും അവരുടേതായ ഭാഷകള്‍ തന്നെയാണ് സംസാരിക്കുന്നത്.
ഭൂമിശാസ്ത്രപരമായി ഈ പ്രദേശത്തിന്റെ വലിയൊരു ഭാഗവും സ്ഥിതിചെയ്യുന്നത് മഹാനദിയുടെയും ശിബ്നാഥ് നദിയുടെയും തീരങ്ങളിലാണ്. കിഴക്ക് ഛോട്ടാനാഗ്പുര്‍ പീഠഭൂമിയിലും(സര്‍ഗുജ, റായ്ഗഡ്), തെക്ക് ഡക്കാന്‍ പീഠഭൂമിയിലുമായി(മദ്ധ്യ-ദക്ഷിണ ബസ്തര്‍) കിടക്കുന്ന ഛത്തീസ്ഗഢിന്റെ അതിര്‍ത്തി പ്രദേശങ്ങളെല്ലാം കൂടുതലും കുന്നുകളാണ്. സംസ്ഥാനത്തെ മികച്ച നെല്ല് വളരുന്നപ്രദേശത്തിന് നെല്ലറ എന്നര്‍ത്ഥം വരുന്ന ദനിതോല എന്ന പേര് വന്നു.
മൂല്യവത്തായ ധാതുക്കളുടെ നിക്ഷേപങ്ങളുണ്ടായിരുന്ന പ്രദേശങ്ങളില്‍ ഭിലായി സ്റ്റീല്‍ പ്ലാന്റ്, ഭാരത് അലൂമിനിയം കമ്പനി, കോര്‍ബ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്നീ ഭീമന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇത് സാധാരണമായും വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യങ്ങളായ വിദ്യാസമ്പന്നരും വൈദഗ്ധ്യവുമുള്ള തൊഴിലാളികളുടെയും (അവരില്‍ മിക്കവരും കുടിയേറ്റക്കാരായിരുന്നു), വലിയൊരളവില്‍ അസംഘടിത കരാര്‍ തൊഴിലാളികളുടെയും (ഇവരില്‍ ഭൂരിഭാഗവും സാധാരണ ആദിവാസികളായിരുന്നു) ആവശ്യകതയുണ്ടാക്കി.
കാലങ്ങളായി നിലനില്‍ക്കുന്ന വരള്‍ച്ചയും ജലസേചന സംവിധാനങ്ങളുടെ അഭാവവും, പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നവരെ നഗരങ്ങളിലെ തൊഴിലന്വേഷകരാക്കി മാറ്റി. ചൂഷണാത്മകമായ വ്യാവസായിക ഘടനയുടെ താഴെത്തട്ടിന്റെ ഭാഗമായി അവര്‍ മാറി. സി.എം.എസ്.എസ് പതിയെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ ഒരേപോലെ ഏറ്റെടുക്കാന്‍ തുടങ്ങി. തൊഴിലാളികളുടെ ആദ്യ തലമുറ മുതലുള്ളവര്‍ ഗ്രാമങ്ങളുമായി സജീവബന്ധം പുലര്‍ത്തിയവരായിരുന്നതിനാല്‍ സമരങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നത് എളുപ്പമായി.
ബൊഹര്‍ഭാദിയിലെ ധാന്യ ബാങ്കിലെ അഴിമതിക്കെതിരായി നടന്ന സമരം, നദിയയിലെ പൊതുഭൂമി പിടിച്ചെടുത്ത കബീര്‍പന്ത് ക്ഷേത്രത്തിലെ മുഖ്യപൂജാരികള്‍ക്കെതിരെ നടന്ന സമരം എന്നിവയെല്ലാം അക്കാലത്ത് നടന്ന സമരങ്ങളില്‍ ശ്രദ്ധേയമായവയായിരുന്നു. ഇത്തരം സമരങ്ങളിലൂടെയാണ് ‘ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച’ രൂപപ്പെട്ടുവന്നത്. ഛത്തീസ്ഗഢിലെ അവികസിതമായ ഉള്‍പ്രദേശങ്ങളിലെ ജനാഭിലാഷങ്ങളെ മുക്തി മോര്‍ച്ച ഏറ്റെടുത്തു. 1979 മുതല്‍ അവര്‍ ‘വീര്‍ നാരായണ്‍’ ദിനം ആചരിച്ചുതുടങ്ങി.
