ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ബാബര്‍ അസം. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും ആദ്യ അഞ്ച് റാങ്കിങ്ങിലുള്ള അദ്ദേഹം സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്ത് വാഴുകയാണ്.
ഒരു കാലത്ത് ഇന്ത്യന്‍ ടീമിന് വിരാട് കോഹ്‌ലി എന്തായിരുന്നുവോ അതാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന് ബാബര്‍ അസം. ലെജന്‍ഡറി ക്രിക്കറ്റര്‍മാരുടെ വിരമിക്കലിന് ശേഷം തകര്‍ന്നേക്കാവുന്ന പാകിസ്ഥാന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയത് ബാബറായിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തെ മെസിയോടും റൊണാള്‍ഡോയോടും താരതമ്യപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ഷദാബ് അടുത്തിടെ നെതര്‍ലാന്‍ഡിലെ അജാക്‌സ് ഫുട്‌ബോള്‍ ക്ലബ് സന്ദര്‍ശിച്ചിരുന്നു.
ബാബറും സഹതാരങ്ങളും ക്ലബ്ബ് സന്ദര്‍ശിക്കുകയും പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരെ കാണുകയും ചെയ്തിരുന്നു. വീഡിയോയില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ എഡ്വിന്‍ വാന്‍ ഡെര്‍ സാറിന്റെ ചോദ്യത്തിന് ബാബറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഷദാബ് മറുപടി നല്‍കി, ‘അയാളാണ് ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളാണ് മെസിയും റൊണാള്‍ഡോയും. കഴിഞ്ഞ ഒരുപാട് കാലമായി കട്ടക്ക് നില്‍ക്കുന്ന പോരാട്ടമാണ് ഇരുവരുടെയും.
ബാബര്‍ അസം, ഷദാബ് ഖാന്‍, ഇമാം ഉള്‍ ഹഖ്, ഹാരിസ് റൗഫ്, അബ്ദുള്ള ഷഫീഖ്, ടീം മാനേജര്‍ മന്‍സൂര്‍ റാണ എന്നിവര്‍ യാത്രയില്‍ പങ്കെടുത്തിരുന്നു. ബാബറും സെര്‍ബിയന്‍ ഫുട്‌ബോള്‍ താരം ദുസാന്‍ ടാഡിച്ചും ജഴ്സി കൈമാറി.
നിലവില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള പരമ്പരയിലാണ് പാകിസ്ഥാന്‍ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇപ്പോള്‍ രണ്ട് മത്സരം വിജയിച്ച് പാകിസ്ഥാന്‍ മുമ്പിട്ട് നില്‍ക്കുകയാണ്.
Content Highlight: Shadab Khan says Babar is Messi and Ronaldo of Cricket