ഇംഗ്ലണ്ടിനോടുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവന്‍ തിരിച്ചുവന്നേക്കും; പി.സി.ബി
ലോകകപ്പ് ആവേശം പതിന്‍ മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കളിച്ച ഏഴ് മത്സരങ്ങളിലും തോല്‍വിയറിയാതെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. ആറ് വിജയങ്ങളുമായി സൗത്ത് ആഫ്രിക്ക തൊട്ടുപുറകിലുമാണ്. എന്നാല്‍ പാകിസ്ഥാന് വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടാണ് പാകിസ്ഥാന്റെ എതിരാളി. ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ പാകിസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോഡ് (പി.സി.ബി) പുതിയ റിപ്പോര്‍ട്ടുകല്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തില്‍ തലക്ക് പരിക്ക് പറ്റിയ ഷദാബ് പിന്നീടുള്ള മത്സരങ്ങളില്‍ തിരിച്ചുവന്നിട്ടില്ലായിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി വന്നത് ഉസാമ മിര്‍ ആയിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന മത്സരത്തിലേക്കുള്ള സെലക്ഷനില്‍ ഷദാബ് വരുമെന്നാണ് പി.സി.ബി പുറത്ത് വിട്ടിരിക്കുന്നത്.
”അദ്ദേഹം ഇന്നലെ കുറച്ച് സമയം പരിശീലനത്തിന് ഇറങ്ങിയിരുന്നു, അപ്പോഴും ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ചില ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവനുണ്ടാവാന്‍ സാധ്യതയുണ്ട്,” പി.സി.ബിയുടെ പ്രസ്ഥാവനയില്‍ പറഞ്ഞു.
ഷദാബ് നേരത്തെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ചില രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പൂര്‍ണമായും ഫിറ്റ്‌നസ് കൈവരിച്ചതിന് ശേഷമായിരിക്കും ഷദബ് തിരിച്ചുവരുന്നതെന്ന് ബോഡ് വ്യക്തമാക്കി.
ഷദാബിന് പകരക്കാരനായി വന്ന ഉസമാ മിര്‍ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. റാസി വാന്‍ഡര്‍ ഡസണ്‍, ഏയ്ഡണ്‍ മാര്‍ക്രം എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. എന്നാലും ഇനി ടീമില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് പാകിസ്ഥാനെ ലോകകപ്പ് സാധ്യതയിലെത്തിക്കാന്‍ പറ്റുമോ എന്ന് കണ്ടറിയണം.
Content Highlight : Shadab Khan May Return In The Match Against England