വീര്‍ നാരായണ്‍ സിംഗിന്റെ പേരില്‍ പുറത്തിറക്കിയ സ്റ്റാംപ്
രേഖപ്പെടുത്തപ്പെട്ടത് പ്രകാരം ‘വീര്‍ നാരായണ്‍ സിങ്ങ്’ ആയിരുന്നു പ്രദേശത്തെ ആദ്യ കര്‍ഷക പോരാളി. 1857 ഡിസംബര്‍ 19 ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നു. കുറച്ചു കാലങ്ങള്‍ കൊണ്ട് തന്നെ മുക്തിമോര്‍ച്ച പ്രദേശത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കൊരു വെല്ലുവിളിയായി ഉയര്‍ന്നു വന്നു.
മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ശുക്ല കുടുംബത്തിന്റെ, വെല്ലുവിളിക്കാന്‍ കഴിയാത്ത അപ്രമാദിത്യത്തിനു കീഴിലായിരുന്നു ദീര്‍ഘനാളുകളോളം ഛത്തീസ്ഗഢും. എന്നാല്‍ പിന്നീടുള്ള കാലങ്ങളില്‍ ഭരണകൂടം നടപ്പിലാക്കിയ വ്യവസായവല്‍ക്കരണവും മറ്റ് വികസന പ്രവര്‍ത്തനങ്ങളും വഴി ഒരു പുതിയ വരേണ്യ വിഭാഗം ഉയര്‍ന്നുവന്നു. തൊഴില്‍-ഖനി-മദ്യ കരാറുകാരായി മാറിയ ഈ പുതുതലമുറ രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും ആദിവാസികളായിരുന്നു.
കോണ്‍ഗ്രസിനകത്ത് തന്നെ ശുക്ല കുടുംബത്തിനെതിരെ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടുയര്‍ന്നു വരികയും, പിന്നീട് മുഖ്യമന്ത്രിയായി മാറുകയും ചെയ്ത അര്‍ജുന്‍ സിങ് ആയിരുന്നു ഇവരുടെ രക്ഷാധികാരി. മിക്ക കരാറുകാരെയും നിയന്ത്രിച്ചിരുന്ന, മുന്‍ മന്ത്രി കൂടിയായിരുന്ന ജമുക് ലാല്‍ ബേഡിയ അര്‍ജുന്‍ സിങിന്റെ വലം കൈയ്യായിരുന്നു. വാടകഗുണ്ടകളാലും പോലീസുകാരാലും യൂണിയന് നേരെ അക്കാലത്ത് നടന്ന മിക്ക അതിക്രമങ്ങള്‍ക്ക് പിറകിലും ഈ സഖ്യമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
മുക്തിമോര്‍ച്ചയുടെ വരവ് ഇവരെയെല്ലാവരെയും അസ്വസ്ഥരാക്കി. ഡിസംബര്‍ 19ലെ വീര്‍ നാരായണ്‍ ദിനാചരണം പലപ്രാവശ്യം തടസ്സപ്പെടുത്താന്‍ ഇവര്‍ ശ്രമം നടത്തി. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഭരണകൂടം വീര്‍ നാരായണ്‍ സിങിനെ അംഗീകരിക്കാന്‍ തയ്യാറായി. അതുവരെ കര്‍ഷകനേതാവായി മാത്രം അടയാളപ്പെടുത്തപ്പെട്ടിരുന്നയാള്‍ ‘സ്വാതന്ത്ര സമര പോരാളി’യായി അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേരക്കുട്ടിയെ കണ്ടെത്തുകയും പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. ധൃതിയില്‍ തയ്യാറാക്കപ്പെട്ട ഒരു ഔദ്യോഗിക ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടു.
