| Wednesday, 13th February 2019, 12:48 pm

ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകളുണ്ട്; രണ്ട് ദിവസത്തിനകം അറസ്റ്റു ചെയ്യാനാകുമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിതുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോപ്പുലര്‍ഫ്രണ്ട് സഹയാത്രികനും മതപ്രഭാഷകനുമായ ഷെഫീക്ക് അല്‍ഖാസിമിയെ രണ്ട് ദിവസത്തിനകം അറസ്റ്റു ചെയ്യാനാകുമെന്ന് പൊലീസ്.

ഷെഫീക്ക് അല്‍ഖാസിമിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്നും നെടുമങ്ങാട് ഡി.വൈ,എസ്.പി ഡി.അശോകന്‍ പറഞ്ഞു.

സംഭവത്തില്‍ ഷെഫീഖ് അല്‍ ഖാസിമിയ്ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഖാസിമി ഒളിവില്‍ പോയത്.

Read Also : ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്: തൃശൂരില്‍ കെ.സുരേന്ദ്രന്‍

അതേസമയം ഖാസിമിക്ക് വേണ്ടി പൊലീസ് തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലടക്കം പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഷെഫീക്ക് അല്‍ ഖാസിമിയുടെ വീട്ടിലും പൊലീസ് തെരച്ചില്‍ നടത്തി. പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കീഴടങ്ങണമെന്ന് അഭിഭാഷകന്‍ വഴി പൊലീസ് ഇമാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കീഴടങ്ങാന്‍ സന്നദ്ധമല്ലെങ്കില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ സന്നദ്ധമാണെന്ന് പൊലീസിനെ അറിയിച്ചു. പിതാവ് വിദേശത്ത് നിന്ന് എത്തിയ ശേഷം പരാതി നല്‍കും. കൗണ്‍സലിങ്ങിന് വിധേയമാക്കി പെണ്‍കുട്ടിയുടെയും ദൃക്സാക്ഷികളായ സ്ത്രീകളുടെയും മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകല്‍, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

ഖാസിമിയ്ക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം പള്ളിക്കമ്മിറ്റി അദ്ദേഹത്തെ തോളിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം സ്ഥാനത്തുനിന്നും  പുറത്താക്കിയിരുന്നു. ഇമാംസ് കൗണ്‍സിലില്‍ നിന്നും ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more