ആദ്യ കളി മങ്ങിയപ്പോള്‍ തീര്‍ന്നെന്ന് കരുതിയോ... ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നവളല്ലേ, അങ്ങനെ തോല്‍ക്കാനൊക്കുമോ
Sports News
ആദ്യ കളി മങ്ങിയപ്പോള്‍ തീര്‍ന്നെന്ന് കരുതിയോ... ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നവളല്ലേ, അങ്ങനെ തോല്‍ക്കാനൊക്കുമോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 4:33 pm

ഇന്ത്യന്‍ വനിതാ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. കഴിഞ്ഞ ദിവസം മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരവും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. 19 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

96 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശ് മത്സരം അനായാസം വിജയിക്കുമെന്നും പരമ്പരയില്‍ ഒപ്പമെത്തുമെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് പരാജയത്തിലേക്ക് വഴുതി വീണത്.

അവസാന ഓവറില്‍ നാല് വിക്കറ്റ് കയ്യിലിരിക്കെ പത്ത് റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഷെഫാലി വര്‍മയെന്ന സൂപ്പര്‍ താരത്തിന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ ബംഗ്ലാദേശിന് തോല്‍വി സമ്മതിക്കേണ്ടി വരികയായിരുന്നു.

അവസാന ഓവറില്‍ ഒറ്റ റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ഷെഫാലി നേടിയത്. ഒരു റണ്‍ ഔട്ടും അവസാന ഓവറില്‍ പിറന്നിരുന്നു.

ഓവറിലെ ആദ്യ പന്തില്‍ ഷോട്ട് കളിച്ച നാഹിദ അക്തര്‍ സിംഗിള്‍ നേടുകയും രണ്ടാം റണ്‍സിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം റണ്‍സ് ഓടി പൂര്‍ത്തിയാക്കാന്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റബേയ ഖാതൂനിന് സാധിക്കാതെ വന്നതോടെ ഓവറിലെ ആദ്യ വിക്കറ്റ് പിറന്നു.

രണ്ടാം പന്തില്‍ നാദിഹ അക്തറിനെ ഹര്‍ലീന്‍ ഡിയോളിന്റെ കൈകളിലെത്തിച്ച ഷെഫാലി നാലാം പന്തില്‍ ഫാത്തിമ ഖാനെ റിട്ടേണ്‍ ക്യാച്ചായും മടക്കി. അഞ്ചാം പന്തില്‍ റണ്‍സൊന്നും പിറന്നില്ല. ഇന്നിങ്‌സിലെ അവസാന പന്തില്‍ മാറുഫ അക്തറിനെ യാഷ്ടിക ഭാട്ടിയ സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ വിജയവും ഷെഫാലിയുടെ പേരില്‍ മൂന്ന് വിക്കറ്റ് നേട്ടവും കുറിക്കപ്പെട്ടിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് രണ്ടാം മത്സരത്തില്‍ ഷെഫാലി നല്‍കിയത്.

ഷേര്‍ ഇ ബംഗ്ലയില്‍ മങ്ങിയപ്പോള്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച ആരാധകരുടെ വിശ്വാസം കൂടിയാണ് ഷെഫാലി മിര്‍പൂരില്‍ കാത്തത്. ഒരു ഇന്റര്‍നാഷണല്‍ ഇവന്റില്‍ ആദ്യമായി ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ തിരിച്ചുവരുമെന്ന് അവര്‍ക്കുറപ്പായിരുന്നു.

 

മിര്‍പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുകയും നിര്‍ണായകമായ അവസാന ഓവറില്‍ പത്ത് റണ്‍സ് ഡിഫന്‍ഡ് ചെയ്തുമാണ് ഷെഫാലി ഇന്ത്യയുടെ വിജയനായികയായത്.

ജൂലൈ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷേര്‍ ഇ ബ്ലംഗ്ലാ സ്റ്റേഡിയമാണ് വേദി.

 

Content highlight: Shafali Verma’s brilliant performance against Bangladesh