വീര്‍ നാരായണ്‍ സിങിന്റെ ഗ്രാമം പ്രത്യേക പദ്ധതികളുടെ ഭാഗമായി ഏറ്റെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിത്രമുള്ള സ്റ്റാമ്പും പുറത്തിറങ്ങി. ജനങ്ങളുടേതായിരുന്ന ഒരു ചരിത്രത്തെ തങ്ങള്‍ക്കനുകൂലമാക്കാന്‍ വേണ്ടി നടത്തിയ വികല ശ്രമങ്ങളുടെ ഇതേരീതി തന്നെയാണ് തൊഴിലാളികളുടെ വേതന വിഷയത്തിലും അവര്‍ സ്വീകരിച്ചത്. 1985ല്‍ നടന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുക്തി മോര്‍ച്ചയുടെ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുകയുണ്ടായി.
യൂണിയന്‍ മുക്തി മോര്‍ച്ചയുടെ ഭാഗമാകുകയും പതിയെ അതിന്റെ വേരുകള്‍ സമീപ പ്രദേശങ്ങളിലേക്ക് പടരുകയും ചെയ്തു. രാജ്നന്ദഗാവിലെ ‘കപ്ട മസ്ദൂര്‍ സംഘ് (ആര്‍.കെ.എം.എസ്)’ ആയിരുന്നു മറ്റൊരു പ്രധാനപ്പെട്ട യൂണിയന്‍. 1896 ല്‍ രാജ്നന്ദഗാവില്‍ ആരംഭിച്ച തുണിമില്ലായിരുന്നു പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വ്യവസായശാല. കോളോണിയല്‍ കാലത്തെ ‘ഷാ വാലസ് മാനേജിംഗ് ഏജന്‍സി’ തൊട്ട് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഒടുക്കം 1972ല്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ‘നാഷണല്‍ ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍(എന്‍.ടി.സി)’ ആവുകയായിരുന്നു.
മറ്റ് എന്‍.ടി.സി മില്ലുകളിലെ വേതനങ്ങളിലെ തുല്യതയുടെ പ്രശ്നവും മാനേജ്മെന്റിലെ തൊഴിലാളികളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളും യൂണിയന്‍ ഏറ്റെടുത്തു. 1984 ജൂലൈയില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അതേ വര്‍ഷം തന്നെ സെപ്തംബര്‍ 12 ന് നടന്ന ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വെടിയുതിര്‍ക്കുകയും 3 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. കര്‍ഫ്യൂ ചുമത്തി. അനേകം സ്ത്രീ സമരക്കാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. മൂന്ന് സ്ത്രീകള്‍ പൊലീസുകാരാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. നിയോഗിയടക്കമുള്ള യൂണിയന്‍ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 5 മാസത്തെ തുടര്‍ച്ചയായ സമരത്തെത്തുടര്‍ന്ന് ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയോടെയാണ് സമരം അവസാനിച്ചത്.
സി.എം.എസ്.എസിന്റെ ഭാഗമായ യൂണിയനുകള്‍ 1989-90 കാലങ്ങളില്‍ ദുര്‍ഗ്-ഭിലായ് പ്രദേശങ്ങളില്‍ രൂപംകൊണ്ടു വരികയായിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നുതന്നെ രൂപപ്പെട്ടവയായിരുന്നു പ്രദേശത്തെ മറ്റ് മിക്ക വ്യവസായശാലകളും. രാജ്നന്ദഗാവിന്റെ ഒരറ്റം മുതല്‍ റായ്പൂരില്‍ പുതുതായി രൂപപ്പെട്ട ‘ഉര്‍ള ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ്’ വരെയുള്ള ശൃംഖലയില്‍ നിരവധി വ്യവസായശാലകളുണ്ട്. ഇവിടങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവുമെല്ലാം എഴുപതുകളുടെ മധ്യത്തില്‍ ഡാല്ലി രാജ്ഹാരയിലുണ്ടായിരുന്നതിന് സമാനമായിരുന്നു.
