ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും പാകിസ്ഥാന്‍ ടീം പ്രഖ്യാപിക്കുക.
കഴിഞ്ഞ ദിവസം നടന്ന പി.എസ്.എല്‍ ഫൈനല്‍ മത്സരത്തില്‍ ഇസ്‌ലമാബാദ് യുണൈറ്റഡാണ് കപ്പുയര്‍ത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു യുണൈറ്റഡിന്റെ വിജയം.
വരാനിരിക്കുന്ന ലോകകപ്പില്‍ മുന്‍ പാക് സൂപ്പര്‍ താരം ഇമാദ് വസീമിനെ ദേശീയ ടീമിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് പറയുകയാണ് ഇസ്‌ലമാബാദ് യുണൈറ്റഡ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍. താന്‍ ഇക്കാര്യം ഇമാദ് വസീമിനോട് സംസാരിച്ചിട്ടുണ്ടെന്നും വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍ വസീമിന്റെ ക്രിക്കറ്റ് ശൈലിക്ക് ചേര്‍ന്നതാണെന്നും ഷദാബ് ഖാന്‍ പറഞ്ഞു.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച താരം നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നത്.
‘അദ്ദേഹം ടീമിന്റെ ഭാഗമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇമാദ് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരിക്കലും പോകരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇമാദ് വസീമിനെ പോലുള്ള താരങ്ങളെ പാകിസ്ഥാന് ആവശ്യമുണ്ട്.
ലോകകപ്പ് അടുത്തുവരുന്നതിനാല്‍ അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം നിലവില്‍ തുടരുന്ന മികച്ച ഫോമും കരിബീയന്‍ പ്രീമിയര്‍ ലീഗിലെ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പകരം വെക്കാന്‍ സാധിക്കാത്തതാണ്. പാകിസ്ഥാന് അദ്ദേഹത്തെ ആവശ്യമുണ്ട്,’ ഷദാബ് പറഞ്ഞു.
സീസണില്‍ ഇസ്‌ലമാബാദ് യുണൈറ്റഡിന്റെ കിരീട നേട്ടത്തില്‍ ഇമാദ് വസീം വളരെ വലിയ പങ്കാണ് വഹിച്ചത്. ഫൈനലില്‍ അഞ്ച് വിക്കറ്റ് നേടിയ വസീം തന്നെയാണ് മത്സരം യുണൈറ്റഡിന് അനുകൂലമാക്കിയത്.
ഫൈനലിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും ഇമാദ് വസീം അര്‍ഹനായിരുന്നു.
ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇമാദ് വസീം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിന് മുമ്പേ നടന്ന രണ്ട് എലിമിനേറ്റര്‍ മത്സരത്തിലും ഇമാദ് വസീം തന്നെയായിരുന്നു കളിയിലെ താരം.
ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരായ മത്സരത്തില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയാണ് ഇമാദ് വസീം കളിയിലെ താരമായത്. ബാബറിന്റെ പെഷവാര്‍ സാല്‍മിക്കെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വസീം ടീമിന്റെ ടോപ് സ്‌കോററുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരത്തെ തേടിയെത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനായി 55 ഏകദിനവും 66 ടി-20 മത്സരവും കളിച്ച താരമാണ് ഇമാദ് വസീം. ഏകദിനത്തില്‍ 44.47 ശരാശരിയില്‍ 44 വിക്കറ്റും ടി-20യില്‍ 21.78 ശരാശരിയില്‍ 65 വിക്കറ്റും താരം നേടിയിട്ടുണ്ട്.
Content Highlight: Shadab Khan on bringing back Imad Wasim