| Friday, 1st September 2023, 1:00 pm

ഒരാള്‍ക്കും ഞങ്ങളുടെ ബൗളേഴ്‌സിനെ ഇങ്ങനെ പഞ്ഞിക്കിടാന്‍ പറ്റില്ല; ടി-20 ലോകകപ്പിലെ വിരാടിന്റെ വെടിക്കെട്ട് ഓര്‍ത്തെടുത്ത് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങള്‍ പോലെ ആരാധകരുടെ മനസില്‍ എന്നും ഓര്‍ത്തുവെക്കപ്പെടുന്ന മത്സരമാണ് 2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ഓപ്പണിങ് മാച്ച്. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ വിജയത്തിലേക്ക് പറന്നടുക്കുകയായിരുന്നു. തോല്‍വിയില്‍ നിന്നുമാണ് വിരാട് ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയത്.

വിരാട് കോഹ്‌ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗെയിമായിരുന്നു അത്. 19ാം ഓവറില്‍ ഹാരിസ് റൗഫിനെതിരെ നേടിയ ആ സിക്‌സറുകള്‍ക്ക് പോലും പ്രത്യേക ഫാന്‍ബേസാണുള്ളത്.

ടി-20 ലോകകപ്പിലെ വിരാടിന്റെ ആ പ്രകടനം ഓര്‍ത്തെടുക്കുകയാണ് പാക് സൂപ്പര്‍ താരം ഷദാബ് ഖാന്‍. ഏഷ്യാ കപ്പിലെ ഇന്ത്യ – പാക് മത്സരത്തിന് മുന്നോടിയായാണ് ഷദാബ് ആ ജോ ഡ്രോപ്പിങ് മൊമെന്റ് ഓര്‍ത്തെടുത്തത്.

വിരാട് ഒരു വേള്‍ഡ് ക്ലാസ് പ്ലെയറാണെന്നും ലോകത്തിലെ മറ്റൊരു ബാറ്റര്‍ക്കും ആ നിമിഷത്തില്‍ പാക് ബൗളിങ് ലൈനപ്പിനെ അടിച്ചൊതുക്കാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഷദാബ് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷദാബ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.

‘അദ്ദേഹം ഉറപ്പായും ഒരു വേള്‍ഡ് ക്ലാസ് താരമാണ്. അദ്ദേഹത്തെ നേരിടുന്നതിന് മുമ്പ് നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. വിരാട് ഏത് തരത്തിലുള്ള ബാറ്ററാണെന്ന് പറയുകയാണെങ്കില്‍, ലോകകപ്പിലെ അവസാന മത്സരത്തില്‍ ഞങ്ങളുടെ ബൗളിങ് ലൈനപ്പിനെതിരെ പുറത്തെടുത്ത ആ ബാറ്റിങ് പ്രകടനം ലോകത്തിലെ മറ്റൊരു താരത്തിനും ആ അവസ്ഥയില്‍ നടത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.

ഏത് അവസ്ഥയിലും ഏത് സമയത്തും അദ്ദേഹത്തിന് ആ രീതിയില്‍ കളിക്കാന്‍ സാധിക്കും എന്നതാണ് അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ ഏറ്റവും വലിയ മനോഹാരിത,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷദാബ് പറഞ്ഞു.

ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷാന്‍ മസൂദിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും നാല് റണ്‍സ് വീതം നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 15 റണ്‍സും അക്‌സര്‍ പട്ടേല്‍ രണ്ട് റണ്‍സും നേടി പുറത്തായി.

53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 37 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടപ്പോള്‍ ആര്‍. അശ്വിന്റെ ക്രിക്കറ്റ് ബ്രെയ്‌നും ഇന്ത്യയുടെ വിജയത്തില്‍ അതിനിര്‍ണായകമായി. ഒടുവില്‍ 20ാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടി അശ്വിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അതേസമയം, സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത്. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയമാണ് വേദി.

Content Highlight: Shadab Khan on Virat Kohli’s batting performance in T20 World Cup

We use cookies to give you the best possible experience. Learn more