ഒരുപക്ഷേ അതിനേക്കാളും മോശവുമായിരുന്നു. ഇവിടുത്തെ വ്യവസായശാലകള്‍ താരതമ്യേന ചെറുതായിരുന്നുവെന്നതും പുത്തന്‍ വ്യവസായികള്‍, പ്രതിഷേധങ്ങള്‍ക്കുനേരെ തീവ്രമായ അടിച്ചമര്‍ത്തല്‍ നടത്തിയിരുന്നുവെന്നതും ഈ ഭാഗങ്ങളില്‍ തൊഴിലാളി സംഘാടനത്തെ പ്രയാസകരമാക്കി. ‘പ്രഗതിശീല്‍ എഞ്ചിനീയറിംഗ് ശ്രമിക് സംഘ്(പി.ഇ.എസ്.എസ്)’, ‘ഛത്തീസ്ഗഢ് ശ്രമിക് സംഘ്’, ‘ഛത്തീസ്ഗഢ് സിമന്റ് ശ്രമിക് സംഘ്’, ‘ഛത്തീസ്ഗഢ് മില്‍ മസ്ദൂര്‍ സംഘ്’ തുടങ്ങി മുക്തി മോര്‍ച്ചയുടെ ഭാഗമായിരുന്ന യൂണിയനുകള്‍ പ്രദേശത്ത് നല്ല രീതിയില്‍ വേരുകളുണ്ടാക്കി.
ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയുടെ മാര്‍ച്ച്
1990 ഒക്ടോബര്‍ 2ന് നടന്ന ഒരു ബഹുജന റാലിയാണ് ഈ മൂവ്മെന്റിന് വലിയൊരു വഴിത്തിരിവായത്. യൂണിയനുകളില്‍ പ്രത്യേകമായും ‘പി.ഇ.എസ്.എസ്’ മിനിമം കൂലി, ജീവിത വേതനം, തൊഴില്‍ സുരക്ഷ, കരാര്‍ വേതനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദൃഢമായ ആവശ്യങ്ങളുന്നയിച്ചു. മാനേജ്മെന്റിന്റെ വാടകഗുണ്ടകളില്‍ നിന്നും പോലീസില്‍ നിന്നും ഭീകരമായ അടിച്ചമര്‍ത്തല്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. സിംപ്ലക്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ ശാലകളിലായിരുന്നു സമരത്തിന്റെ അവസാനമാസങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
പ്രായോഗിക തലത്തില്‍ പത്തുമാസത്തിലധികം തൊഴിലാളികള്‍ സമരത്തിലായിരുന്നു. 1977ലെ വെടിവെപ്പിലേക്ക് നയിച്ച ഖനിതൊഴിലാളികളുടെ സമരത്തില്‍ അവരെ അറസ്റ്റ് ചെയ്തിരുന്ന അതേരീതിയില്‍, നിയമലംഘനമെന്ന കാരണത്താല്‍ അനേകം തൊഴിലാളികളെ ഇത്തവണയും സെഷന്‍ 107, സെഷന്‍ 151 ഇൃജഇ എന്നിവ ചുമത്തി അറസ്റ്റ് ചെയ്തു. അതും കഴിഞ്ഞ് 1991 ഫെബ്രുവരി 4ന്, മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ചില കേസ്സുകളുടെ പേരില്‍ ശങ്കര്‍ ഗുഹാ നിയോഗി വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നിയോഗിയുടെ ജീവിതത്തിന് ചില അപായ സാധ്യതകളുണ്ടെന്ന സൂചന ലഭിക്കുകയും ഏപ്രില്‍ 29ന് അദ്ദേഹം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതേ കാരണത്താല്‍ ജൂലൈ 4ന് വീണ്ടുമൊരു പരാതി നല്‍കി. പക്ഷേ പരാതിയിന്‍മേലൊന്നും യാതൊരു നടപടിയുമുണ്ടായില്ല എന്നു മാത്രമല്ല, അതിന് വിരുദ്ധമായി MP Rajya Suraksha Adhiniyam, 1990 (S.5) പ്രകാരം ഭരണകൂടം അദ്ദേഹത്തിന് നേരെ ചില നടപടികള്‍ സ്വീകരിച്ചു. The Central Provinces and Berar Goondas Act,1946 തുടങ്ങിയ കൊളോണിയല്‍ കാലത്തെ കുപ്രസിദ്ധ നിയമങ്ങളുടെ മാതൃകയിലായിരുന്നു ഈ നിയമവും.
