| Sunday, 27th June 2021, 11:32 pm

മൂന്ന് ഫോര്‍മാറ്റുകളും കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്ററായി ഷഫാലി വെര്‍മ്മ

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിസ്റ്റോള്‍: ഏകദിന, ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി
ഷഫാലി വെര്‍മ്മ. ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങിയതാണ് ഷഫാലിയെ അപൂര്‍വ നേട്ടത്തിനര്‍ഹയാക്കിയത്.

2019ല്‍ ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ച ഷഫാലി ഈ മാസം ആദ്യം തന്റെ കന്നി ടെസ്റ്റ് കളിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരവും വനിതകളില്‍ മൂന്നാമത്തെയാളുമാണ് ഷഫാലി.

17 വയസ്സും 150 ദിവസവുമാണ് ഷഫാലിയുടെ പ്രായം. അരങ്ങേറ്റത്തില്‍ മത്സരത്തില്‍ മൂന്ന് ബൗണ്ടറി സഹിതം 14 പന്തില്‍ നിന്ന് 15 റണ്‍സാണ് ഷഫാലി നേടിയത്.

അഫ്ഗാനിസ്ഥാന്റെ മുജീബുറഹ്മാനാണ്(17 വയസ്സും 78 ദിവസവും) എല്ലാ ഫോര്‍മാറ്റുകളിലും അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍.
മുന്‍ ഇംഗ്ലണ്ട് വനിതാ ടീം വിക്കറ്റ് കീപ്പര്‍ സാറാ ടെയ്ലര്‍, ഓസ്ട്രേലിയ വനിതാ ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയ, പാകിസ്ഥാന്റെ മുഹമ്മദ് അമീര്‍
എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളിലുള്ളവര്‍.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഈ മാസം ആദ്യം നടന്ന മത്സരത്തില്‍ ഷഫാലി തന്റെ പേരില്‍ കുറിച്ചിരുന്നു. 152 പന്തില്‍ നിന്ന് 96 റണ്‍സാണ് അന്ന് താരം നേടിയിരുന്നത്.

കഴിഞ്ഞ തവണത്തെ ട്വന്റി 20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഷഫാലി കാഴ്ചവെച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഷഫാലിയാണ്. ഹരിയാനയിലെ റോഹ്തക് സ്വദേശിനിയാണ് ഷഫാലി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Shafali Verma Becomes Youngest Indian Cricketer To Play All 3 Formats

Latest Stories

We use cookies to give you the best possible experience. Learn more