2019ന് ശേഷം ചിതറി കിടന്ന പാകിസ്ഥാന്‍ ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവന്ന് മികച്ച ടീമാക്കി മാറ്റിയ നായകനാണ് ബാബര്‍ അസം. ഇതിനകം തന്നെ മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റില്‍ നടന്നുകയറുന്ന അദ്ദേഹം ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സര്‍ഫറാസ് അഹ്മദിന്റെ കയ്യില്‍ നിന്നാണ് ബാബര്‍ ക്യാപ്റ്റന്‍സി ഏറ്റുവാങ്ങിയത്. ഷദാബ് ഖാനാണ് പാകിസ്ഥാന്റെ വൈസ് ക്യാപ്റ്റന്‍. മുന്‍ നായകന്‍ സര്‍ഫറാസും ബാബറും തമ്മിലുള്ള വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടുകയാണ് ഷദാബിപ്പോള്‍.
ബാബര്‍ ഒരു സൈലന്റായ, വികാരങ്ങള്‍ അധികം പ്രകടപ്പിക്കാത്ത ക്യാപ്റ്റനാണെന്നും എന്നാല്‍ സര്‍ഫറാസ് കളിക്കളത്തില്‍ ആക്റ്റീവായ നായകനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘സര്‍ഫറാസ് കളിക്കളത്തില്‍ ഒരു സജീവ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ബാബര്‍ അസം തന്റെ വികാരങ്ങള്‍ അധികം പുറത്ത് കാണിക്കുന്നില്ല. അദ്ദേഹം എപ്പോഴും ശാന്തനാണ്. ക്യാപ്റ്റന്‍സിയുടെ ആദ്യഘട്ടത്തില്‍ ബാബര്‍ സമര്‍ദ്ദത്തിലായിരുന്നു എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ട്രാക്കിലായി; ഷദാബ് ഖാന്‍ ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു.
2019 ലോകകപ്പിന്റെ സെമി ഫൈനലിന് മുമ്പ് പുറത്തായ പാകിസ്ഥാന്‍ ടീമിന്റെ നായകനായിരുന്ന സര്‍ഫറാസിന് പകരക്കാരനായി ബാബര്‍ എത്തി. 2019ല്‍ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് വിക്കറ്റ് കീപ്പര്‍-ബാറ്ററെ പുറത്താക്കി പകരം ടെസ്റ്റില്‍ അസ്ഹര്‍ അലിയെയും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാബറിനെയും നായകന്‍മാരാക്കി. 2020 അവസാനത്തോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ബാബര്‍ ഏറ്റെടുത്തു, അതിനുശേഷം മികച്ച പ്രകടനമാണ് പാക് പട കാഴ്ചവെച്ചത്. തകര്‍ന്ന പാകിസ്ഥാന്‍ ടീമിനെ അദ്ദേഹം ഒത്തിണക്കി മികച്ച ടീമാക്കി മാറ്റി.