സ്വതന്ത്ര ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന നിയമങ്ങളെയെല്ലാം ഇത് ലംഘിക്കുകയുണ്ടായി. ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും നിയോഗിക്കെതിരായി നടന്ന നടപടിയെയും ചോദ്യം ചെയ്തുകൊണ്ട് ജബല്‍പൂര്‍ ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ആഗസ്റ്റ് 10ന് കോടതി, നിയോഗിക്കെതിരായ നടപടിക്രമങ്ങളെ സ്റ്റേ ചെയ്തു. സെപ്തംബര്‍ പകുതിയില്‍ നിയോഗി നയിച്ച ഒരുകൂട്ടം തൊഴിലാളി പ്രതിനിധികള്‍ ദല്‍ഹിയില്‍ വെച്ച് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മറ്റുചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും നേരില്‍ കണ്ടു.
ഭോപ്പാലില്‍ വെച്ച് അദ്ദേഹം തൊഴില്‍വകുപ്പുമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ആയിടെ വ്യാപകമായ അടിച്ചമര്‍ത്തല്‍ നേരിട്ട ‘സമത സംഗതി’ന്റെ പ്രവര്‍ത്തകരെ ഹൊഷന്‍ഗാബാദിലും പിപാരിയയിലും വെച്ച് സന്ദര്‍ശിച്ചതിനു ശേഷം സെപ്തംബര്‍ 18 ന് അദ്ദേഹം ദുര്‍ഗിലേക്ക് തിരിച്ചു. പത്ത് ദിവസം കഴിഞ്ഞ് സെപ്ംബര്‍ 28 ന് പുലര്‍ച്ചെ അദ്ദേഹം വെടിയേറ്റു മരിച്ചു. ഖനി ഉടമസ്ഥര്‍ ഏര്‍പ്പാടാക്കിയ വാടകഗുണ്ടകള്‍ ഭിലായിയിലെ HUDCO കോളനിയിലെ വീടിന്റെ ജനലിലൂടെ അദ്ദേഹത്തിന് നേരെ ആറ് വെടിയുണ്ടകളുതിര്‍ക്കുകയായിരുന്നു.
ശങ്കര്‍ ഗുഹാ നിയോഗിയുടെ മൃതദേഹം
നിയോഗിയുടെ മരണ വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ച സെക്ടര്‍ 9 ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. പ്രദേശത്തെ നൂറ്റിയമ്പതോളം വ്യവസായശാലകളിലെ രണ്ടുലക്ഷത്തോളം തൊഴിലാളികള്‍ നിശ്ചലരായി. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്നെ ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘ് പിറന്നു വീണ ഡാല്ലി രാജ്ഹാരയിലേക്ക് സെപ്തംബര്‍ 29ന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോയി. ശവസംസ്‌കാരച്ചടങ്ങില്‍ ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിയോഗിയുടെ മരണത്തോടെ സുരക്ഷിതരായ പ്രമുഖ രാഷ്ട്രീയക്കാര്‍, വ്യവസായികള്‍ എന്നിവര്‍ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിച്ചു.
