ടി-20 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ് തങ്ങളുടെ രണ്ടാം കിരീടം എന്ന മോഹം തത്കാലത്തേക്കെങ്കിലും പാകിസ്ഥാന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 137 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസവും ഷാന്‍ മസൂദുമായിരുന്നു പാക് നിരയില്‍ പിടിച്ചുനിന്നത്. ബാബര്‍ 32ഉം ഷാന്‍ മസൂദ് 38 റണ്‍സുമെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സിന്റെയും ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
പാക് നിരയില്‍ ഷദാബ് ഖാന്‍ അടക്കമുള്ള താരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നുവെങ്കിലും ഇംഗ്ലണ്ടിന്റെ വിജയത്തെ ചെറുക്കാന്‍ അതെല്ലാം പോരാതെ വരികയായിരുന്നു.
ഷദാബ് ഖാന്‍ നാല് ഓവറില്‍ നിന്നും കേവലം 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ വിക്കറ്റായിരുന്നു ഷദാബ് സ്വന്തമാക്കിയത്.
ഫൈനലിലെ ആ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡ് സ്വന്തമാക്കാനും ഷദാബ് ഖാന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്നും പാകിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന റെക്കോഡാണ് ഷദാബ് സ്വന്തമാക്കിയത്.
നേരത്തെ പാക് സൂപ്പര്‍ താരം ഷാഹിദ് അഫ്രിദിയുടെ പേരിലുള്ള റെക്കോഡിന്റെ സ്ഥാനത്താണ് ഇപ്പോള്‍ ഷദാബ് തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നത്.
98 വിക്കറ്റാണ് അന്താരാഷ്ട്ര ടി-20യില്‍ നിന്നും ഷദാബ് സ്വന്തമാക്കിയത്. 97 വിക്കറ്റാണ് അഫ്രിദിയുടെ പേരിലുള്ളത്. ഫൈവ് സ്റ്റാര്‍ പേസര്‍ ഉമര്‍ ഗുല്ലും സൂപ്പര്‍ സ്പിന്നര്‍ സയ്യിദ് അജ്മലുമാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍.
അന്താരാഷ്ട്ര ടി-20യില്‍ പാകിസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
ഷദാബ് ഖാന്‍ – 98 വിക്കറ്റ്
ഷാഹിദ് അഫ്രിദി – 97
ഉമര്‍ ഗുല്‍ – 85
സയ്യിദ് അജ്മല്‍ – 85
ഹാരിസ് റൗഫ് – 72
Content Highlight: Shadab Khan brakes Shahid Afridi’s record of most T20 wickets for Pakistan