|

ഓസീസ്, ഇംഗ്ലണ്ട് ഇതിഹാസങ്ങൾക്ക് ശേഷം ഇവൻ മാത്രം; ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഇസ്‌ലാമാബാദ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ക്വാറ്റ ഗ്ലാഡിയേറ്റേഴ്സിനെ 39 റണ്‍സിനാണ് ഇസ്‌ലാമാബാദ് പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഇസ്ലാമാബാദ് യൂണൈറ്റഡിനായി നായകന്‍ ശതാബ് ഖാന്‍ 13 പന്തില്‍ 23 റണ്‍സാണ് നേടിയത്. രണ്ട് സിക്സും ഒരു ഫോറുമാണ് ഇസ്ലാമാബാദ് നായകന്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ശതാബ് ഖാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒരു സീസണില്‍ 10 വിക്കകളും 300 റണ്‍സും നേടുന്ന ആദ്യ പാക്കിസ്ഥാന്‍ താരം എന്ന നേട്ടമാണ് ശതാബ് സ്വന്തം പേരില്‍ കുറിച്ചത്.

ഇതിനുമുമ്പ് പി.എസ്.എല്ലില്‍ ഒരു സീസണില്‍ 10 വിക്കറ്റും 300 റണ്‍സും നേടിയത് മുന്‍ ഇംഗ്ലണ്ട് താരം രവി ബൊപ്പാരയും മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സണുമാണ്. ബൊപ്പാര 2016ല്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ഷെയിന്‍ വാട്‌സണ്‍ 2018 സീസണിലും ഈ നേട്ടത്തിലെത്തി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇസ്ലാമാബാദ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് ആണ് നേടിയത്.

ഇസ്‌ലാമാബാദ് ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 47 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ന്യൂസിലാന്‍ഡ് താരം നേടിയത്.

ഗ്ലാഡിയേറ്റേഴ്സ് ബൗളിങ് നിരയില്‍ മുഹമ്മദ് അമീര്‍, അക്കീല്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വീതം വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗ്ലാഡിയേറ്റേഴ്സ് 18.4 ഓവറില്‍ 135 റണ്‍സിന് പുറത്താവുകയായിരുന്നു. ഇസ്‌ലാമാബാദ് ബൗളിങ്ങില്‍ ഇമാത് വസീം മൂന്നു വിക്കറ്റ് നസീം ഷാ രണ്ട് വിക്കറ്റും വീഴ്ത്തികൊണ്ട് ഗ്ലാഡിയേറ്റേഴ്സിനെ തകര്‍ക്കുകയായിരുന്നു.

ക്വാറ്റ ബാറ്റിങ്ങില്‍ യൂസഫ് 37 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പെഷവാര്‍ സാല്‍മിക്കെതിരെയാണ് ഇസ്‌ലാമാബാദിന്റെ അടുത്ത മത്സരം. ഇതില്‍ വിജയിക്കുന്ന ടീം ആയിരിക്കും മാര്‍ച്ച് 18 നടക്കുന്ന ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ നേരിടുക.

Content Highlight: Shadhab khan create a nerw record in PSL