ഛത്തീസ്ഗഢ് പോലൊരു പിന്നോക്കപ്രദേശത്ത് നടന്ന കോളനീകരണാനന്തര വികസനപ്രവര്‍ത്തനങ്ങള്‍ അതിന്റെ സത്തയില്‍ തന്നെ അവികസിതസ്വഭാവം ഉള്‍ക്കൊള്ളുന്നതായിരുന്നു. തുടര്‍ച്ചയായ ഈയൊരു പ്രക്രിയ സാധാരണക്കാരെ അവരുടെ പരമ്പരാഗത തൊഴിലുകളില്‍ നിന്നും പിഴുതെറിഞ്ഞു. പിന്നീടവര്‍, പൊതു-സ്വകാര്യ മേഖലയുടെയോ ആസൂത്രണ-വിപണികളുടെയോ കീഴില്‍, വ്യവസായവല്‍ക്കരണത്തിന്റെ പീരങ്കിയുണ്ടകള്‍ക്ക് ഇരകളെന്ന പോല്‍, ദിവസക്കൂലിക്കാരോ കരാര്‍ തൊഴിലാളികളോ ആയി മാറി.
ശങ്കര്‍ ഗുഹാ നിയോഗിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
എപ്പോഴാണോ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അപ്പോഴെല്ലാം, മേല്‍പ്പറഞ്ഞ വികസനപ്രക്രിയയിലെ പരാദങ്ങളായ രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ ഭരണകൂടത്തിന്റെ സഹായത്തോടെ അവയെ തകര്‍ത്തുകൊണ്ടിരുന്നു.
ഛത്തീസ്ഗഢിലെ ജനകീയ പ്രതിരോധങ്ങളെല്ലാം എക്കാലത്തും ഇതേ അവസ്ഥയായിരുന്നു നേരിട്ടത്. ട്രേഡ് യൂണിയന്‍ മൂവ്മെന്റിന്റെ സങ്കുചിതവും പരമ്പരാഗതവുമായ അതിരുകളെ തുടക്കത്തില്‍ തന്നെ തൊഴിലാളികള്‍ മറികടന്നു. വേതനം, തൊഴില്‍ സാഹചര്യം, വൈദഗ്ധ്യം അര്‍ദ്ധ യന്ത്രവല്‍കരണം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി ഇവയെല്ലാം അവരുടെ അജന്‍ഡകളായി വന്നു. വികസനത്തെക്കുറിച്ചുള്ള സമാന്തരമായ കാഴ്ച്ചപ്പാടുകളായിരുന്നു തീവ്രമായിരുന്ന ഈ ബഹുജന മുന്നേറ്റത്തിന്റെ നൂതനമായ സവിശേഷത.
അതേസമയം, ആര്‍ക്കെതിരെയാണോ അവര്‍ സമരം ചെയ്തത്, അതേ വരേണ്യവിഭാഗങ്ങളുടെ ഭരണഘടനാപരമായ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടായിരുന്നു അത്. ഋജുവും സ്പഷ്ടതയും വിളക്കിച്ചേര്‍ത്ത ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളായിരുന്നു അതിന്റെ മുഖമുദ്ര. തൊഴില്‍ നിയമനിര്‍മ്മാണ നിര്‍വഹണത്തിന്റെ പോരാട്ടഭൂമികയില്‍ നിന്നു തന്നെയായിരുന്നു ഈ പ്രക്ഷോഭങ്ങളെല്ലാം നടന്നു പോന്നത്. അധികാരികള്‍ക്ക് മനസിലാകണമെങ്കില്‍ ഹിംസ മാത്രമാണ് വഴി എന്നുള്ള രഷ്ട്രീയാന്തരീക്ഷത്തിലും പ്രസ്ഥാനം അവരുടെ സമാധാനവഴികളും ക്ഷമയും പിന്തുടര്‍ന്നു.
