| Friday, 27th October 2023, 7:43 pm

എട്ടിന്റെയല്ല, പതിനാറിന്റെ പണി; പാകിസ്ഥാന് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി. മത്സരത്തിനിടെ ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന് പരിക്കേറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. നിര്‍ണായക മത്സരത്തില്‍ താരം ഗ്രൗണ്ടിലില്ലാത്തത് തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. പ്രോട്ടീസ് നായകന്‍ തെംബ ബാവുമ ഇഫ്തിഖര്‍ അഹമ്മദിന്റെ പന്തില്‍ സിംഗിളിന് ശ്രമിച്ചിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഷദാബ് പന്ത് കളക്ട് ചെയ്യുകയും വിക്കറ്റിന് നേരെ എറിയുകയുമായിരുന്നു.

ഇതിനിടെ താരം താഴെ വിഴുകയായിരുന്നു. തോളിടിച്ചാണ് ഷദാബ് നിലത്തുവിണത്. വീഴ്ചക്ക് പിന്നാലെ ഫിസിയോസ് താരത്തിനടുത്തേക്ക് ഓടിയെത്തി.

തോളിന് വേദനയുണ്ടായിരുന്ന ഷദാബ് കഴുത്ത് അനക്കാതെ പവലിയനിലേക്ക് നടക്കുകയായിരുന്നു.

ടേണിന് അനുകൂലമായ ചെപ്പോക്കിലെ പിച്ചില്‍ ഷദാബിന്റെ അഭാവം ടീമിന് തിരിച്ചടിയായേക്കും.

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 15 ഓവര്‍ പിന്നിടുമ്പോള്‍ 107 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 22 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ ഏയ്ഡന്‍ മര്‍ക്രവും 27 പന്തില്‍ 15 റണ്‍സുമായി റാസി വാന്‍ ഡെര്‍ ഡസനുമാണ് ക്രീസില്‍.

27 പന്തില്‍ 28 റണ്‍സ് നേടിയ തെംബ ബാവുമയും 14 പന്തില്‍ 24 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കുമാണ് പുറത്തായത്.

നേരത്തെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും സൗദ് ഷക്കീലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ 270 റണ്‍സ് നേടിയത്.

Content highlight: Shadab Khan injured during Pakistan vs South Africa match

We use cookies to give you the best possible experience. Learn more