സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഇരട്ടകൊടുങ്കാറ്റ്; തകര്‍ന്നത് പാകിസ്ഥാന്റെ 20 വര്‍ഷത്തെ ആരുംതൊടാത്ത റെക്കോഡ്
Cricket
സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഇരട്ടകൊടുങ്കാറ്റ്; തകര്‍ന്നത് പാകിസ്ഥാന്റെ 20 വര്‍ഷത്തെ ആരുംതൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th June 2024, 4:17 pm

ഇന്ത്യ വിമണ്‍സും സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയായും ചേര്‍ന്ന് കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 292 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് നേടിയത്.

161 പന്തില്‍ 149 റണ്‍സ് നേടിക്കൊണ്ടായിരുന്നു സ്മൃതിയുടെ തകര്‍പ്പന്‍ പ്രകടനം. 26 ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഡല്‍മാറി ടെക്കറിന്റെ പന്തില്‍ അന്നറി ഡെര്‍ക്‌സണിന് ക്യാച്ച് നല്‍കിയാണ് സ്മൃതി പുറത്തായത്. മറുഭാഗത്ത് ഷഫാലി വര്‍മയും ഡബിള്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 197 പന്തില്‍ 205 റണ്‍സ് നേടി കൊണ്ടായിരുന്നു ഷഫാലിയുടെ തകര്‍പ്പന്‍ പ്രകടനം. 23 ഫോറുകളും എട്ട് സിക്‌സുകളുമാണ് താരം നേടിയത്. സൗത്ത് ആഫ്രിക്കന്‍ താരം നോന്‍ങ്കുലുലേക്കോ മ്ലാബ ഷഫാലിയെ റണ്‍ ഔട്ട് ആക്കുകയായിരുന്നു.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. വിമണ്‍സ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2004ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന്‍ താരങ്ങളായ ബാലുച്ചും സജ്ജിദയും ചേര്‍ന്ന് നേടിയ 241 റണ്‍സ് മറികടന്നു കൊണ്ടായിരുന്നു ഷഫാലിയും സ്മൃതിയും ചരിത്രം കുറിച്ചത്. നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാകിസ്ഥാന്‍ താരങ്ങളുടെ ഈ നേട്ടം തകര്‍ക്കപ്പെടുന്നത്.

 

Content Highlight: Shafali Varma and Smrithi Mandhana great Performance against South Africa