ശങ്കര്‍ ഗുഹാ നിയോഗിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഭരണഘടനയുടെ അടിസ്ഥാനമായ ജനാധിപത്യ ഇടത്തെ നിലനിര്‍ത്തുകയും തിരിച്ചറിയുകയും ചെയ്തുവെന്നത് ഛത്തീസ്ഗഢ് മൂവ്മെന്റിന്റെ അന്തസത്തയായിരുന്നു. മൂന്ന് പതിറ്റാണ്ട് നിലനിന്ന ഈ പ്രസ്ഥാനം ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവനും ജീവിതവും മാറ്റി മറിച്ചു.
ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ 18 വയസ്സുണ്ടായിരുന്ന ഒരു കുടിയേറ്റ തൊഴിലാളി, മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ സ്റ്റീല്‍ പ്ലാന്റ് ടൗണ്‍ഷിപ്പില്‍ വെച്ചുതന്നെ സെപ്തംബര്‍ 28ന് സെക്ടര്‍ 9 ഹോസ്പിറ്റലില്‍ വെച്ച് വീരോചിതമായ യാത്രയയപ്പ് സ്വീകരിച്ചു. സ്വത്വത്തെക്കുറിച്ചുള്ള ബോധവും സ്വാഭിമാനത്തോടുകൂടി ജീവിക്കാനുള്ള തീരുമാനവുമാണ് ഛത്തീസ്ഗഢിലെ ജനങ്ങളെ അടയാളപ്പെടുത്തുന്നത്. ഈ പ്രതിരോധത്തിന്റെ ഉല്‍പ്പന്നമായിരുന്നു ശങ്കര്‍ ഗുഹാ നിയോഗി. ഒരര്‍ത്ഥത്തില്‍ തിരിച്ചും.
ശങ്കര്‍ ഗുഹാ നിയോഗിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
ഡിറ്റന്‍ഷന്‍ ലോ യുടെ ഭാഗമായി എഴുപതുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടു, മിസ പ്രകാരം അടിയന്തരാവസ്ഥാ കാലത്ത്, എന്‍.എസ്.എ പ്രകാരം എണ്‍പതുകളില്‍, സി.ആര്‍.പി.സി കരുതല്‍ തടങ്കല്‍ നിയമപ്രകാരം പിന്നീട് പല തവണ, ഇങ്ങനെ ഔപചാരിക കുറ്റങ്ങളൊന്നുമില്ലാതെ തന്നെ അനേക കാലം അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.
ശങ്കര്‍ ഗുഹാ നിയോഗിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര
ഒരു ചെറിയ കേസിന് പോലും കോടതി വിധി പ്രകാരം അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്ത കുറ്റം ആഴത്തിലുള്ള സൈദ്ധാന്തിക ധാരണയോടുകൂടിയ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ‘ഓളപ്പരപ്പിലെ നുര’കളെന്നപോലെയായിരുന്നു, ജനകീയ സമരങ്ങളില്‍ നിയോഗി. അദ്ദേഹം കൊലചെയ്യപ്പെട്ട രീതിയും അദ്ദേഹത്തിന്റെ കൊലയാളികളെ സംരക്ഷിച്ചുകൊണ്ടുള്ള നടപടികളും സൂചിപ്പിക്കുന്നത്, ഭരണവര്‍ഗ്ഗത്തിന് നിയമവാഴ്ചയെത്തന്നെ നിഷേധിക്കേണ്ടുന്ന രീതിയിലുള്ള പ്രതിസന്ധിയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണ്.
വരാനിരിക്കുന്ന സന്നിഗ്ദ്ധ കാലത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നു ഇത്. ശങ്കര്‍ ഗുഹാ നിയോഗിക്ക് വേണ്ടിയുള്ള വിലാപത്തേക്കാള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത് ജനങ്ങളുടെ പോരാട്ടത്തോടൊപ്പം നില്‍ക്കലാണെന്നുള്ളത് ജനാധിപത്യശക്തികള്‍ മനസ്സിലാക്കേണ്ടതുണ്ട്.